ഭാരത് അരിയെ മലർത്തിയടിക്കാൻ കേരളത്തിന്റെ ബദൽ; കുറഞ്ഞ വിലയ്ക്ക് 'ശബരി' അരി എത്തിക്കാൻ നീക്കം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് ബദലായുമായി സംസ്ഥാന സർക്കാർ. ഭാരത് അരിയുടെ വിതരണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ വൻ നീക്കം. കുറഞ്ഞ വിലക്ക് ശബരി എന്ന പേരിൽ കേരളത്തിന്റെ സ്വന്തം അരി വിപണിയിൽ എത്തിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ അരി എത്തിച്ച് സ്വന്തം ബ്രാൻഡിന്റെ പേരിൽ വിതരണം ചെയ്യാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. ഇത് പരിശോധിക്കാന്‍ സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് തന്നെ അരി സംഭരിക്കുന്നതും പരിഗണനയിലുണ്ട്.

മലയാളികള്‍ പൊതുവായി ഉപയോഗിക്കുന്ന അരിയാകും വിതരണം ചെയ്യുക. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള മല്‍സരമല്ലെന്നാണ് മന്ത്രി ജിആര്‍ അനില്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് വിപണിയിൽ എത്തിക്കാനാവും സംസ്ഥാന സർക്കാരിന്റെ ശ്രമം. ഭാരത് അരി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത് വൈകിക്കാൻ ഇടയില്ല എന്നാണ് വിലയിരുത്തൽ.
അതേസമയം, കേന്ദ്ര സർക്കാർ 29 രൂപയ്ക്ക് വിറ്റഴിക്കുന്ന ഭാരത് അരി വിതരണക്കാരായ നാഫെഡിന് ലഭിക്കുന്നത് പതിനെട്ടര രൂപയ്ക്കാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിലയ്ക്ക് സംസ്ഥാനത്തിന് അരി ലഭ്യമാക്കിയിരുന്നെങ്കിൽ 22 രൂപ നിരക്കിൽ വിതരണം ചെയ്യുമായിരുന്നുവെന്നാണ് ഭക്ഷ്യമന്ത്രി ജിആർ അനിൽ ഇതിനോട് പ്രതികരിച്ചത്.
29 രൂപയ്ക്ക് ഭാരത് അരി എന്ന പ്രഖ്യാപനം ഉണ്ടാക്കിയ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായി ഭാരത് അരി മാറുകയാണ്. എന്നാൽ ഇതിനിടെയാണ് വിലയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയരുന്നത്. 24 രൂപ കിലോയ്ക്ക് നിശ്ചയിച്ചിട്ടുള്ള അരിക്ക് സബ്‌സിഡിയായി നൽകുന്ന 5 രൂപ 41 പൈസ കൂടി കുറച്ചാണ് നാഫെഡ് ഉൾപ്പെടെയുള്ള വിതരണ ഏജൻസികൾക്ക് ലഭ്യമാക്കുന്നത്.
നാഫെഡിനും എൻസിസിഎഫിനും കേന്ദ്രീയ ഭണ്ഡാറിനും ഭാരത് അരി കിലോയ്ക്ക് 18 രൂപ 59 പൈസ നിരക്കിൽ ലഭ്യമാക്കുന്നുവെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. ഈ അരിയാണ് 29 രൂപ നിരക്കിൽ ജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. ഇതേ അരി മുൻപ് സപ്ളൈക്കോയ്ക്ക് 29 രൂപ നിരക്കിൽ ലഭിച്ചിരുന്നപ്പോൾ വിതരണം ചെയ്‌തത് 23 രൂപക്കായിരുന്നു. ഇതാണ് കേന്ദ്രത്തിനെതിരെ സംസ്ഥാനം ആയുധമാക്കുന്നത്.
ഭാരത് അരിയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് സപ്ളൈക്കോയിൽ സബ്‌സിഡി അരി ലഭിക്കുന്നതെന്നും സംസ്ഥാനം ഉയർത്തികാട്ടുന്നുണ്ട്. എന്നാൽ സപ്ലൈക്കോയിൽ ആവട്ടെ വിതരണത്തിന് ആവശ്യമായ അത്രയും അരി ഇല്ലെന്നതും യാഥാർഥ്യമാണ്.












Click it and Unblock the Notifications