നിപയില്‍ വീണ്ടും ആശ്വാസം; തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: തലസ്ഥാനത്തെ നിപ ഭീതിയില്‍ ആശ്വാസം. കോഴിക്കോട് നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധന ഫലം നെഗറ്റീവായി. തിരുവനന്തപുരത്തെ കാട്ടാക്കട സ്വദേശിയുടെ സാംപിള്‍ ഫലം കൂടി വരാനുണ്ട്. ഇരുവര്‍ക്കും പനി വന്നതോടെയാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. കാട്ടാക്കട സ്വദേശിനിയുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് പനി അടക്കമുള്ള നിപ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ ഇവരെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് ഇരുവരുടേയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം ഇതുവരെ സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ് എന്നും രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നുമാണ് ആരോഗ്യമന്ത്ര വീണ ജോര്‍ജ് അറിയിച്ചു. നിപ നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് നിലവിലുള്ള നാല് ആക്ടിവ് കേസുകള്‍ അടക്കം ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് പേര്‍ നേരത്തെ മരിച്ചിരുന്നു.
അതിനിടെ ഇന്നലെ രോഗലക്ഷണങ്ങളുള്ള 5 പേരെ കൂടി ഐസൊലേഷനിലാക്കി. സമ്പര്‍ക്ക പട്ടികയില്‍ 1192 പേരാണ് ഉള്ളത്. പോസിറ്റീവായി ചികിത്സയിലുള്ള നാല് പേരുടെയും നിലയില്‍ പുരോഗതിയുണ്ട് എന്നും രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും വീണ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന ഒമ്പത് വയസുകാരന്റേയും നില മെച്ചപ്പെടുന്നുണ്ട്.
അതേസമയം നിപ ബാധിത മേഖലകളില്‍ കേന്ദ്ര സംഘം തുടരുന്നുണ്ട്. വൈറസ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും ഇന്നലെ മുതല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിരുന്നു. ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചിരിക്കുകയാണ്. മത്സ്യബന്ധനബോട്ടുകള്‍ കരക്ക് അടുപ്പിക്കരുത് എന്ന് നിര്‍ദേശമുണ്ട്.
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കൂ. അതേസമയം പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെയും നിയന്ത്രണം ലംഘിച്ച് ബാലുശേരിയില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തിയ ജില്ലാ അത്‌ലറ്റിക് അസോസിയേഷനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications