മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, ആറിടത്ത് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലാണ് ഇന്ന് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 24 മണിക്കൂറില്‍ 115.6 എം എം മുതല്‍ 204.4 എം എം വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതസമയം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഇവിടെ ശക്തമായ മഴക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴക്കാണ് സാധ്യത ഉള്ളത്. ഇത് കണക്കിലെടുത്ത് റെഡ് അലര്‍ട്ട് ആണ് ഈ ജില്ലകളില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്രമഴ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശേഷിപ്പിക്കുന്നത്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 25-ാം തിയതി വരെ മീന്‍പിടിത്തം വിലക്കിയിട്ടുണ്ട്. അതേസമയം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വയും ബുധനും തീവ്രമഴ തുടരാനാണ് സാധ്യത. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകും.
ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിക്കും. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടേക്കും. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം എന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.
ഇതിന്റെ സ്വാധീന ഫലമായി തെക്ക് - പടിഞ്ഞാറന്‍ കാറ്റ് സജീവമാകുന്നുണ്ട്. ഇതാണ് മഴക്ക് കാരണം. കര്‍ണാടക തീരം മുതല്‍ കേരളാ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനഫലമായും മഴ പെയ്യുന്നുണ്ട്. അതേസമയം കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങള്‍ ( ബോട്ട്, വള്ളം, മുതലായവ ) ഹാര്‍ബറില്‍ സുരക്ഷിത അകലം പാലിച്ച് കെട്ടിയിട്ട് സൂക്ഷിക്കണം. ഇത് ഇവ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.












Click it and Unblock the Notifications