കേരള സ്റ്റോറി: സിനിമ കേരളത്തില്‍ നിരോധിക്കേണ്ട ആവശ്യമില്ല, നിലപാട് വ്യക്തമാക്കി തരൂര്‍
തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറി കേരളത്തില്‍ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. ചിത്രം നിരോധിക്കണം എന്നതല്ല തന്റെ ആവശ്യം. സിനിമ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളിക്കുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ഉള്ളടക്കം ദുരുപയോഗിക്കപ്പെടുമെന്നത് കൊണ്ട് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് കേരള സ്റ്റോറി നിരോധിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായ നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടത്.

ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്.
മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം.
മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, കേരള സ്‌റ്റോറിക്കെതിരെ ഭരണ പക്ഷത്തില്‍ നിന്നും സി പി എമ്മില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിര്‍മ്മിച്ചത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്നതാണ് 'കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാര്‍ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവല്‍ക്കരണത്തേയും കാണാന്‍.
അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷന്‍ റെഡ്ഢി പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്.
എന്നിട്ടും സിനിമയില്‍ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications