രേഖയിലേത് മറ്റൊരു നടിക്ക് വെച്ച വേഷമെന്ന് വിന്‍സി: മമ്മൂട്ടിക്ക് ആറാം തവണ, ആദ്യം അടിയൊഴുക്കുകളിലൂടെ
തിരുവനന്തപുരം: രേഖയിലെ അഭിനയത്തിന് എന്തെങ്കിലും രീതിയിലുള്ള പുരസ്കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് നടി വിന്‍സി സേവ്യർ. ഒരോ അവാർഡ് പ്രഖ്യാപിക്കുമ്പോഴും എവിടെയെങ്കിലും ഒരു സ്പെഷ്യല്‍ ജ്യൂറി പുരസ്കാരമെങ്കിലും ആഗ്രഹിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മികച്ച നടിക്കുള്ള പുരസ്കാരം തന്നെ നേടിയതില്‍ വലിയ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത പുരസ്കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതിന് പിന്നാലെ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വിന്‍സി.
ചെറുപ്പം മുതല്‍ തന്നെ അഭിനയക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി ശ്രമിച്ചു, ചെറിയ ചെറിയ അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. ഇപ്പോള്‍ അത് രേഖ വരെയെത്തി. അഭിനയത്തിന് ഏതെങ്കിലും തരത്തില്‍ ലഭിക്കുന്ന ആദ്യ പുരസ്താരമാണ് ഇത്. അത് സംസ്ഥാന സർക്കാറിന്റെ പുരസ്കാരമായതിനാല്‍ തന്നെ അതിയായ സന്തോഷമുണ്ട്.

സത്യം പറഞ്ഞാല്‍ രേഖയിലെ കഥാപാത്രം വേറൊരു നടിക്ക് വേണ്ടി വെച്ചതായിരുന്നു. അവിചാരിതമായിട്ടാണ് ആ വേഷം എന്റ കയ്യിലേക്ക് എത്തുന്നത്. കണ്‍മുന്നില്‍ സിനിമ മാത്രമാണ് ഉള്ളത്. മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന പടം ചെയ്ത് കഴിഞ്ഞു. അതിന് ശേഷം ഇനി പടങ്ങള്‍ ഒന്നും കയ്യിലില്ല. ഇനി പടങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം. അഭിനയത്തിന്റെ ഒരു വകയും അറിയാത്ത സമയത്താണ് അബു വളയംകുളം എന്ന് പറയുന്ന ഒരാള്‍ എന്നെ മോണോ ആക്ടിന് വേണ്ടി സെലക്ട് ചെയ്യുന്നത്.
അതിലൂടെ പുള്ളി തന്ന ഒരു ഊർജ്ജമാണ് അഭിനയ ജീവിതത്തില്‍ കരുത്തായത്. പുള്ളിയും ഇപ്പോള്‍ സിനിമ മേഖലയില്‍ തന്നെയാണ്. സുഡാനി ഫ്രം നൈജീരിയ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിങ് ഡയറക്ടറായിരുന്നു അദ്ദേഹം. ജൂറിയിലുണ്ടായിരുന്നവർക്കും ഈ സിനിമയിലേക്ക് എനിക്ക് അവസരം തന്നവർക്കും മറ്റെല്ലാവർക്കും നന്ദി പറയുന്നുവെന്നും വിന്‍സി പറഞ്ഞു.
മികച്ച നടനുള്ള അവാർഡിനായി ശക്തമായ മത്സരാമായിരുന്നു നടന്നത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അലന്‍സിയറും തമ്മിലായിരുന്നു മത്സരം. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടുമൊരിക്കല്‍ കൂടി മികച്ച നടന്നുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോള്‍ കുഞ്ചാക്കോ ബോബനും (ന്നാ താന്‍ കേസ് കൊട്), അലന്‍സിയർക്കും (അപ്പന്‍) പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

ഇത് ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരുന്നത്. 1984 ല്‍ പുറത്തിറങ്ങിയ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിക്കുന്നത്. നിറക്കൂട്ട് (1985), ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയന്‍, പൊന്തന്‍ മാട, വാത്സല്യം ( 1993), കാഴ്ച (2004), പാലേരി മാണിക്യം (2009) തുടങ്ങിയ ചിത്രങ്ങളിലൂടേയും മമ്മൂട്ടി പുരസ്കാരം സ്വന്തമാക്കി.
അഹിംസം എന്ന ചിത്രത്തിലൂടെ 1981 ലാണ് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. മമ്മൂട്ടിക്ക് ലഭിക്കുന്ന ആദ്യ സംസ്ഥാന സർക്കാർ പുരസ്കാരവും ഇതാണ്.1985 ല്‍ പുറത്തിറങ്ങിയ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും മമ്മൂട്ടിക്ക് ലഭിച്ചു. അതേസമയം മൂന്ന് ദേശീയ അവാർഡുകളും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
1989 ല്‍ പുറത്തിറങ്ങിയ മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാറിന് ആദ്യമായി ദേശീയ പുരസ്കാരം ലഭിക്കുന്നത്. 1993 ല്‍ പൊന്തന്മാട, വിധേയന്‍, 1998 ല്‍ ഡോ. ബാബസാഹേബ് അംബേദ്കർ എന്നീ ചിത്രങ്ങളിലൂടെയും മമ്മൂട്ടി ദേശീയ തലത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി മമ്മൂട്ടിയെ തേടി ദേശീയ പുരസ്കാരം ലഭിക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റു നോക്കുന്നത്.












Click it and Unblock the Notifications