കെവിൻ കൊലപാതകം; പോലീസ് ഉദ്യോഗസ്ഥന് ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധം, ചെങ്ങന്നൂരിലും പ്രവർത്തിച്ചു!
കോട്ടയം: ദുരഭിമാന കൊലയ്ക്ക് വിധേയനായ കെവിൻ വധക്കേസിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ ഇയാള്‍ പ്രവര്‍ത്തിച്ചുവെന്നും ആരോപണം ഉയർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ആരോപണവുമായി രംഗത്തെത്തിയത്.
കെവിന്‍ വധക്കേസില്‍ നടപടി നേരിട്ട ഗാന്ധിനഗര്‍ എഎസ്ഐ ക്ക് ഉമ്മൻചാണ്ടിയുമായി ബന്ധമുണ്ടെന്നാണ് കോടിയേരി ആരോപിക്കുന്നത്. യുഡിഎഫ് കാലത്തെ പൊലീസ് അസോസിയേഷന്‍ നേതാവായിരുന്നു നടപടി നേരിട്ട എഎസ്ഐ എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോട്ടയത്ത് നടന്ന പൊതു യോഗത്തില്‍ സംസാരിക്കവെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണവുമായി കോടിയേരി രംഗത്ത് വന്നത്.

രാഷ്ട്രീയ മുതലെടുപ്പ്
നേരത്തെ കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ പോലീസുകാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു . ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ ബിജു, ഡ്രൈവര്‍ അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അതേസമയം കെവിൻ കൊല്ലപ്പെട്ട കേസിൽ വീഴ്ചവരുത്തിയ പൊലീസുകാരെ സർക്കാർ പിരിച്ചു വിടണമെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കേസിൽ വലിച്ചിഴച്ചെന്നും കോടിയേരി ആരോപിച്ചു.

ഗൂഢാലോചന
കുത്തക പത്രങ്ങളും മാധ്യമങ്ങും കേസ് രാഷ്ട്രീയ വത്കരിക്കാൻ ശ്രമിച്ചു. മാധ്യമ ജഡ്ജിമാരല്ല വിധികർത്താകളെന്നതിന്റെ താക്കീതാണ് ചെങ്ങന്നൂർ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഭരണം മാറിയെന്ന് മനസിലാക്കാത്ത ചില ഉദ്യോഗസ്ഥർ പോലീസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ ഉൾപ്പെട്ടവർക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ സർക്കാർ പിന്തുണക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കെവിന്‍റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണമില്ല
അതേസമയം കെവിൻ കൊലപാതക കേസിൽ സിബിഐ അന്വേഷണമില്ല. നിയമസഭയില്‍ പ്രതിപക്ഷ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നു സ്ഥിരീകരിച്ച മുഖ്യമന്ത്രി, വീഴ്ചവരുത്തിയ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി സത്യം മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്നന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിരുന്നു.

ക്രിമിനൽ പശ്ചാത്തലം
കെവിന്‍ കൊലപാതക കേസില്‍ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുമെന്ന് കോട്ടയം എസ് പി ഹരിശങ്കറും വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്ന് വടിവാള്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്നാണെങ്കിലും കെമിക്കല്‍ അനാലിസിസ് നടത്തിയിട്ടേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ. അതാണ് പോസറ്റ്മോര്‍ട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. വീഴ്ച വരുത്തിയെന്ന പ്രാഥമികമായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ആര്‍ക്കൊക്കെ വീഴ്ച പറ്റിയുണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണന്നും ഹരിശങ്കര്‍ പറഞ്ഞു.

കടുത്ത നടപടിയെന്ന് സൂചന
പരിക്കുകളുടെ വിശദമായ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. പരിക്കുകള്‍ക്ക് മരണവുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് വിശദമായ പരിശോധനയിലേ സ്ഥിരീകരിക്കാനാവൂ. .ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് ഇക്കാര്യവും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെവിൻ കൊല്ലപ്പെട്ട കേസിൽ വീഴ്ചവരുത്തിയ പൊലീസുകാരെ സർക്കാർ പിരിച്ചു വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് കടുത്ത നടപടി ഉദ്യോഗസ്ഥനെതിരെ ഉണ്ടാകുമെന്നാണ് സൂചന.












Click it and Unblock the Notifications