
'ഒരിടത്ത് തലപ്പത്ത് പുരുഷന്‍..'; സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി പേരിന് മാത്രമായെന്ന് സതീദേവി
കോഴിക്കോട്: സംസ്ഥാനത്തെ പല സിനിമ നിര്‍മാണ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി ( ഐ സി സി ) ഇല്ല എന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പലയിടങ്ങളിലും ഐ സി സി പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നും പി സതീദേവി കുറ്റപ്പെടുത്തി. ശരിയായ രീതിയില്‍ ഐ സി സി രൂപീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സിനിമ നിര്‍മാണത്തിന് അനുമതി നല്‍കാനാവൂ എന്നും വനിത കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
കേരള ഹൈക്കോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടും പല സിനിമ നിര്‍മ്മാണ യൂണിറ്റുകളിലും ഐ സി സി ഇല്ല. ഇത് ഗൗരവതരമായ കാര്യമാണ് എന്ന് പി സതീദേവി ചൂണ്ടിക്കാട്ടി. ഒരു സിനിമ ലൊക്കേഷനില്‍ വനിതാ കമ്മീഷന്‍ പരിശോധന നടത്തിയപ്പോള്‍ ഐ സി സിയുടെ തലപ്പത്ത് ഒരു പുരുഷനെ ആണ് നിയമിച്ചിരുന്നത് എന്നും പി സതീദേവി വ്യക്തമാക്കി. ഇത് അംഗീകരിക്കാനാവില്ല എന്നും അവര്‍ പറഞ്ഞു.

സാംസ്‌കാരിക പ്രബുദ്ധമായ കേരളത്തില്‍ പോലും നിലവിലുള്ള സ്ത്രീ സുരക്ഷ നിയമം ഉറപ്പാക്കുന്ന സാഹചര്യമില്ല. ഇത് ഏറെ ഗൗരവമുള്ള കാര്യമാണ് എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ സിനിമാ രംഗത്ത് ആഭ്യന്തര പരാതി പരിഹാരസമിതി രൂപവത്കരിച്ചത്. സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിച്ചത്.

ലൊക്കേഷനുകളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട മാര്‍ഗരേഖയും പ്രവര്‍ത്തനവുമെല്ലാം ഈ സമിതി ആണ് നിരീക്ഷിക്കുക. മലയാള സിനിമയിലെ വിവിധ സംഘടനകളില്‍ നിന്നായി 27 പേര്‍ ആണ് സമിതിയിലുള്ളത്. അമ്മ, ഫിലിം ചേംബര്‍, ഫെഫ്ക, മാക്ട, ഡബ്ല്യു സി സി, ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ തുടങ്ങിയ ഒമ്പതു സംഘടനകളിലെ പ്രതിനിധികളാണ് ആഭ്യന്തര പരാതി പരിഹാര സെല്ലിലുള്ളത്.

ഫിലിം ചേംബര്‍ പ്രസിഡന്റ് ആണ് അധ്യക്ഷന്‍. ആഭ്യന്തര പരാതി പരിഹാര സമിതി ഉപദേശക സമിതിയില്‍ രണ്ട് അഭിഭാഷകരുമുണ്ട്. അമ്മയില്‍ നിന്ന് ദേവി ചന്ദന, ബാബുരാജ്, സുരേഷ് കൃഷ്ണ, ഡബ്ല്യു സി സിയില്‍ നിന്ന് സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത്, ഫിലിം ചേംബറില്‍ നിന്ന് പ്രസിഡന്റ് ജി സുരേഷ് കുമാര്‍, ബി ആര്‍ ജേക്കബ്, വി സി അപ്പച്ചന്‍ എന്നിവരാണ് ആഭ്യന്തര പരാതി പരിഹാര സമിതിയിലെ പ്രതിനിധികള്‍.

ഡബ്ല്യു സി സി ഹൈക്കോടതിയില്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.

അതേസമയം തൊഴിലിടങ്ങളിലെ പീഡന പരാതികള്‍ കൂടുതലായി എത്തുന്നു എന്ന് വനിതാ കമീഷന്‍ അംഗം ഇന്ദിരാ രവീന്ദ്രന്‍ രണ്ടാഴ്ച മുന്‍പ് പറഞ്ഞിരുന്നു. എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണം എന്നും വനിത കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. കേസുകള്‍ തൊഴിലിടങ്ങളില്‍ തന്നെ പരിഹരിക്കാന്‍ മുന്‍കൈ എടുക്കണം എന്നും വനിതാ കമീഷന്‍ അംഗം ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞിരുന്നു.