കോണ്‍ഗ്രസിനെ തല്ലിയും തലോടിയും മാണി....സിപിഎം ബന്ധം,പറയാനുള്ളത് ഇതാണ്!!

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തിലേക്ക് ചേക്കേറാന്‍ പോവുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി കെഎം മാണി രംഗത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം ഭരണം പിടിച്ചെടുത്തിരുന്നു. ഇത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. മാണി വഞ്ചിച്ചുവെന്നാണ് കോണ്‍ഗ്രസ് ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇവയ്‌ക്കെല്ലാം വിശദീകരണവുമായാണ് മാണി കാര്യങ്ങള്‍ വിശദമാക്കിയത്.

കോട്ടയത്തെ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് മാണി പറഞ്ഞു. പ്രശ്‌നം വഷളാക്കുന്നത് മാധ്യമങ്ങളാണ്. പി ജെ ജോസഫും താനും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കും. സിപിഎമ്മുമായി കോണ്‍ഗ്രസും മുമ്പ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും മാണി ചൂണ്ടിക്കാട്ടി.

കൂട്ടുകെട്ട് സംഭവിച്ചത്

സിപിഎമ്മുമായി കേരള കോണ്‍ഗ്രസ് എം അടുക്കുന്നുവെന്ന തരത്തില്‍ മാധ്യങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണ്. പ്രാദേശികമായി മാത്രമുണ്ടാക്കിയ ചെറിയൊരു കൂട്ടുകെട്ടായിരുന്നു ഇത്. ചില സാഹചര്യങ്ങളില്‍ എല്ലാ പാര്‍ട്ടികളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടായിട്ടുണ്ടെന്നും മാണി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസും സഹകരിച്ചു

തനിക്കെതിരേ ശക്തമായി രംഗത്തുവന്ന കോണ്‍ഗ്രസും മുമ്പ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചിട്ടില്ലേയെന്നു മാണി ചോദിച്ചു. 1980ല്‍ ഇടതുപക്ഷത്തിന്റെ സഹായത്തോടെ കോണ്‍ഗ്രസ് കേരളം ഭരിച്ചിട്ടുണ്ടെന്നും മാണി സൂചിപ്പിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ഇപ്പോഴൊന്നു തൊട്ടു പോയി എന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസ് ഇതു വലിയൊരു സംഭവമായി ചൂണ്ടിക്കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 കോണ്‍ഗ്രസുമായി കരാറില്ല

കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസ് എം കരാറൊന്നും വച്ചിട്ടില്ല. ഞങ്ങളിപ്പോള്‍ യുഡിഎഫിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്കു കഴിയും. അതേക്കുറിച്ച് യുഡിഎഫുമായി ആലോചിക്കേണ്ട കാര്യമില്ലെന്നും മാണി വിശദീകരിച്ചു.

കോട്ടയം ഡിസിസി വിലയ്ക്കുവാങ്ങിയത്

ഈ സാഹചര്യം കോട്ടയം ഡിസിസി വിലയ്ക്കു വാങ്ങിയതാണ്. ഞങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചവരാണ്. എന്റെ നിലപാട് അതു തന്നെയായിരുന്നു. പക്ഷെ അതിനു ഭംഗം വരുത്തിയത് കോട്ടയം ഡിസിസിയുടെ അധിക്ഷേപകരമായ പ്രസ്താവനകളാണെന്നും മാണി പറഞ്ഞു.

യുഡിഎഫില്‍ തുടരുമോ

യുഡിഎഫില്‍ തുടരുമോയെന്ന ചോദ്യത്തിന് അത് പാര്‍ട്ടിയുടെ നയപരമായ തീരുമാനമാണെന്നും ഇവിടെ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍ഭാഗ്യകരം

പിജെ ജോസഫ് പറഞ്ഞു പോലെ കോട്ടയം സംഭവം നിര്‍ഭാഗ്യകരമെന്നു മാത്രമേ താനും പറയുകയുള്ളൂ. തന്റെ നിലപാട് തന്നെയാണ് ജോസഫിനുമുള്ളതെന്നും മാണി പറഞ്ഞു.

മുറിവേല്‍പ്പിച്ചു

കേരള കോണ്‍ഗ്രസിനെ മുറിവേല്‍പ്പിക്കാത്ത ഒരു രാഷ്ട്രീയ കക്ഷിയും കേരളത്തിലില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാത്രമല്ല കോണ്‍ഗ്രസും മുറിവേല്‍പ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് ഒഴികെയുള്ള പാര്‍ട്ടികളുമായെല്ലാം തങ്ങളുടെ ബന്ധം വഷളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തകര്‍ക്കാന്‍ ശ്രമിച്ചു

കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ച കണ്ട് അതിനെ തകര്‍ക്കാനാണ് മറ്റു പാര്‍ട്ടികള്‍ ശ്രമിച്ചത്. നിരവധി ഭാഗത്തു നിന്നു തങ്ങള്‍ക്കെതിരേ ആക്രമണമുണ്ടായി. എന്നിട്ടും അവയെയെല്ലാം അതിജീവിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞു. തീയില്‍ കുരുത്ത പാര്‍ട്ടി വെയിലത്തു വാടുകയില്ലെന്നും മാണി വ്യക്തമാക്കി.

കൂട്ടുകെട്ടല്ല ഇത്

കേരള കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള കൂട്ടുകെട്ടല്ല കോട്ടയത്തു കണ്ടത്. ഇതുവരെ ഒരു കൂട്ടുകെട്ടും അവരുമായി ഉണ്ടാക്കിയിട്ടില്ല. പ്രാദേശിക തലത്തിലുണ്ടായ വെറുമൊരു നടപടി മാത്രമാണിതെന്നും മാണി പറഞ്ഞു.

തല കുനിച്ചിട്ടില്ല

ഇതുവരെയും ഒരു പാര്‍ട്ടിയുടെ മുന്നിലും തല കുനിച്ചു നിന്ന ചരിത്രം കേരള കോണ്‍ഗ്രസിന് ഇല്ല. കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ലമെന്റ് കാണാനാവില്ല. കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന്റെ സഹായം കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്റെ സഹായം കേരള കോണ്‍ഗ്രസിനും വേണ്ടിവരുമെന്നും മാണി പറഞ്ഞു.

English summary
Km mani says about the tie up between kerala congress m and cpm
Please Wait while comments are loading...