പാദസേവകർ ക്രീസിലിറങ്ങുമ്പോൾ; സച്ചിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെകെ രാഗേഷ് എംപി
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്ന പോപ്പ് ഗായിക റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് തുടങ്ങിയവരെ 'ഇത് ഞങ്ങളുടെ ആഭ്യന്തരകാര്യം, നിങ്ങള്‍ ഇടപെടേണ്ടതില്ല' എന്ന് പറഞ്ഞായിരുന്നു ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടേയുള്ളവര്‍ പ്രതിരോധിച്ചത്. വിഷയത്തില്‍ ഇടപെടുന്ന അന്താരാഷ്ട്ര തലത്തിലെ പ്രമുഖരെ കേന്ദ്രത്തിന് അനുകൂലമായി സെലിബ്രിറ്റികളെ നിരത്തി പ്രതിരോധിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.
വിഷയത്തില്‍ കേന്ദ്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടേയുള്ള സെലിബ്രറ്റികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഎം എംപിയും കര്‍ഷക സമരത്തില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന കെകെ രാഗേഷ് എംപി നടത്തുന്നത്. വൃദ്ധരായ കർഷകരെപ്പോലും അതിക്രൂരമായി നേരിട്ടു. വലിയകിടങ്ങുകളും മുള്ളുവേലികളും ബാരിക്കേഡുകളും ഇരുമ്പാണികളും കൊണ്ട് ശത്രുസൈന്യത്തെയെന്നപോലെയാണ് കർഷകസമരത്തെ ഭരണകൂടം നേരിടുന്നത്. അപ്പോഴൊന്നും സെലിബ്രിറ്റികൾക്ക് നാവനങ്ങിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. കെകെ രാഗേഷിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പാദസേവകർ ക്രീസിലിറങ്ങുമ്പോൾ
രണ്ടരമാസത്തോളമായി ഇന്ത്യയിലെ കർഷകർ ഭരണകൂടത്തിന്റെ കോർപ്പറേറ്റ് അനുകൂല നിയമങ്ങൾക്കെതിരെ തെരുവിൽ സമരത്തിലാണ്. തികച്ചും സമാധാനപൂർണ്ണമായ പ്രതിഷേധം. ഇരുന്നൂറിലധികം പേർ സമരമുഖത്ത് മരിച്ചുവീണു. നിരവധി പേരുടെ ആത്മാഹുതികൾ സമരത്തെ ആളിക്കത്തിച്ചു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഒരു തരിമ്പുപോലും പുറകോട്ടില്ലാതെ തലങ്ങും വിലങ്ങും സമരത്തെ അടിച്ചമർത്തുകയായിരുന്നു. വൃദ്ധരായ കർഷകരെപ്പോലും അതിക്രൂരമായി നേരിട്ടു. വലിയകിടങ്ങുകളും മുള്ളുവേലികളും ബാരിക്കേഡുകളും ഇരുമ്പാണികളും കൊണ്ട് ശത്രുസൈന്യത്തെയെന്നപോലെയാണ് കർഷകസമരത്തെ ഭരണകൂടം നേരിടുന്നത്.
അപ്പോഴൊന്നും സെലിബ്രിറ്റികൾക്ക് നാവനങ്ങിയില്ല. നട്ടെല്ല് നിവർന്നില്ല. ഒടുവിൽ സമാനതകളില്ലാത്ത അടിച്ചമർത്തലുകൾ ലോകത്തിന് മുന്നിൽ വാർത്തയായപ്പോൾ, ജനാധിപത്യത്തിൽ പ്രതീക്ഷയുള്ള, വിശ്വമാനവികതയിൽ വിശ്വാസമർപ്പിച്ച കലാകാരന്മാരും ചിന്തകരും ലോകമെങ്ങും പ്രതിഷേധസ്വരമുയർത്താൻ തുടങ്ങിയപ്പോൾ 'രാജ്യസ്‌നേഹം' അടക്കിനിർത്താനാവാതെ ചില 'ദൈവങ്ങൾ' പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നു.
കൂടുതൽ പേർ ആ വഴിക്ക് ഇനിയും വരുമെന്ന് തന്നെ വിശ്വസിക്കുന്നു. 'ഗോദിമീഡിയ'യെ എങ്ങിനെയാണോ സമരത്തിലുള്ള കർഷകർ അവഗണിക്കുന്നത്, അതുപോലെ തന്നെ ഇത്തരം ജല്പനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം, ഈ സമരം സിംഹാസനങ്ങൾ കീഴടക്കാനുള്ളതല്ല, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രമാണ്.












Click it and Unblock the Notifications