കേരളത്തില്‍ ഡ്രൈ റണ്‍ ആരംഭിച്ചു, 2 ദിവസത്തിനകം വാക്‌സിന്‍ എത്തുമെന്ന് ആരോഗ്യ മന്ത്രി!!
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ണ സജ്ജമാണോ എന്ന് വിലയിരുത്തുന്നതിനാണ് ഈ വാക്‌സിന്‍ റിഹേഴ്‌സല്‍ നടത്തുന്നത്. നാല് ജില്ലകളില്‍ ഡ്രൈ റണ്‍ ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യ മന്ത്രി കെകെ ശൈലജയും ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നുണ്ട്. പേരൂര്‍ക്കടയിലെ ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തിലാണ് ആരോഗ്യ മന്ത്രി ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ ഒമ്പതിനാണ് ഡ്രൈ റണ്‍ തുടങ്ങിയത്.
വാക്‌സിന്‍ ലഭിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര്‍ വീതം ഓരോ കേന്ദ്രത്തിലും ഡ്രൈ റണ്ണില്‍ പങ്കെടുക്കും. ഇതുവരെ മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതമാണെന്നും, വിതരണത്തിന് സംസ്ഥാനം സജ്ജമാണെന്നും ശൈലജ പറഞ്ഞു. അതേസമയം വാക്‌സിന്‍ വിതരണത്തില്‍ കേരളത്തിന് മുന്‍ഗണന ആവശ്യമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
രോഗവ്യാപനത്തിന്റെ അതിതീവ്ര ഘട്ടം എത്തുന്നത് പരമാവധി വൈകിച്ച സംസ്ഥാനമാണ് കേരളം. ഇവിടെ ആദ്യ ഘട്ടത്തില്‍ വളരെ നിയന്ത്രിതമായ രീതിയാണ് രോഗം പടര്‍ന്നത്. പല സംസ്ഥാനങ്ങളിലും അതിവേഗം പടരുന്ന സ്ഥിതിയുണ്ടായി. രോഗവ്യാപനം തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞ സ്ഥലമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ വാക്‌സിന്‍ കേരളത്തില്‍ വിപുലമായി എത്തിച്ച് വിതരണം ചെയ്യുന്നത് രോഗവ്യാപനം തടയുന്നതിന് ഗുണം ചെയ്യുമെന്നും കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ ആറ് ആശുപത്രികളായിട്ടാണ് ഇപ്പോള്‍ ഡ്രൈ റണ്‍ നടക്കുന്നത്.
ജില്ലാ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ പേര് ശേഖരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ ശീതികരണ സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാണ്. വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കേരളത്തില്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞാല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്ളത് വൃദ്ധരാണ്. കേരളത്തിലെ വൃദ്ധരില്‍ ഒരു വലിയ വിഭാഗത്തെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യാന്‍ ഏതാണ്ട് 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ വേണ്ടി വരും. അത് കൊണ്ട് മരണനിരക്ക് വളരെ കുറയ്ക്കാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.