കൂടത്തായി കൊലപാതക പരമ്പര: ജോളിയടക്കം 3 പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിലെ 3 പ്രതികളെയും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കസ്റ്റഡിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബുധനാഴ്ചയാകും ഈ അപേക്ഷ പരിഗണിക്കുക.

കൂടത്തായി കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 3 പേരാണ് ഇതുവരെ അറസ്റ്റിലായത്. മുഖ്യപ്രതിയായ ജോളി ജോസഫിനെ കൂടാതെ ഇവർക്ക് സയനൈഡ് എത്തിച്ച് നൽകിയ സുഹൃത്ത് എംഎസ് മാത്യു, ഇയാൾക്ക് സയനൈഡ് കൈമാറിയ പ്രജി കുമാർ എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തിലെ ആറ് പേരെയും പലപ്പോഴായി വിഷംകൊടുത്ത് കൊന്നുവെന്ന് ജോളി കുറ്റസമ്മതം നടത്തിയതായി അന്വേഷണസംഘം വ്യക്തമാക്കി.
കുടുംബസ്വത്ത് തട്ടിയെടുക്കൽ മാത്രമല്ല കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മറ്റ് കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി കെജി സൈമൺ വ്യക്തമാക്കി. 14 വർഷത്തിനിടെ കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേരാണ് സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകൻ റോയ്, അന്നമ്മയുടെ സഹോദരൻ മാതൃു, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെയാണ് റോയിയുടെ ഭാര്യയായിരുന്ന ജോളി കൊലപ്പെടുത്തിയത്.
ഭക്ഷണത്തിൽ സയനേഡ് കലർത്തിയാണ് കൊലപാതകങ്ങൾ നടത്തിയത്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. ജോളിയുടെ ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. മുൻ ഭർത്താവ് റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് നിലവിൽ ജോളിയെ അറസ്റ്റ് ചെയ്തത്. മറ്റ് മരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications