Get Updates
Get notified of breaking news, exclusive insights, and must-see stories!

എൻകെ പ്രേമചന്ദ്രന്റെ ചോദ്യം വസ്തുതാവിരുദ്ധമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

'സംസ്ഥാനത്തിന് കിട്ടാനുള്ള ജിഎസ്ടി കുടിശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നിലവിൽ തർക്കങ്ങളില്ല'

balagopal

തിരുവനന്തപുരം: കേരളത്തിനു ലഭിക്കാനുള്ള ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി പാർലമെന്റിൽ ഉയർത്തിയ ചോദ്യം വസ്തുതാവിരുദ്ധമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്തിന് കിട്ടാനുള്ള ജിഎസ്ടി കുടിശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നിലവിൽ തർക്കങ്ങളില്ലെന്ന് ധനമന്ത്രി പറയുന്നു. തർക്കമില്ലാത്ത വിഷയങ്ങളിൽ തർക്കമുണ്ട് എന്ന് വരുത്തി യഥാർഥ പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലർ ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ധനമന്ത്രിയുടെ വിശദീകരണം.

∙ മന്ത്രിയുടെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിന് ജിഎസ്ടി കുടിശിക ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നും അതുകൊണ്ടാണ് കേരളത്തിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തിയതെന്നുമുള്ള എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യവും അതിന് കേന്ദ്ര ധനകാര്യ മന്ത്രി നൽകിയ ഉത്തരവും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണല്ലോ. ചോദ്യം തന്നെ വസ്തുതാ വിരുദ്ധമാണെന്ന് ആദ്യം തന്നെ പറയട്ടെ. കേരളത്തിനു കുടിശികയായി കേന്ദ്രം നൽകാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് കിട്ടാനുള്ള ജിഎസ്ടി കുടിശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നിലവിൽ തർക്കങ്ങളില്ല.

തർക്കമില്ലാത്ത വിഷയങ്ങളിൽ തർക്കമുണ്ട് എന്ന് വരുത്തി യഥാർഥ പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലർ ശ്രമിക്കുന്നത് എന്നതാണ് ആദ്യം കാണേണ്ടത്. കേരളം ഉന്നയിക്കുന്ന പ്രശ്നം കുടിശികയുടേതോ അത് അനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങൾക്ക് അർഹമായി നൽകേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതിന്റേതാണ്.‌‍

ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. 2022 ജൂൺ 30ന് ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് 12,000 കോടിയോളം രൂപയുടെ നഷ്ടമാണ്. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധി മൂലവും, പല സാധനങ്ങളുടെയും നികുതി വെട്ടിക്കുറച്ചതിന്റെ ഭാഗമായും സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ജിഎസ്ടി നഷ്ടപരിഹാരം 5 വർഷം കൂടി ദീർഘിപ്പിക്കണം എന്ന് ബിജെപി ഭരിക്കുന്നതുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഡും ഇതേ ആവശ്യം ഉന്നയിച്ചവരാണ്.

പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനത്തിനു നൽകുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ 18,000ത്തോളം കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ഇതൊക്കെയാണ് കേരളം ഉയർത്തുന്ന പ്രശ്നങ്ങൾ.

കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജിഎസ്ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളത്. കണക്കുകളെല്ലാം കൃത്യമായി സമർപ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകൾ അതിന്റെ മുറയ്ക്ക് നടക്കുന്നുമുണ്ട്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും നമുക്ക് കേന്ദ്രം നൽകിയതും. കേരളത്തിനർഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും അണിനിരക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+