കെ റെയില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു, നഷ്ടപരിഹാരത്തിന് പുറമേ 4.6 ലക്ഷം, കേരളത്തെ വിഭജിക്കില്ല
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജായി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളതാണ് അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി. ഇതിനായി വാസസ്ഥലം നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ കൂടി നല്‍കുമെന്ന് പുനരധിവാസ പാക്കേജ്. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷവും, ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെടുകയോ, ഭൂമി നഷ്ടപ്പെടുകയോ ചെയ്താല്‍, അതിദരിദ്രരായ ആളുകള്‍ക്ക് അടക്കം എത്രയാകും നഷ്ടപരിഹാരമെന്നത് അടക്കമുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാവുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകളാണ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതില്‍ മൂന്നാമത്തേത് നഷ്ടപരിഹാര തുകയ്ക്ക് പുറമേ പത്ത് ലക്ഷം രൂപ എന്നതാണ്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്കും വാടകക്കാര്‍ക്കും പ്രത്യേകം തുക വിശദീകരിച്ചിട്ടുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാല്‍ എത്ര രൂപ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 25000 മുതല്‍ 50000 രൂപവരെയാണ് നഷ്ടപരിഹാരം നല്‍കുക. വാണിജ്യസ്ഥാപനങ്ങള്‍ക്ക് ഭൂമി നഷ്ടമായാല്‍ നഷ്ടപരിഹാരത്തിന് പുറമേ 50000 രൂപ കൂടി നല്‍കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. അതിരടയാളക്കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. പദ്ധതിയെ എതിര്‍ത്ത കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി പഠനത്തിന് തുടക്കമിടുകയാണ്. റെയില്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തിയാണ് പരിഷത്തിന്റെ പഠനം. ഈ റിപ്പോര്‍ട്ട് ലഘുലേയായി പൊതുജനങ്ങളിലേക്ക് എത്തിക്കും. അതേസമയം പദ്ധതി ബാധിക്കുന്ന കുടുംബാംഗങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ നിയമനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും. കച്ചവട സ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് കെ റെയില്‍ നിര്‍മിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിലെ കടമുറികളില്‍ മുന്‍ഗണന നല്‍കും.
പദ്ധതിക്കായി രണ്ട് കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കും. മൂന്ന് കൊല്ലം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. നിര്‍മാണ ഘട്ടത്തില്‍ 50000 പേര്‍ക്കും പദ്ധതി പൂര്‍ത്തിയായാല്‍ 11000 പേര്‍ക്കും തൊഴില്‍ ലഭിക്കും. പാരിസ്ഥിതി-സാമൂഹിക ആഘാതം സംബന്ധിച്ച് പഠനം നടത്താന്‍ ആദ്യം അലൈന്‍മെന്റ് നിശ്ചയിക്കണം. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കുറഞ്ഞ ആഘാതം ഉണ്ടാകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കും. ഗ്രാമങ്ങളില്‍ വിപണി വിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് ചിലര്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications