കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്റ്റലില്‍ ശ്രീലക്ഷ്മിയെ കൊന്ന് കെട്ടിത്തൂക്കിയതോ?
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതകള്‍. കോഴിക്കോട് ഉള്ള്യേരി സ്വദേശി ശ്രീലക്ഷ്മിയെ ഈ മാസം പതിനാറാം തീയതിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീലക്ഷ്മി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലായിരുന്നു പോലീസ് ഇതുവരെ. പ്രണയനൈരാശ്യമാണ് ശ്രീലക്ഷ്മി ജീവനൊടുക്കാന്‍ കാരണമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ശ്രീലക്ഷ്മി ആത്മഹത്യ ചെയ്തതല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് സഹോദരി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ശ്രീലക്ഷ്മിയെ ആരോ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് സഹോദരി പി കെ ഐശ്വര്യ പത്രസമ്മേളനത്തില്‍ ആരോപിച്ചത്. ശ്രീലക്ഷ്മിയുടെ മരണം ആത്മഹത്യയല്ല എന്നും കൊലപാതകമാണ് എന്നും വീട്ടുകാര്‍ക്ക് ബലമായ സംശയമുണ്ടെന്നും ഇവര്‍ പറയുന്നു.

കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ നഴ്‌സിംഗ് കോളജില്‍ രണ്ടാം വര്‍ഷ ജനറല്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. ഹോസ്റ്റലില്‍ ഒരു വിദ്യാര്‍ഥിയും ടീച്ചറും തമ്മിലുള്ള വഴിവിട്ട ബന്ധം ശ്രീലക്ഷ്മിക്ക് അറിയാമായിരുന്നു എന്നും ഇതാണ് ശ്രീലക്ഷ്മി കൊല്ലപ്പെട്ടതിന് പിന്നിലെന്നുമാണ് സഹോദരി ആരോപിക്കുന്നത്. ഇക്കാര്യം പുറത്തറിയാതിരിക്കാനായി ശ്രീലക്ഷ്മിക്ക് പ്രണയബന്ധമുണ്ട് എന്ന കഥ പറഞ്ഞുപരത്തുകയായിരുന്നത്രെ.
ശ്രീലക്ഷ്മി മരിച്ചതിന് ശേഷം അധ്യാപകരോ സഹപാഠികളോ ആരും മൃതദേഹം പോലും കാണാനെത്തിയില്ല എന്നും ഐശ്വര്യ പറയുന്നു. ഇത് ദുരൂഹത ഉണ്ടാക്കുന്നതാണ്. ശ്രീലക്ഷ്മിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ശ്രീലക്ഷ്മിയുടെ മരണം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications