കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് ആശ്വാസം; തുടര്‍ സമന്‍സുകള്‍ തടഞ്ഞ് ഹൈക്കോടതി
കൊച്ചി: കിഫ്ബി മസാല ബോണ്ടിലൂടെ ധന സമാഹരണം നടത്തിയതിൽ ഫെമ നിയമ ലംഘനം ഉണ്ടെന്ന കേസിൽ മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടർ സമൻസുകൾ അയയ്ക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസിൽ റിസർവ് ബാങ്കിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമ വിധി പുറപ്പെടുവിക്കും എന്നാണ് ഇപ്പോൾ ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് വ്യക്തമാക്കിയത്.
കേസിൽ ഇഡിക്ക് അന്വേഷണം തുടരാം എന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഹർജിക്കാർക്കു തുടർച്ചയായി സമൻസുകൾ അയയ്ക്കുന്നതു ന്യായീകരിക്കാൻ ആവില്ലെന്നും വ്യക്തമാക്കി. ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നതിൽ ആർബിഐ അഭിപ്രായം പറയേണ്ടതുണ്ട്. കേസിൽ ആർബിഐക്കു നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. നവംബർ 15ന് കേസ് വീണ്ടും പരിഗണിക്കും.

മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി, താൻ ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല എന്നാണു ഹർജിയിൽ ഐസക്കിന്റെ പറഞ്ഞത്. ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമില്ലെന്നും റിസർവ് ബാങ്ക് ആണ് അന്വേഷിക്കേണ്ടത് എന്നും തോമസ് ഐസക് കോടതിയെ അറിയിച്ചിരുന്നു. നേരത്തെ നൽകിയ വ്യക്തിഗത വിവരങ്ങൾ ആണ് ഇഡി ആവർത്തിച്ച് ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ തോമസ് ഐസക് പറയുന്നു.
എന്നാൽ ഇഡി അന്വേഷണത്തിനെതിരായ ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ അപക്വമാണെന്നും, ഇ ഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ല എന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്.അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ആണ് ഐസക് ശ്രമിക്കുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു
ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരം ഉണ്ടെന്നും ഐസക് കുറ്റക്കാരനാണോ അല്ലയോ എന്ന് പ്രാഥമിക ഘട്ടത്തിൽ പറയാൻ ആകില്ല എന്നുമാണ് ഇഡി പറയുന്നത്. കിഫ്ബി മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതികളുടെയും സിഎജി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് അന്വേഷണം എന്നാ് ഇ ഡി പറഞ്ഞു. കിഫ്‌ബി വിദേശ പണം സ്വീകരിച്ച സംഭവത്തിൽ 2021 മാർച്ചിൽ ആണ് കിഫ്ബി സി ഇ ഓ അടക്കമുള്ളവർക്ക് എതിരെ ഇ ഡി അന്വേഷണം തുടങ്ങിയത്.












Click it and Unblock the Notifications