എസ്എസ്എല്‍സി പരീക്ഷാഫലം നാളെ മൂന്ന് മണിക്ക്; വിജയശതമാനം ഉയരുമോ?
കൊച്ചി: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം നടത്തുക. മെയ് 25 ന് പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിക്കും എന്ന് ശിവന്‍കുട്ടി അറിയിച്ചു.
ഈ വര്‍ഷം സംസ്ഥാനത്ത് 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ് ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതി. ഇതില്‍ 72,031 ആണ്‍കുട്ടികളും 68,672 പെണ്‍കുട്ടികളും ആണ്.

എയിഡഡ് സ്‌കൂളുകളില്‍ 251567 കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയിട്ടുണ്ട്. ഇതില്‍ 127667 ആണ്‍കുട്ടികളും 123900 പെണ്‍കുട്ടികളും ആണ്. അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 27092 കുട്ടികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്. ഇതില്‍ 14103 ആണ്‍കുട്ടികളും 12989 പെണ്‍കുട്ടികളുമാണ് ഉള്ളത് എന്നാണ് കണക്ക്. ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷക്കായി 2960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്.
ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 1170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1421 പരീക്ഷ സെന്ററുകളും ആണ് സജ്ജീകരിച്ചിരുന്നത്. അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും സജ്ജീകരിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ ഇത്തവണ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ആണ് പരീക്ഷ എഴുതിയത്.
അതേസമയം എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനു ഹാജരാകാത്ത 3006 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും എന്ന് ശിവന്‍കുട്ടി അറിയിച്ചു. ഒരു രേഖയും നല്‍കാതെ വിട്ടുനിന്ന 3006 പേര്‍ക്കാണു നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത്തവണ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത് എരുമപ്പെട്ടി ഗവ. സ്‌കൂളില്‍ ആണ്. രാമവര്‍മപുരം സ്‌കൂളിലാണ് കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എസ് എസ് എല്‍ സിക്ക് 99.33 ശതമാനമായിരുന്നു വിജയം. 190 സ്‌കൂളുകളില്‍ നൂറുമേനി വിജയമായിരുന്നു.












Click it and Unblock the Notifications