രക്ഷാപ്രവർത്തനത്തിനിടെ ദാരുണാന്ത്യം: ഫയർമാന്‍ രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യും
തിരുവനന്തപുരം: തീ അണയ്ക്കുന്നതിനിടേയുണ്ടായ അപകടത്തില്‍ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. ഇന്ന് പുലർച്ചെ തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിംഗ് സമയത്ത് തന്നെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം രഞ്ജിത്ത് നല്‍കിയിരുന്നു.
മരണ സമയത്ത് കുടുംബാംഗങ്ങള്‍ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് നടപടികള്‍ക്കായി തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നിന്നുള്ള സംഘം രഞ്ജിത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കിംസ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അതേസമയം, ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരണപ്പെട്ടതുകൊണ്ട് രഞ്ജിത്തിന്‍റെ മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഏറെ നേരം പണിപ്പെട്ടായിരുന്നു രഞ്ജിത്തിനെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ രഞ്ജിത്തിനെ ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് ആറ് വർഷങ്ങള്‍ക്ക് മുമ്പാണ് ഫയർ ഫോഴ്സ് ജോലിയില്‍ പ്രവേശിക്കുന്നത്. ചാക്ക യൂണിറ്റിന്റെ ഭാഗമായിട്ടായിരുന്നു രഞ്ജിത് തുമ്പയിലെ തീപിടുത്ത മേഖലയിലേക്ക് എത്തിയത്. രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലായിരുന്നു തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ച കെട്ടിടത്തില്‍ പുലർച്ചെ 1.30 ഓടെ വലിയ പൊട്ടിത്തെറിയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. അപകട സമയത്ത് നൈറ്റ് സെക്യുരിറ്റി ജീവനക്കാർ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നുള്ളു.
അതേസമയം, രഞ്ജിത്തിനെ അനുസ്മരിച്ചുകൊണ്ട് മന്ത്രിമാർ ഉള്‍പ്പടേയുള്ളവർ രംഗത്ത് വന്നു. 'തുമ്പ കിൻഫ്ര പാർക്കിൽ തീ അണക്കുന്നതിനിടെ ഫയർമാൻ ജെ എസ് രഞ്ജിത്തിനുണ്ടായ അപകട മരണം വേദനാജനകമാണ്. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഇന്ന് പുലർച്ചയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് തിരുവനന്തപുരം ചാക്ക ഫയർഫോഴ്സ് യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.' - മന്ത്രി വി എന്‍ വാസവന്‍ രഞ്ജിത്തിനെ അനുസ്മരിച്ചു.












Click it and Unblock the Notifications