• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീം തീവ്രവാദിയാക്കി..നിരീശ്വരവാദിയും';വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി കെഎൻഎ ഖാദർ

Google Oneindia Malayalam News

കൊച്ചി; തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെഎൻഎ ഖാദർ. സാമൂഹ്യ മാധ്യമങ്ങൾ സജീവമായതിനു ശേഷമാണ് താൻ മുസ്ലിം തീവ്രവാദിയാണെന്ന വിവരം താൻ അറിഞ്ഞതെന്ന് തമാശാ രൂപേണ അദ്ദേഹം പറഞ്ഞു.
മറ്റു മതസ്ഥരേയും ബഹുമാനിക്കുകയും അവരെക്കുറിച്ച് നല്ലത് പറയുകയും ചെയ്യുമ്പോൾ, നമ്മെ ഹിന്ദു അനുകൂലികളാക്കി തേച്ച് ഒട്ടിക്കുന്ന ഒരു വിഭാഗവും, ഇസ്ലാമിനെക്കുറിച്ച് നല്ലത് പറയുമ്പോൾ നമ്മെ മുസ്ലിം തീവ്ര വാദിയാക്കി പൊളിച്ച് അടുക്കുന്ന വേറൊരു വിഭാഗവും, സോഷ്യൽ മീഡിയകളിൽ വന്നു പന്തു കളിക്കാറുണ്ട്. ചിലർ തന്നെ നിരീശ്വരവാദിയാക്കി തന്റ പേരിൽ വ്യാപകമായ ശബ്ഗ സന്ദേശം പ്രചരിപ്പിച്ചുവെന്നും ഇപ്പോഴും അത് പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹ

സാമൂഹ്യ മാധ്യമങ്ങൾ സജീവമായതിനു ശേഷമാണ്, ഞാൻ മുസ്ലിം തീവ്രവാദിയാണെന്ന വിവരം, ഞാൻ അറിഞ്ഞത്. അതൊന്നും നല്ലവരായ ഹൈന്ദവ, ക്രൈസ്തവ, സഹോദരങ്ങൾ കാര്യമാക്കിയിട്ടില്ല.എണ്ണമറ്റ നല്ല സുഹൃത്തുക്കൾ എല്ലാ മതസ്ഥരിലും ഇന്നും എനിക്ക് ഉണ്ട്.
ഞാനും സകല മതസ്ഥരേയും ബഹുമാനിക്കുന്നു. മിക്കവാറും എല്ലാ പുസ്തകങ്ങളും,മതഗ്രനഥങ്ങളോ ശാസ്ത്ര വിഷയങ്ങളോ, തത്വ ശാസ്ത്രങ്ങളോ, ചരിത്രമോ, സാഹിത്യമോ, രാഷ്ട്രീയമോ , രാഷ്ട്ര മീമാംസയോ ആവട്ടെ എനിക്കു ഇഷ്ടമാണ്. ആരുടെയെന്നു നോക്കാതെ വായിക്കാൻ ശ്രമിക്കുന്നു. അറബിയും സംസ്കൃതവും തമിഴും ഹിന്ദിയും നന്നായി പഠിക്കാൻ കഴിയാതെ പോയതിൽ ദുഃഖം തോന്നാറുണ്ട്. നല്ല പ്രഭാഷണങ്ങൾ ആരുടെയായാലും കേൾക്കുന്നു.
ഇട പഴകി ജീവിക്കുന്നു. നമ്മെ തമ്മിൽ അകറ്റാൻ മരണത്തിനു മാത്രമെ കഴിയു.സാമൂഹ്യ മാധ്യമങ്ങൾ നടത്തുന്ന വിദ്വേഷ പ്രചാരണം ചൂണ്ടിക്കാട്ടി എന്ന് മാത്രം. ജനിച്ചു വളർന്നത് വടക്കമണ്ണ എന്ന ഗ്രാമത്തിലാണ് .അന്നത്തെ പാലക്കാട് ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലാണത്.

ബാപ്പ എലിമെന്ററി ടീച്ചേഴ്സ് ട്രെയിനിംഗ് പാസ്സായ, സർക്കാർ സ്കൂൾ അദ്ധ്യാപകനും, മത പണ്ഡിതനും, ആയുർവേദ ചികിൽസകനും, ആയിരുന്നു.
അദ്ദഹം പാണ്ടിക്കാട് കൂട്ടിലങ്ങാടി പൊന്മള എന്നിവിടങ്ങളിൽ പഠിപ്പിച്ചതായി അറിയാം. ഇച്ചിരി എഴുത്തും വായനയുമൊക്കെ അദ്ദേഹത്തിന്റെ വിനോദമായിരുന്നു.പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ഉമ്മ ഏലച്ചോല ആയിഷ കുടുംബിനി ആയിരുന്നു.മക്കളായ ഞങ്ങൾ ആലിക്കുട്ടി മാസ്റ്റർ ഇത്തീരു ഫാത്തിമ ഖദീജ അബൂബക്കർ സൈനബ കുഞ്ഞു മുഹമ്മദ് എന്നിവരാണ്. ബാപ്പയുടെ കർശന മേൽനോട്ടത്തിൽ, തൈലം, എണ്ണ, ലേഹ്യം, ഗുളിക എന്നിവ ആയുർവേദ വിധിപ്രകാരം അവർ ചെറിയ തോതിൽ നിർമ്മിച്ചിരുന്നു ഗോദയും കുഞ്ഞിക്കറുപ്പനും പച്ച മരുന്നു കൾ പറിച്ച് തരും.ബാക്കി വടക്കമണ്ണയിലെ ബാലൻ വൈദ്യർ പുള്ളാട്ട് മൂസ്സക്കുട്ടി വൈദ്യർ കുന്നുമ്മൽ മാധവൻ കുട്ടി നായരുടെ മോഹൻ ഫാർമസി എന്നിവിടങ്ങളിൽ നിന്നും വാങ്ങും. വീട്ടിൽ രോഗികൾ ചികിത്സ തേടി വരാറുണ്ടായിരുന്നു.

മലപ്പുറത്തെ പ്രാമാണികരായ പരമ്പരാഗത മർമ്മചികിത്സ ക്കാർ പറങ്ങോടൻ കുട്ടി യുടെ കുടുംബം ആണ്. ഇന്നും ആ വൈദഗ്ദ്ധ്യം ശ്രീധരേട്ടനിലൂടെ അദ്ദേഹത്തിന്റെ മക്കളിലൂടെ തുടരുന്നു. അവരൊക്കെ ജീവിതത്തിൽ ഇന്ന് വരെ മതമൈത്രിയുടെ അപ്പസ്തോലൻമാരാണ്. ഞങ്ങളുടെ തൊട്ടടുത്ത അയൽക്കാർ പനയുടെ ശർക്കര ഉണ്ടാക്കി വിറ്റിരുന്ന തുവ്വമ്പാറ കുഞ്ഞന്റെ കുടുംബമായിരുന്നു. ആ വലിയ കുടുംബത്തിൽ മക്കളും മരുമക്കളും ഒക്കെയായി കുറെ പേർ ഉണ്ടായിരുന്നു. ചക്കപ്പൻ ചന്തു വേലുക്കുട്ടി പറങ്ങോടൻ കുഞ്ഞിപ്പെണ്ണ് അമ്മുണ്ണി ഗോദമ്മ മാളു കുഞ്ഞുട്ടി ചിരുത മാനുകുട്ടൻ ചെറീത് കുട്ടിമാൻ കുഞ്ഞിമാൻ തങ്കമ്മു കുഞ്ഞാൾ ഇവരുടെയൊക്കെ ഓമനപ്പേരുകളാണ് ഞങ്ങളും വിളിച്ചിരുന്നത്. മറ്റൊന്ന് കാലങ്ങളായി ഇറച്ചിക്കട നടത്തിയിരുന്ന കൂട്ടപ്പുലാൻ ചേക്കു കാക്കായുടെ കുടുംബവും ആയിരുന്നു.

അവിടെ മൊയ്തീൻ കാക്ക മുഹമ്മദ് കാക്ക കെഎസ്സ് ആർടിസിയിലെ ഹംസ കാക്ക നഴ്സ് ഖദീജാത്ത കുഞ്ഞു മുഹമ്മദ് പാത്തുമ്മ കദീശ മറിയാമ്മ നബീസു കദീശക്കുട്ടി പാത്തോമ താത്ത എന്നിവർആയിരുന്നു.വീട്ടിനു മുന്നിലെ
മലപ്പുറം തിരൂർ റോഡിന്റെ മറുവശത്ത് അയൽക്കാരായി രാജ മുൻഡ്രിയിൽ കരാർ പണി ചെയ്തിരുന്ന കല്ലിങ്ങൽ മമ്മുട്ടി കാക്കയും, പാംതാത്ത ഹംസകാക്ക നഫീസതാത്ത ഹൈദ്രു കുഞ്ഞിപ്പാത്തു തുടങ്ങിയവർ.
പിന്നെ സൈക്കിൾ ഷോപ്പുകാരൻ കലങ്ങാടൻ ഖാദർ കാക്കയും,
കുഞ്ഞിപ്പ എന്നിവർ, ആ വീട്ടിൽ സബ്ബ് ഇൻസ്പെക്ടർ കലങ്ങാടൻ മുഹമ്മദ്, മറിയുമ്മ മകൻ മാനു(ഒറാക്കിൾ) ചെറീത് പാത്തുക്കുട്ടി കദീശ ഇവരായിരുന്നു പിന്നീട് വന്നത്.
പൂന്തിരുത്തി കുഞ്ഞാശും താത്തയും,മക്കൾ മുഹമ്മദ് കുട്ടി മമ്മുദു മുസ്ല്യാർ കമ്മുക്കുട്ടി മുസ്ല്യാർ തുടങ്ങിയവർ. ഇത്തിരി മാറി വളവിൽ മേൽഭാഗത്ത് തെങ്ങ് കയറ്റക്കാരായ വലിയ ചോഴി, ചെറിയ ചോഴി, കുമാരൻ, വേലായുധൻ, അറമുഖൻ, എന്നിവരും പാർത്തു.

ഇത്തിരി താഴെ കോഴിപ്പുറത്ത് മരക്കാർ കാക്ക അബ്ദു ഹഫ്സത്ത് എന്നിവർ ആയിരുന്നു.
ആകെ അവിടെ ഒരു ക്രൈസ്തവ കുടുംബം മാത്രം ഉണ്ടായിരുന്നു. അത് ഫ്രാൻസിസ് ചേട്ടനായിരുന്നു.അയ്യൻ എന്ന് അദ്ദേഹം അവിടെ അറിയപ്പെട്ടിരുന്നു.അമേരിക്കൻ സായവ് ഡോക്ടർ മില്ലറും പത്നിയും കുന്നുമ്മൽ മിഷൻ ആശുപത്രി നടത്തിയിരുന്നു .അന്നൊന്നും വേറെ ആശുപത്രികൾ ഇല്ല.അവിടെ ചികിത്സ തുടങ്ങും മുമ്പ് ബൈബിൾ വായനയും പ്രാർഥനയും ഉണ്ടായിരുന്നു. രോഗികൾ ചുറ്റും കൂടി നിൽക്കും.യേശുക്രിസ്തു പാപികളെ രക്ഷിപ്പാൻ ലോകത്തിലേക്കു വന്നു എന്ന് ആദ്യം കേട്ടത് അവിടെ വെച്ചാണ്.

ചേട്ടനെ പരിചയപ്പെട്ടതും അന്നാണ്. ആ കുടുംബം സ്നേഹത്തിന്റെ നിറവായിരുന്നു.ക്രിസ്തുമസ് കേക്കുകളുടെ രുചി ഇതുവരെ മറന്നില്ല. ഞങ്ങൾക്ക് റോഡരികിൽ വളവിൽ വെള്ളക്കാർ നിർമ്മിച്ചു തന്ന ആഴമേറിയ ഒന്നാം തരം കിണർ ഉണ്ടായിരുന്നു. വീട്ടു കിണർ കൊടും വേനലിൽ വറ്റിയാൽ,
ഈ കിണറ്റിലെ സുലഭമായ ജലം മതിയായിരുന്നു.വെള്ളം കോരാൻ അയൽക്കാരായ സ്ത്രീകൾ കൂട്ടത്തോടെ വരും. വലിയ സന്തോഷമാണ് അവർ പങ്കിട്ടിരുന്നത്. ആരും തമ്മിൽ കലഹിച്ചതായി ഓർമ്മയിൽ ഇല്ല . വെള്ളം കോരി മറ്റുള്ളവർക്കും കുടം നിറച്ചു കൊടുക്കുക പതിവായിരുന്നു.അവരിൽ ഹിന്ദു മുസൽമാൻ ഭേദം ഇല്ലായിരുന്നു.

വാസ്തവത്തിൽ ആരും തങ്ങളുടെ മതം ഓർത്തതേയില്ല.ചിരുതയും കല്യാണിയും ഗോദമ്മയും അമ്മുണ്ണിയും ചിലപ്പോൾ അതിരാവിലെ എഴുന്നേറ്റ് ആദ്യ ബസ്സിനു കാടാമ്പുഴക്ക് പോകുന്നത് കാണാറുണ്ടായിരുന്നു.
മറ്റു ചിലപ്പോൾ അവരെല്ലാം മൈലപ്പുറം താലപ്പൊലി കാണാൻ പോകും. ഞങ്ങൾ കുട്ടികൾ കൂട്ടത്തോടെ താലപ്പൊലിക്കും മലപ്പുറം നേർച്ചക്കും കോട്ടക്കൽ പൂരത്തിനും പോകും.ഉത്സവ കാലത്ത് അടുത്ത വീട്ടിൽ ഉയർത്തിപ്പിടിച്ച വാളും ചിലങ്ക കെട്ടിയ കാലും അരയിൽ ചുകന്ന പട്ടുമായി ചോരയൊലിക്കുന്ന നെറ്റിയുള്ള കോമരങ്ങൾ വരും.അൽപം ഭയത്തോടെ അത്ഭുതത്തോടെ അതു നോക്കി നിന്നിട്ടുണ്ട്. ഉത്സവങ്ങൾ കഴിഞ്ഞു വരുമ്പോൾ പലതരം ബലൂണുകൾ പീപ്പികൾ, കളിക്കോപ്പുകൾ, ശർക്കര മിഠായി, വളകൾ, അച്ചിപ്പായി, എന്നിവ വാങ്ങി തിരിച്ചു വരും.അയൽ പക്കത്ത് കൂട്ടുകാരോടൊപ്പം സൈക്കിൾ ടയർ വണ്ടികളാക്കി റോഡിലൂടെ ഉരുട്ടിക്കളിക്കും.എല്ലാ വീട്ടിലെ കുട്ടികളും കാണും .ഒഴിവു ദിവസങ്ങളിൽ ഭക്ഷണം ചായ പലഹാരം എന്നിവ ഏതു വീട്ടിലാണൊ റെഡിയായത് അവിടന്നു കഴിക്കും.
കുളിക്കാനും ചൂണ്ടയിടാനും കടലുണ്ടി പുഴയിൽ ഒരുമിച്ചു പോകും. പൂന്തോട്ടത്തിൽ കടവിലോ, എടക്കാട്ടെ കടവിലോ, ഒത്താരക്കതൊടുവിലോ, നൂറാടിയിലോ പോകും.

മണമ്മൽ പന്തു കളിക്കാനും കാണാനും പോകും.ഉമ്മയും പാത്തുംതാത്തയുമൊക്കെ നോമ്പ് കാലത്ത് രാത്രികളിൽ വഅള് കേൾക്കാൻ പോകും .വെളിച്ചത്തിനു ഏറെക്കാലം ചൂട്ടു കൊണ്ടുപോയിരുന്നു.പിന്നെ ടോർച്ച് നിലവിൽ വന്നു.അതിനു ഇടക്ക് കട്ട മാറ്റും.പെരുന്നാൾ ഓണം വിഷു വിവാഹം മരണം തുടങ്ങിയ സുഖ ദു:ഖങ്ങൾ അയൽക്കാർ പങ്കിട്ടു.എല്ലാവരെയും എല്ലാ വീട്ടുമുറ്റത്തും എപ്പോഴും കാണാം.കറുമത്തിക്കായ, ചേമ്പ് ,ചേന, കറിവേപ്പില, പയർ, കപ്പക്കിഴങ്ങ്, ചട്ടി, പാത്രം, ഉപ്പ്, മുളക്, തേയില, എണ്ണ, പഞ്ചസാര, ചായപ്പൊടി, അരി, കൂവപ്പൊടി, പലഹാരങ്ങൾ, വിശേഷപ്പെട്ട കറികൾ, നെയ്ച്ചോറ്, എല്ലാം ഞങ്ങൾ പങ്കിട്ടു.കല്യാണം പോലുള്ള വിശിഷ്ട ദിവസങ്ങളിൽ എല്ലാ വീട്ടിലെയും ചെമ്പുകളും, പിഞ്ഞാണങ്ങളും, കസേരയും, മേശയും, മേശവിരിയും, ഓല മെടഞ്ഞ തടുക്കും ഈന്തിൻ പട്ടയും, കവുങ്ങ് മരവും, കല്യാണ വീട്ടിൽ ഒരുമിച്ചു കൂടും .

വാടക സാധനങ്ങൾ എവിടെയും ഇല്ലായിരുന്നു. അന്നൊന്നും ആരും ജാതിയും മതവും പറയുന്നത് കേട്ടിട്ടേയില്ല. മറ്റു മതസ്ഥരേയും ബഹുമാനിക്കുകയും അവരെക്കുറിച്ച് നല്ലത് പറയുകയും ചെയ്യുമ്പോൾ, നമ്മെ ഹിന്ദു അനുകൂലികളാക്കി തേച്ച് ഒട്ടിക്കുന്ന ഒരു വിഭാഗവും, ഇസ്ലാമിനെക്കുറിച്ച് നല്ലത് പറയുമ്പോൾ നമ്മെ മുസ്ലിം തീവ്ര വാദിയാക്കി പൊളിച്ച് അടുക്കുന്ന വേറൊരു വിഭാഗവും, സോഷ്യൽ മീഡിയകളിൽ വന്നു പന്തു കളിക്കാറുണ്ട്. ഇതൊന്നും പണ്ട് കണ്ടിട്ടില്ല. ഇയ്യിടെ മൂന്നാമതൊരു കൂട്ടർ എന്നെ നിരീശ്വരവാദിയും ഒരു ദൈവത്തിലും വിശ്വാസിക്കാത്ത കശ്മലനുമാക്കി ചിത്രീകരിച്ചു കൊണ്ട് എന്റെ പേരിൽ ശബ്ദ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു.
അന്താരാഷ്ട്ര തലത്തിൽ ആ സന്ദേശം പറന്നു നടന്നു.എന്റെ ശബ്ദം അനുകരിക്കാനാണ് ശ്രമിച്ചത്. എന്റെ കാര്യം ലവന്മാർ പറഞ്ഞാൽ ആരും വിശ്വാസിക്കാത്തതു കൊണ്ടാവാം, എന്നെ അനുകരിച്ചത്.

Recommended Video

cmsvideo
  റിഫയുടെ ഭർത്താവിനെതിരെ കേസ് മാനസികവും ശാരീരികവുമായ പീഡനം

  ശബ്ദം നൽകി യയാളിനെ പോലീസ് പിടിച്ചു. അദ്ദേഹം സത്യം പറഞ്ഞു. ശബ്ദത്തിന്റെ ഉടമസ്ഥത ഏറ്റുപറഞ്ഞു.അതോടെ തീർന്നു. ഇപ്പോഴും അതു ഇടക്കിടെ പുറത്തു വിട്ടു സുഖിക്കുന്നവരുണ്ട്.
  നല്ല തീവ്രവാദികളെയും നിരീശ്വരവാദി കളെയും മാർക്കറ്റിൽ ചുളു വിലക്ക് കിട്ടാനുള്ളപ്പോൾ പുതിയ കക്ഷികളുടെ മേൽ ആണിയടിക്കുന്നത് എന്തിനാണ്? മതവെറിയന്മാരെക്കാൾ രാഷ്ട്രീയ ഭിക്ഷാം ദേഹികളാണ് ഇവിടെ മുന്നിൽ നിൽക്കുന്നത്. മേൽ പ്രസ്താവിച്ചതൊക്കെയാവാൻ പ്രയാസമില്ല.അവനവനായിത്തീരലാണ് കഷ്ടം.എങ്കിലും എനിക്ക് ഞാനായാൽ മതി.

  English summary
  KNA Khader gives befitting reply to fake propaganda against him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X