ഭയം വിട്ടുമാറാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ; ക്യാഷ്വാലിറ്റിയിൽ കേന്ദ്ര സംഘം പരിശോധന നടത്തി
കോഴിക്കോട്: ഭയം വിട്ടുമാറാതെ കോഴിക്കോട് മെഡിക്കൽ കോളേജ് . കേഷ്യാലിറ്റിയിൽ കേന്ദ്ര സംഘം പരിശോധന നടത്തി .നിപാ വൈറസ് മരണം പത്ത് കടന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ എണ്ണം പകുതിയിലധികം കുറഞ്ഞു. അതേ സമയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേഷ്യാലിറ്റിയിൽ ഇന്ന് കേന്ദ്ര സംഘം പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഭയപ്പെടാനുള്ള സാഹചര്യം നിലവില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ.

എന്നാൽ അത്യാവശ്യമുള്ള രോഗികൾ മാത്രം ആശുപത്രിയിൽ എത്തിയാൽ മതിയെന്നും രോഗികളെ സന്ദർശിക്കാൻ വരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നുമാണ് ആശുപത്രി അധികൃതരുടെ അഭ്യർത്ഥന. എന്നാൽ പരിക്കേറ്റവർ പോലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വരാൻ മടിക്കുകയാണ്. പൊതുവെ റംസാൻ കാലമായാൽ ഒ.പിയിൽ തിരക്ക് കുറയാറുണ്ടെങ്കിലും ഒ പി യിലും രോഗികൾ വളരെ കുറവാണ് എത്തുന്നത്. ആശുപത്രിക്ക് സമീപത്തെ കടകളിലെല്ലാം ജീവനക്കാർ മാസ്ക് ധരിച്ചാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിൽ തിരക്ക് കുറഞ്ഞതോടെ കച്ചവടം നല്ല നിലയിൽ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. മെഡിക്കൽ കോളേജിൽ തിരക്ക് കുറഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ പ്രൈമറി ഹെൽത്ത് സെന്ററുകളിലും സ്വകാര്യ ആശുപത്രികളിലും തിരക്ക് വർദ്ധിച്ചു.
മെഡിക്കൽ കോളേജിൽ തിരക്ക് കുറഞ്ഞതോടെ ശുചീകരണ പ്രവർത്തി ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ഓരോ ദിവസവും ഉണ്ടാവുന്ന മാലിന്യം അതേ ദിവസം തന്നെ ആശുപത്രി പരിസരത്ത് നിന്ന് മാറ്റുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകള്‍ ആശുപത്രിയിലേക്ക് ആവശ്യമുള്ള മാസ്ക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ തയ്യാറായിട്ടുണ്ട്.












Click it and Unblock the Notifications