കെകെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിയേയും പ്രതി ചേര്‍ക്കണമെന്ന് കോടതി
ആലപ്പുഴ: കണിച്ചുകുളങ്ങര എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കണം എന്ന് ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. കെ കെ മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
വെള്ളാപ്പള്ളി നടേശനെ കൂടാതെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, മാനേജര്‍ കെ എല്‍ അശോകന്‍ എന്നിവരെ പ്രതിയാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും അടക്കമുള്ളവര്‍ക്ക് എതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കെ കെ മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ മൂന്ന് പേരേയും പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു.

നേരത്തെ കേസില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരുടെ മൊഴി എടുത്തിരുന്നു. 2020 ജൂണ്‍ 24 നാണ് എസ് എന്‍ ഡി പി യൂണിയന്‍ ഓഫീസില്‍ കെ കെ മഹേശനെ (54) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. എസ് എന്‍ ഡി പി ഓഫീസിന്റെ ചുമരില്‍ ഒട്ടിച്ച് വെച്ച നിലയില്‍ കെ കെ മഹേശന്റെ ആത്മഹത്യാ കുറിപ്പുകളും കണ്ടെടുത്തിരുന്നു.

വെള്ളാപ്പള്ളി നടേശനും ക്രൈംബ്രാഞ്ച് മേധാവിക്കും സി ഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ശേഷമായിരുന്നു കെ കെ മഹേഷന്‍ ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണം എന്ന് ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിക്കുകയായിരുന്നു.

മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കെ കെ മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായത് എന്നായിരുന്നു എസ് എന്‍ ഡി പിക്ക് ഉള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം. മൈക്രോ ഫിനാന്‍സ് കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഹാജരായതിന്റെ പിറ്റേ ദിവസമാണ് കെ കെ മഹേഷന്‍ ആത്മഹത്യ ചെയ്യുന്നത്. അതേസമയം കെ കെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്.

അതേസമയം കേസില്‍ തന്റെ പേര് വലിച്ചിഴക്കുന്നതിന് പിന്നില്‍ സുഭാഷ് വാസുവടക്കമുള്ള എസ് എന്‍ ഡി പിയുടെ ശത്രുക്കളാണ് എന്നാണ് വെള്ളാപ്പള്ളി വാദിക്കുന്നത്. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്.












Click it and Unblock the Notifications