'ഒരു എസ്പിയുടെ രണ്ട് മക്കള്‍ ലഹരിക്ക് അടിമകളാണ്'; വെളിപ്പെടുത്തി കൊച്ചി പൊലീസ് കമ്മിഷണര്‍
കൊച്ചി: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. ' ഒരു എസ് പിയുടെ രണ്ട് മക്കള്‍ ലഹരിക്ക് അടിമകളാണ്. സത്യം പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലും വലിയ പ്രശ്‌നമായി'- കെ സേതുരാമന്‍ പറഞ്ഞു. അങ്കമാലി കറുകുറ്റിയില്‍ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
നമ്മുടെ കുട്ടികള്‍ ലഹരി മരുന്നിന് അടിമകളായിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ കണ്ണുതുറന്ന് പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മള്‍ പൊലീസിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാര്‍ട്ടേഴ്‌സുകളില്‍ ഇക്കാര്യം പരിശോധിക്കണമെന്ന് കെ സേതുരാമന്‍ പറഞ്ഞു.

സംസ്ഥാനത്ത് കഞ്ചാവ്, എം ഡി എം എ എന്നിവയുടെ ഉപയോഗം വര്‍ദ്ധിക്കുകയാണ്. ദേശീയ ശരാശരി നോക്കുമ്പോള്‍ കേരളത്തിലെ ലഹരി ഉപയോഗം കുറവാണ്. എന്നാല്‍ ഈ നിരക്ക് വേഗം ഉയരാന്‍ സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലഹരിക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കണമെന്നും സേതുരാമന്‍ ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് എക്‌സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ വന്‍ ലഹരി വേട്ടയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം എം ഡി എം എയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ദന്‍ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായിരുന്നു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി അഷീഷ് ആന്റണി ആണ് പിടിയിലായത്.
ഇയാളുടെ കയ്യില്‍ നിന്ന് 4 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. വേഷം മാറി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചലച്ചിത്ര സീരിയല്‍ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും, പിന്നീട് എം ഡി എം എ ആവശ്യപ്പെട്ടപ്പോള്‍ കറുകച്ചാല്‍ നെടുങ്കുന്നത്ത് വച്ച് കൈമാറാമെന്ന് അറിയിച്ച് സ്ഥലത്ത് പാര്‍ട്ടിയെ കാത്ത് നില്‍ക്കുമ്പോഴാണ് പിടിയിലാകുന്നത്.
ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ഇയാള്‍ ഈ രാസ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ ഒരു ആഴ്ച നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് പ്രതി പിടിയിലായത് .
കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേര്‍ എം ഡി എം എ ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നതിനാല്‍ വന്‍ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയുടെ പക്കല്‍ നിന്നും എം ഡി എം എ വാങ്ങുന്നവര്‍, വിതരണക്കാര്‍ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിനോദ് കെ ആര്‍, വിനോദ് കെ.എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍ വി,നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ഹാംലെറ്റ്, നിഫി ജേക്കബ്, ധന്യ മോള്‍ എം.വി, അനില്‍ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത് മറ്റൊരു കേസില്‍ കോട്ടയത്ത് എം ഡി എം എയുമായി രണ്ട് യുവാക്കളെ കൂടി പിടികൂടി.
ചങ്ങനാശ്ശേരി സ്വദേശികളായ ഷോണ്‍ കുര്യന്‍, ജോസഫ് സ്‌കറിയ എന്നിവരാണ് കോട്ടയം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് ഇവരുടെ കൈവശം 3.8 ഗ്രാംഎം ഡി എം എ ഉണ്ടായിരുന്നു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications