ആറു വസയുകാരിയുടെ അച്ഛന്റെ ഫ്ലാറ്റിൽ പരിശോധന; ഫോൺ കസ്റ്റഡയിൽ, നഴ്സിങ് സംഘടനയായ യുഎൻഎയിലേക്ക് അന്വേഷണം
കൊല്ലം; ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റിൽ പരിശോധന നടത്തി പോലീസ്. പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. ഇവിടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം.
പരിശോധനയിൽ പിതാവിന്റെ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണു കുട്ടിയുടെ പിതാവ്. ഈ സാഹചര്യത്തിൽ നഴ്സിംഗ് സംഘടനയായ യുഎൻഎയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. യു എൻ എയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഘടനയ്ക്കുള്ളിലെ തർക്കങ്ങളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം സംഭവത്തിൽ തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് റെജി പറഞ്ഞു. പത്തനംതിട്ടയിലെ താമസ സ്ഥലത്ത് നിന്ന് തന്റെ പഴയ ഫോണാണ് കൊണ്ടുപോയത്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ ഓയൂരിലെ വീട്ടിൽ സൂക്ഷിക്കാത്തത്. എല്ലാ പരിശോധനകളോടും സഹകരിക്കും. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പോലീസ് കണ്ടെത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ തന്നെയും യുനൈറ്റഡ് നഴ്സ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും റെജി ആരോപിച്ചു. അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവരിൽ മൂന്ന് പേരുടെ രേഖ ചിത്രങ്ങൾ കൂടി പോലീസ് പുറത്തുവിട്ടു. കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖ ചിത്രങ്ങൾ തയ്യാറാക്കിയത്. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടി പറഞ്ഞു. . എന്നാൽ വിശദമായ വിവരങ്ങൾ നൽകാൻ കുട്ടിക്ക് സാധിച്ചിട്ടില്ല. മറ്റുള്ളവരുടെ മുഖങ്ങൾ ഓർമ്മയില്ലെന്നാണ് കുട്ടി പറഞ്ഞത്. അതേസമയം ആറുവയസുകാരി ഇന്ന് വൈകീട്ടോടെ ആശുപത്രി വിട്ടു. കുട്ടിയെ ചൊല്ലാഴ്ച കണ്ടെത്തിയതിന് പിന്നാലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
അതേസമയം അന്വേഷണം ഊർജിതമാക്കാൻ എല്ലാ ഡി വൈ എസ് പിമാരും ഉൾപ്പെട്ട പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ദക്ഷിണമേഖലാ ഡി ഐ ജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം. 10 ടീമുകളായാണ് രൂപീകരിച്ചിരിക്കുന്നത്. സി സി ടി വി പരിശോധന, ഫോൺ കോൾ പരിശോധന, വാഹനപരിശോധന, ശാസ്ത്രീയ അന്വേഷണം എന്നിങ്ങനെ അന്വേഷണം വ്യാപിപ്പിക്കും.












Click it and Unblock the Notifications