വാക്സിന് വേണ്ടി കേന്ദ്രത്തെ മാത്രം കാത്ത് നിൽക്കില്ല, വാക്സിൻ വാങ്ങാനുളള നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രത്തെ മാത്രം വാക്‌സിന് വേണ്ടി കാത്ത് നില്‍ക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വാങ്ങാനുളള നടപടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് കിട്ടാന്‍ മാത്രം കാത്ത് നില്‍ക്കില്ല.
കേന്ദ്ര സര്‍ക്കാരിന്റെ നേരത്തെയുളള വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വാങ്ങുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ വാക്‌സിന്‍ കമ്പനികളുമായി ചര്‍ച്ച നടത്തും. അതിന് ശേഷം വാക്‌സിന് ഓര്‍ഡര്‍ നല്‍കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്‌സിന്റെ ലഭ്യത അനുസരിച്ച് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജ്ജീകരിക്കും. മെയ് 1 മുതല്‍ സംസ്ഥാനത്തെ 18 മുതല്‍ 45 വയസ്സ് വരെ പ്രായമുളളവര്‍ക്ക് വാക്‌സിന്‍ കൊടുക്കും. കേരളത്തില്‍ ഈ പ്രായപരിധിയില്‍പ്പെട്ട 1. 65 കോടി ആളുകളാണ് ഉളളത്. അതുകൊണ്ട് തന്നെ വാക്‌സിനേഷന്‍ നടത്തുന്നതില്‍ ക്രമീകരണം ആവശ്യമുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുളളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
വാക്‌സിനേഷന്‍ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാക്‌സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്‌സിനേഷൻ സെഷനുകൾ ക്രമീകരിക്കും. വാക്‌സിനുകൾ രോഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാൻ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്‌സിനെടുത്ത ഒരാൾക്ക് കോവിഡ് പിടിപെട്ടാൽ, വാക്‌സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കും. ഇന്ത്യയിൽ ഇതുവരെ നടന്ന കോവിഡ് വാക്‌സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ 10,000ൽ 4 പേർക്ക് എന്ന നിരക്കിൽ മാത്രമാണ് ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ ഉണ്ടായതായി കണ്ടെത്തിയത്.
കോവിഡിനൊപ്പം ആശുപത്രികളിൽ മറ്റു ചികിത്‌സകളും നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. ജില്ലാ കളക്ടർമാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക്ക് ഫോഴ്‌സ് സംവിധാനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications