കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെകിളിക്കൂട്ടത്തിന്റെ കലപില'! സന്ദീപ് വാര്യർക്കും കൂട്ടർക്കും 'ടീം ആഷിഖ് അബു'വിന്റെ മറുപടി!

Google Oneindia Malayalam News

കൊച്ചി: പ്രളയ ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ എന്ന സംഗീത പരിപാടി വന്‍ വിവാദമായി മാറിയിരിക്കുകയാണ്. പരിപാടിയില്‍ നിന്ന് ലഭിച്ച പണം സര്‍ക്കാരിന് നല്‍കിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ രേഖ പുറത്ത് വിട്ടതിന് പിന്നാലെ ബിജെപി അനുകൂലികള്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘാടകര്‍ക്ക് നേരെ സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുകയാണ്.

പൗരത്വ നിയമ വിഷയത്തിലടക്കം ബിജെപി വിരുദ്ധ നിലപാടെടുത്ത സംവിധായകന്‍ ആഷിഖ് അബു, നടി റിമ കല്ലിങ്കല്‍, സംഗീത സംവിധായകരും ഗായകരുമായ ഷഹബാസ് അമന്‍, ബിജിബാല്‍ എന്നിവരാണ് കൊച്ചി മ്യൂസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുളളത്. പരിപാടിയുടെ കണക്ക് ചോദിച്ചവര്‍ക്ക് സംഘാടകര്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മറുപടി.. പൂര്‍ണരൂപം വായിക്കാം:

എന്താണ് 'കരുണ'?

എന്താണ് 'കരുണ'?

പ്രിയം നിറഞ്ഞ കൂട്ടുകാരേ... എല്ലാവർക്കും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഹാർദ്ദമായ സ്നേഹാദരങ്ങൾ! 2019 നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ കൊച്ചി രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച്‌ 'കരുണ' എന്ന പേരിൽ ഒരു ലൈവ്‌ മ്യൂസിക്കൽ കൺസർട്ട്‌ അവതരിപ്പിച്ച്കൊണ്ടാണു കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ(KMF)നിലവിൽ വരുന്നതും അതിന്റെ പ്രവർത്തനപരിപാടികൾക്ക്‌ സമാരംഭം കുറിക്കുന്നതും‌! ഫൗണ്ടേഷന്റെ പ്രഖ്യാപിതപരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ കേരളത്തിൽ ഒരു അന്താരാഷ്ട്ര സംഗീതോൽസവം സംഘടിപ്പിക്കുക എന്നതാണു! ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനു തുടക്കം കുറിക്കുക എന്നത് മാതമായിരുന്നു 'കരുണ' കൊണ്ട്‌ ഉദ്ദേശിച്ചത്‌‌.

" വിട്ട്‌ വിട്ടിരിക്കല്ലേ, തൊട്ടുതൊട്ടിരി"

" വിട്ട്‌ വിട്ടിരിക്കല്ലേ, തൊട്ടുതൊട്ടിരി" എന്നതായിരൂന്നു അതിനു വേണ്ടി ഞങ്ങൾ മുന്നോട്ട്‌ വെച്ച സ്ലോഗൻ! സംഗീത മേഖലയിലെ എല്ലാ തരം ജോനറുകളിലും പ്രവർത്തിക്കുന്ന കഴിയുന്നത്ര കലാകാരെ ഒന്നിച്ച്‌‌‌ ഒരേ വേദിയിൽ കൊണ്ട്‌ വരികയും അവരിൽ നിന്നുള്ള ഏറ്റവും മികച്ച പെർഫോമെൻസുകൾ ആസ്വാദകർക്കായി നൽകുകയും അതോടൊപ്പം വെറുപ്പിന്റെ കാലത്ത്‌ സ്നേഹത്തിന്റെയും ഒരുമയുടെയും വലിയൊരു സംസ്കാരാന്തരീക്ഷം സംഗീതത്തിലൂടെത്തന്നെ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന വലിയൊരുദ്ദേശ്യം കൂടി തീർച്ചായും കരുണക്ക്‌ പിന്നിലുണ്ടായിരുന്നു! അങ്ങനെത്തന്നെ അത്‌ പരിണമിക്കുകയും ചെയ്തു എന്നതാണു സത്യം!

പ്രതിഫലം വാങ്ങിയില്ല

പ്രതിഫലം വാങ്ങിയില്ല

നിറ സംതൃപ്തിയോടെ പരസ്പരം ആശ്ലേഷിച്ചു കൊണ്ടാണു പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കലാകാരും അന്ന് പിരിഞ്ഞുപൊയത്‌! രണ്ടാം പ്രളയാനന്തര കാലം ആയിരുന്നതിനാലാണു സാന്ദർഭികമായി 'കരുണ' എന്ന പേർ ഞങ്ങൾ മുൻ നിർത്തിയത്!‌അതിന്റെ അർത്ഥം ഉൾക്കൊണ്ടും കെ.എം.എഫി ന്റേത്‌‌ സോദ്ദേശപരവും സ്നേഹനിർഭരവുമായ ക്ഷണം ആയിരുന്നത്‌‌ കൊണ്ടും പരിപാടിയിൽ പങ്കെടുത്തവരെല്ലാം‌ തന്നെ ഒരു രൂപ പോലും പ്രതിഫലേഛ കൂടാതെയാണു പെർഫോം ചെയ്തത്‌‌ ! ടിക്കറ്റ്‌ വഴി കിട്ടുന്ന തുക എത്രയായാലും അത്‌ മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നൽകാം എന്ന് തീർച്ചയായും കെ.എം.എഫ്‌ തീരുമാനിച്ചിരുന്നു!

സാമ്പത്തികമായി നഷ്ടം

സാമ്പത്തികമായി നഷ്ടം

പക്ഷെ അത്‌ 'ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടി' എന്ന നിലക്ക്‌‌ പരസ്യം ചെയ്ത്‌ കൊണ്ടായിരിക്കരുത്‌ എന്ന് നിഷ്കർഷിക്കുകയും ചെയ്തു! സംഗീതത്തിന്റെയും സ്നേഹത്തിന്റെയും തലത്തിൽ പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക്‌‌ പരിപാടി ഉയർന്നെങ്കിലും സാമ്പത്തികമായി നഷ്ടത്തിലാണു കലാശിച്ചത്‌. ഒന്നാമത്തെ കാരണം പരിപാടിക്ക്‌ ഒറ്റ സ്പോൺസർമാരുമുണ്ടായിരുന്നില്ല എന്നതാണു. 'കരുണ' ഒരു സെൽഫ്‌ ഫണ്ടഡ്‌ പ്രോഗ്രാം ആയിരുന്നു! നല്ല സപോൺസേഴ്സിനെ കിട്ടാൻ വേണ്ടി ധാരാളം സമയം എടുത്ത്‌ അലഞ്ഞ്‌ നടക്കുമ്പോഴേക്കും ഇത്രയധികം കലാകാരെ സമയബന്ധിതമായി ഒന്നിച്ചു നിർത്തുക എന്നത്‌ അസാധ്യമായിത്തീർന്നു!

ടിക്കറ്റിനത്തിൽ കിട്ടിയ തുക

ടിക്കറ്റിനത്തിൽ കിട്ടിയ തുക

എന്നാൽ എന്തെങ്കിലും പരിപാടി തട്ടിക്കൂട്ടിക്കൊണ്ട്‌ കെ.എം.എഫി നു തുടക്കം കുറിക്കുന്നതിൽ പ്രത്യേകിച്ച്‌ ഒരു അർത്ഥമില്ല താനും. ഒടുവിൽ ക്വാളിറ്റിയുള്ള ഒരു പ്രോഗ്രാമിനു വേണ്ടി ഒരു സ്പോൺസേഴ്‌സുമില്ലാതെ, യാതൊരു പുറം ഫണ്ടിങ്ങുമില്ലാതെ ഫൗണ്ടേഷൻ അംഗങ്ങളുടെ സ്വന്തം കീശയിൽ നിന്ന് കാശെടുത്ത്‌ കൊണ്ട്‌ പരിപാടി നടത്തുകയാണുണ്ടായത്‌! സംഗീതപരമായി പരിപാടി നല്ല നിലവാരം പുലർത്തണം എന്നത്‌ കെ.എം.എഫിനെ സംബന്ധിച്ച്‌ ഒരു കമ്മിറ്റ്‌മെന്റ്‌ തന്നെയായിരുന്നു. തുടർന്നും അത്‌ അങ്ങനെത്തന്നെ ആയിരിക്കും.ജി.എസ്‌.ടി വിഹിതം കഴിച്ചാൽ ടിക്കറ്റ്‌ ഇനത്തിൽ ആകെ 6 ലക്ഷത്തി 22,000 രൂപ ആണു പരിപാടിയുടെ വരവ്‌ തുക.

ചിലവ്‌ വന്നത്‌ 23 ലക്ഷം

ചിലവ്‌ വന്നത്‌ 23 ലക്ഷം

സ്റ്റേജ്‌ ,ലൈറ്റ്‌,മറ്റു പ്രോപ്പർട്ടികൾ,പ്രിന്റ്‌ ആൻഡ്‌ പബ്ലിസിറ്റി, ഫ്ലൈറ്റ്‌ ഉൾപ്പെടെയുള്ള യാത്രകൾ, താമസം,ഫ്ലോർ കാർപ്പെറ്റ്‌, സ്റ്റേഡിയം ജനറേറ്റർ,ഈവ്ന്റ്‌ മാനേജ്‌മന്റ്‌ എന്നീ വിഭാഗങ്ങളിലായി ചിലവ്‌ വന്നത്‌ 23 ലക്ഷം രൂപയും. നഷ്ടം വളരെ വലുതാവാതിരുന്നത്‌‌ പങ്കെടുത്തവർ പ്രതിഫല ഇനത്തിൽ പണം കൈപ്പറ്റാതിരുന്നതിനാലും സ്റ്റേഡിയം സർക്കാർ വെറുതെ വിട്ടുതന്നതിനാലുമാണെന്ന കാര്യം ഈയവസരത്തിൽ നന്ദിയോടെ ഓർക്കുന്നു! പ്രശസ്ത ഈവന്റ്‌ ഗ്രൂപ്പ്‌ ആയ ഇംപ്രസാരിയോ ആയിരുന്നു സാങ്കേതികമായി ഞങ്ങൾക്ക്‌ വേണ്ടി പരിപാടിയുടെ ചുക്കാൻ പിടിച്ചത്‌ എന്നതിനാൽ അവർക്ക്‌ കൂടി അറിയാവുന്ന സുതാര്യമായ കണക്കുകളാണെല്ലാം. ബാങ്കു വഴിയല്ലാതെ ഒരിടപാടുകളും പരിപാടിയുടെ ആവശ്യത്തിനായി നടന്നിട്ടില്ല.

അൽപം പശ്ചാത്തല ചരിത്രം

അൽപം പശ്ചാത്തല ചരിത്രം

ഇതെല്ലാം ഇപ്പോൾ ഇവിടെ വ്യക്തമാക്കാനുണ്ടായ പ്രത്യേക സാഹചര്യം നിങ്ങളിൽ ചിലർക്കെങ്കിലും‌ അറിയുമായിരിക്കും എന്ന് കരുതുന്നു. അറിയാത്തവർക്കായി അൽപം പശ്ചാത്തല ചരിത്രം. സാമ്പത്തികമായി നഷ്ടമാണെങ്കിലും മുന്നോട്ടുള്ള യാത്രയിലേക്ക്‌ ആവശ്യമായ പോസിറ്റീവ്‌ ഊർജ്ജം ' 'കരുണ' ഞങ്ങൾക്ക്‌ പകർന്നു തന്നു! പ്രത്യേകിച്ചും ഒരു മ്യൂസിക്‌ ഫെസ്റ്റിവൽ ലക്ഷ്യമിടുന്ന കെഎംഎഫിനെ സംബന്ധിച്ച്‌ തീർച്ചയായും അതിനു പ്രചോദനമാകും വിധമായിരുന്നു 'കരുണ' സ്റ്റേജിൽ അരങ്ങേറിയത്‌ . അന്ന് അവിടെ കൂടിയ നിറസദസ്സ്‌ അതിനു സാക്ഷികളുമാണു!

ഒറ്റ സങ്കടം മാത്രം

ഒറ്റ സങ്കടം മാത്രം

ഒറ്റ സങ്കടം തോന്നിയത്‌ സി.എം.റിലീഫ്‌ ഫണ്ടിലേക്ക്‌ കൊടുക്കാൻ തക്കവിധം ഒരു വലിയ തുക ടിക്കറ്റ്‌ ഇനത്തിൽ വന്നില്ലല്ലൊ എന്നത്‌ മാത്രമായിരുന്നു. അതിനു ഞങ്ങൾ മനസിൽ കണ്ട ഒരു മാർഗ്ഗം പ്രോഗ്രാം കണ്ടന്റ്‌ വൃത്തിയായി എഡിറ്റ്‌ ചെയ്തെടുത്ത്‌ നല്ല ഒരു ഡീൽ ഏതെങ്കിലും മീഡിയ ടീമുമായി നടത്തി അതിൽ നിന്നുള്ള സാമ്പത്തികം കൂടി ഉൾപ്പെടുത്തി സാമാന്യം നല്ല ഒരു തുക സി.എം.ആർ ഫണ്ടിലേക്ക്‌ നൽകുക എന്നതായിരുന്നു. കരുണയുടെ നഷ്ടം നികത്തിയാൽ ബാക്കിയുള്ളത്‌ തീർച്ചയായും മ്യൂസിക്‌ ഫെസ്റ്റിവലിലേക്ക്‌ തന്നെ ചെലവഴിക്കുകയും ചെയ്യണം.

രാഷ്ടീയ സാഹചര്യം മാറി

രാഷ്ടീയ സാഹചര്യം മാറി

ഒരു രൂപ പോലും 'കരുണ' യിൽ നിന്ന് സംഗീതത്തിനു വേണ്ടി അല്ലാതെ വക മാറി ചെലവഴിക്കപ്പെടരുത്‌ എന്നതിൽ കെ.എം.എഫ്‌ ഫൗണ്ടേഷൻ പ്രതിജ്ഞാ ബദ്ധമാണു! കണ്ടന്റ്‌ നല്ല രീതിയിൽ എഡിറ്റ്‌ ചെയ്തെടുക്കുവാൻ ആവശ്യമായ സാവകാശം വേണമായിരുന്നു. ഒരു പ്രത്യേക പാറ്റേണിലായിരുന്നു പ്രോഗ്രാം അവതരണം. എഡിറ്റിംഗ്‌ പുരോഗമിക്കുന്നതിനിടയിലാണു രാജ്യത്തിനകത്തെ രാഷ്ടീയ സാഹചര്യം പൊടുന്നനെ കീഴ്മേൽ മറിഞ്ഞത്‌! സി.എ.എ, എൻ.ആർ.സി, എൻ .പി . ആർ വിഷയങ്ങൾ എല്ലാ സാംസ്കാരിക പദ്ധതികൾക്കും മുകളിൽ വന്നാപതിച്ചു.

സമര മുഖത്ത് പ്രത്യക്ഷപ്പെട്ടു

സമര മുഖത്ത് പ്രത്യക്ഷപ്പെട്ടു

തീർച്ചയായും സംഗീതജ്ഞർ ഉൾപ്പെടെയുള്ള അന്തസ്സുറ്റ രാഷ്ട്രീയ ബോധ്യമുള്ള സാംസ്കാരിക പ്രവർത്തകരുടെയെല്ലാം ഫസ്റ്റ്‌ പ്രയോറിറ്റി രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷണത്തിനും സഹോദരസ്നേഹത്തിനും വേണ്ടിയുള്ളതായി! കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളുള്ള കെ.എം.എഫ്‌ ഫൗണ്ടേഷനിലെ ഏഴ്‌ അംഗങ്ങളും ഒരു പോലെ പ്രസ്തുത വിഷയം ഉറക്കെ പ്രതിപാദിക്കുന്ന സമരമുഖത്ത് (വ്യക്തിപരമായി) പരസ്യമായി‌ പ്രത്യക്ഷപ്പെട്ടു! ആ നിമിഷം മുതലാണു സി.എ.എ യെ അനുകൂലിക്കുന്നവർ കടന്നൽക്കൂട്ടം പൊലെ കെ.എം.എഫിന്റെ ഒഫീഷ്യൽ പേജിൽ വന്ന് സഭ്യതയില്ലാത്ത രീതിയിൽ കെ.എം.എഫി ന്റെ ക്രെഡിബിലിറ്റിയെ ആക്രമിക്കാൻ തുടങ്ങിയത്‌!

വെകിളിക്കൂട്ടത്തിന്റെ ശല്യം

വെകിളിക്കൂട്ടത്തിന്റെ ശല്യം

ഒട്ടും മാന്യമല്ലാത്ത രീതിയിൽ 'കരുണ'യുടെ കണക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നിക്ഷേപിച്ചതിന്റെ വിവരങ്ങളും ആവശ്യപ്പെട്ടുകൊണ്ട്‌ ഒരു വെകിളിക്കൂട്ടം കണ‌ക്കെ നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഫെഡറേഷൻ അംഗങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലടക്കം ഇപ്പോഴും അത്‌ തുടരുന്നുണ്ടെങ്കിലും അതിനെതിരെ നിയമ നടപടിക്കൊന്നും മുതിരാതെ വളരെ ക്ഷമയോടെയും സംയമനത്തോടെയും മൗനം ദീക്ഷിക്കുവാൻ കെ.എം.എഫ്‌ തീരുമാനമെടുത്തിരിക്കുന്നതിന്റെ ഏക കാരണം കെ.എം.എഫ്‌ ഒരു മ്യൂസിക്‌ ഓർഗ്ഗനൈസേഷൻ ആണെന്നത്‌ മാത്രമാണു!

ആരെന്നും ലക്ഷ്യവും അറിയാം

ആരെന്നും ലക്ഷ്യവും അറിയാം

ആരാണു പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കൂട്ടരെന്നും അവരുടെ ലക്ഷ്യമെന്താണെന്നും ആരാണവരെ അങ്ങോട്ട്‌ പറഞ്ഞ്‌ വിട്ടിരിക്കുന്നതെന്നും കെ.എം.എഫി നു കൃത്യമായി അറിയാം. സംഗീതത്തിലെ നല്ല ഫലങ്ങൾ മാത്രം ലക്ഷ്യമാക്കി ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ മനസാ തീരുമാനിച്ചിറങ്ങിയിരിക്കുന്ന കെ.എം.എഫി ന്റെ കേവല ശ്രദ്ധ പോലും അർഹിക്കുന്നവരല്ല അവരെന്ന ഉത്തമ ബോധ്യം ഉള്ളത്‌ കൊണ്ട്‌ മാത്രമാണു ഇത്‌ വരെ മൗനം പാലിച്ചത്‌.

മറുത്താക്ഷേപിക്കാൻ തയ്യാറല്ല

മറുത്താക്ഷേപിക്കാൻ തയ്യാറല്ല

മാത്രമല്ല, ഇവരാരും 'കരുണ' മ്യൂസിക്‌ ലൈവിൽ പങ്കെടുത്തിട്ടുള്ളവരല്ലെന്നും സംഗീതമേയല്ല ഇവരുടെ ഫസ്റ്റ്‌ പ്രയോറിറ്റി എന്നും‌ കെ.എം.എഫിനു കൃത്യമായി അറിയാമെങ്കിലും അതും പറഞ്ഞ്‌ പോലും അവരിലാരെയെങ്കിലും മറുത്താക്ഷേപിക്കാൻ കെ.എം.എഫ്‌ തയ്യാറല്ല! കാരണം കെ.എം.എഫ്‌ പേജ്‌ അതിനുള്ള വേദിയല്ല.അത്‌ സംഗീതത്തെ സ്നേഹിക്കുന്നവർ തമ്മിലുള്ള ‌ ക്രിയേറ്റീവായിട്ടുള്ള‌ കമ്യൂണിക്കേഷൻ‌ പ്ലാറ്റ്‌ ഫോമാണു.

'വെകിളിക്കൂട്ടത്തിന്റെ കലപില'

'വെകിളിക്കൂട്ടത്തിന്റെ കലപില'

ഇവിടെ ഇപ്പോൾ കൃത്യമായി ഈ കണക്കും മറ്റു വിശദാംശങ്ങളും അവതരിപ്പിക്കുവാനുള്ള കാരണം ഈ 'വെകിളിക്കൂട്ടത്തിന്റെ കലപില' യല്ല എന്ന് പ്രത്യേകം പറഞ്ഞ്‌ കൊള്ളട്ടെ. മറിച്ച്‌ ,കൊച്ചിയുടെ ജില്ലാ വരണാധികാരിയും കെ.എം.എഫ്‌ 'കരുണയുടെ' രക്ഷാധികാരികളിൽ ഒരാളും കൂടിയായ കളക്ടർ ബഹുമാനപ്പെട്ട സുഹാസ്‌ ഐ.എ.എസ്‌ അവർകൾ കെ.എം.എഫി നോട്‌ സേഹപൂർവ്വം ഒരു വിശദീകരണം കാണിക്കുന്നതിന്റെ ആവശ്യകതയും സാന്ദർഭികതയും ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണു!

അനാവശ്യമായി തെറ്റിദ്ധാരണ

അനാവശ്യമായി തെറ്റിദ്ധാരണ

അതിനിടയിൽ ഒരു 'മാധ്യമപ്രവർത്തകന്റെ' സഹായത്തോടെ മേൽപ്പറഞ്ഞ ഛിദ്ര ശക്തികൾ കെ.എം.എഫി ന്റെ വെട്ടിപ്പ്‌, അഴിമതി എന്ന തരത്തിൽ തെറ്റായി വാർത്തകൾ മെനഞ്ഞ്‌ പ്രസിദ്ദീകരിക്കുക മൂലം അത്‌ ശ്രദ്ധയിൽപ്പെട്ട മറ്റു ചില പത്രപ്രവർത്തകർ കൂടി കെ.എം.എഫി നോട്‌ വിശദീകരണം തേടുകയും ഒടുവിൽ വിവരാവകശനിയമ വകുപ്പിന്റെ അന്വേഷണ പരിധിയിലേക്ക്‌ വിഷയം എടുത്തെറിയപ്പെടുകയും ഒടുവിൽ അത്‌ കളക്റ്ററുടെ ചേംബറിൽ വന്നെത്തുകയും ചെയ്തപ്പോഴാണു അദ്ദേഹം ഫൗണ്ടേഷനോട്‌ ഇനി ജനങ്ങൾക്ക്‌ മുൻപാകെ ഒരു വിശദീകരണം നൽകാൻ വൈകേണ്ടെ എന്നും അനാവശ്യമായി തെറ്റിദ്ധാരണ വളർത്താൻ ഇടയാക്കണ്ട എന്നും ഉപദേശിച്ചത്‌!

സ്വന്തം കയ്യിൽ നിന്ന് പണം നൽകി

സ്വന്തം കയ്യിൽ നിന്ന് പണം നൽകി

ആകയാൽ മാർച്ച്‌ 31 തികയും മുൻപ്‌ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാമെന്നേറ്റ, തുക(ടിക്കറ്റ്‌ ഇനത്തിൽ ലഭിച്ച പണം, അഥവാ ചിലവ്‌ നികത്തുന്നതിലേക്ക്‌ തന്നെ ആവശ്യമായി വന്നിരുന്ന 6ലക്ഷത്തി 22,000 രൂപ) ഫൗണ്ടേഷൻ അംഗങ്ങൾ സ്വന്തം കയ്യിൽ നിന്നെടുത്ത്‌ സി.എം.ആർ ഫണ്ടിലേക്ക്‌ നൽകിയിട്ടുണ്ടെന്ന വിവരം നിങ്ങളെ അറിയിക്കുകയാണു! 'കരുണ' പ്രോഗ്രാം നഷ്ടത്തിൽ കലാശിച്ചു എന്നത്‌ ഞങ്ങളെ ഒട്ടും പിന്നാക്കം അടിപ്പിക്കുന്നില്ല!

 സധൈര്യം മുന്നോട്ട്‌

സധൈര്യം മുന്നോട്ട്‌

2020 ൽ ത്തന്നെ അഞ്ച്‌ ദിവസത്തെ അന്താരാഷ്ട്ര മ്യൂസിക്‌ ഫെസ്റ്റിവൽ എന്ന ആശയവുമായി കെ.എം.എഫ്‌ ‌ സധൈര്യം മുന്നോട്ട്‌ പോവുകയാണു! ഇല്ലാത്ത വിദേശഫണ്ട്‌ വഴികളിലൊക്കെ‌ ഉറക്കമിളച്ച്‌ കാവൽ നിൽക്കുന്നതോടൊപ്പം കുറച്ച്‌ പേർ മ്യൂസിക്‌ കേൾക്കാനും കൂടി ഒന്ന് വരണമെന്ന് അധിക്ഷേപക സൈന്യത്തോട്‌‌ കെ.എം.എഫ്‌ ഈയവസരം ഉപയോഗിച്ചുകൊണ്ട്‌ അപേക്ഷിക്കുകയാണു! ഒന്ന്: നിങ്ങളോട്‌‌ സംവദിക്കാൻ കെ.എം.എഫി നു മറ്റു അവസരങ്ങളോ പദ്ധതിയോ ഇല്ലെന്ന് മാത്രമല്ല, അത്‌ അസാധ്യവുമാണു!

കുറച്ച് വെളിച്ചം കിട്ടിയിരുന്നെങ്കിൽ

കുറച്ച് വെളിച്ചം കിട്ടിയിരുന്നെങ്കിൽ

രണ്ട്‌: സംഗീതം ശ്രവിക്കാൻ വരുന്ന ആ നാലു പേരെങ്കിലും ഭാവിയിൽ കെ.എം.എഫി ന്റെ ആരാധകരോ അതിന്റെ വിശ്വസ്ത പ്രവർത്തകരോ ആയി മാറില്ലെന്നാരു കണ്ടു? ഹൃദയസംഗീതവുമായി നല്ലൊരു ബന്ധമുണ്ടാവുക വഴി കുറച്ച്‌ വെളിച്ചവും തെളിച്ചവും നിങ്ങൾക്ക്‌‌ കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിക്കുക മാത്രം ചെയ്യുന്നു. എല്ലാവർക്കും ഒരിക്കൽ കൂടി കെ.എം.എഫിന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ. മ്യൂസിക്‌ ഫെസ്റ്റിവൽ വിവരങ്ങളുമായി പിന്നീട്‌ ഇവിടെ സംഗമിക്കാം.നന്ദി. കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷനു വേണ്ടി
ബിജിബാൽ, ഷഹബാസ്‌ അമൻ.

ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി മ്യൂസിക് ഫൌണ്ടേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Kochi Music Foundation's reply to allegations regarding 'Karuna'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X