എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ജിഹാദി പ്രവര്‍ത്തനം; പ്രതി ഷാറൂഖ് സെയ്ഫി മാത്രമെന്ന് എന്‍ഐഎ കുറ്റപത്രം
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഷാഹിന്‍ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫി മാത്രമാണ് പ്രതി. ഇയാള്‍ നടത്തിയത് ജിഹാദി പ്രവര്‍ത്തനമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പാകിസ്താനില്‍ നിന്നടക്കമുള്ള മതപ്രഭാഷകരുടെ പ്രസംഗങ്ങള്‍ പ്രതി പതിവായി കേട്ടിരുന്നു. ഇതാണ് അക്രമത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. തിരിച്ചറിയപ്പെടാതിരിക്കാനാണ് കേരളം തിരഞ്ഞെടുത്തത്. അക്രമം നടത്തിയ ശേഷം രക്ഷപ്പെടാമെന്ന് പ്രതി കരുതിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവം നടന്ന് ആറ് മാസം തികനായിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ജനങ്ങളെ ഭീതിയിലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഓണ്‍ലൈന്‍ വഴി ചില പ്രഭാഷണങ്ങള്‍ പതിവായി കേട്ടിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നേരത്തെ റെയില്‍വെ പോലീസ് ആണ് കേസ് അന്വേഷിച്ചിരുന്നത്. സമാന്തരമായി കേരള പോലീസും അന്വേഷിച്ചു. പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം വിചാരണയിലേക്ക് കടക്കും.
കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്രസ്പ്രസില്‍ തീവയ്പുണ്ടായത്. രാത്രി ഒമ്പത് മണിയോടെ കോഴിക്കോട് സ്‌റ്റേഷന്‍ വിട്ട് എലത്തൂര്‍ എത്തിയപ്പോഴായിരുന്നു സംഭവം. കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഉപയോഗിച്ചാണ് പ്രതി തീയിട്ടത്. പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതിയുടേത് എന്ന് കരുതുന്ന ബാഗ് റെയില്‍വെ ട്രാക്കില്‍ നിന്ന് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ തുമ്പായത്. ദിവസങ്ങള്‍ക്കകം തന്നെ പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചു. ശേഷം പ്രതിയെ കോഴിക്കോടെത്തിക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. തീവ്രവാദ സ്വഭാവമുണ്ടെന്ന് പറഞ്ഞാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.
ഷാറൂഖ് സെയ്ഫി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. പല ഘട്ടങ്ങളിലായി കസ്റ്റഡിയില്‍ വാങ്ങി പ്രതിയെ എന്‍ഐഎ സംഘം ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന് ആറ് മാസം തികയാന്‍ രണ്ട് ദിവസം ബാക്കിയുള്ളപ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications