ക്ഷേത്ര നടത്തിപ്പ് ചെലവിലേക്ക് പോലീസിന്റെ പിരിവ്; വിവാദമായി സര്‍ക്കുലര്‍... ഉല്‍സവ പിരിവിന് പിന്നാലെ
കോഴിക്കോട്: മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്ക് പോലീസ് സേനാംഗങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്താനുള്ള നീക്കം വിവാദമായി. ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ആണ് വിവാദമായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. വര്‍ഷങ്ങളായി ജില്ലാ പോലീസ് മേധാവിയുടെ കീഴിലാണ് ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പ്.
കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി പൊങ്കാല നടത്താന്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇതിലേക്ക് നടത്തിയ പണപ്പിരിവും വിവാദമായി. പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് താല്‍പ്പര്യമുള്ളവര്‍ സംഭാവന തന്നാല്‍ മതിയെന്ന് ഇളവ് നല്‍കി. ഇതിനിടെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഈ മാസം 19നാണ് ജില്ലയിലെ പോലീസുകാര്‍ക്കായി ജില്ലാ പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്. ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിലേക്കായി എല്ലാവരും പിരിവ് നല്‍കണമെന്നാണ് സര്‍ക്കുലര്‍. ഓരോരുത്തരും മാസത്തില്‍ 20 രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം. താല്‍പര്യമില്ലാത്ത സേനാംഗങ്ങളുടെ വിവരങ്ങള്‍ ഈ മാസം 24നകം അറിയിക്കണമെന്നും സര്‍ക്കുലറിലുണ്ട്.
സര്‍ക്കലുര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനം ഉയര്‍ന്നു. മതപരമായ കാര്യങ്ങളില്‍ പോലീസ് ഓഫീസര്‍മാര്‍ ഇടപെടുന്നതിലൂടെ സേനയുടെ നിഷ്പക്ഷ സ്വഭാവം നഷ്ടപ്പെടുത്തുമെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍ വൈകാരികമാണ്. ജില്ലാ പോലീസ് മേധാവി ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. ആസാദ് അഭിപ്രായപ്പെട്ടു.
കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ജില്ലാ പോലീസ് മേധാവി സര്‍ക്കുലര്‍ പിന്‍വലിച്ചു. പട്ടാള പള്ളിയും സിഎസ്‌ഐ ചര്‍ച്ചും വിശ്വാസികള്‍ക്ക് കൈമാറിയെങ്കിലും ക്ഷേത്ര നടത്തിപ്പ് വര്‍ഷങ്ങളായി പോലീസുകാര്‍ തന്നെ തുടരുകയാണ്. എഡിജിപിയാണ് രക്ഷാധികാരി. ഭരണസമിതി പ്രസിഡന്റ് പോലീസ് കമ്മീഷണറും റൂറല്‍ എസ്പി വൈസ് പ്രസിഡന്റും അസി. കമ്മീഷണര്‍ സെക്രട്ടറിയുമായിട്ടാണ് ക്ഷേത്ര നടത്തിപ്പ്.
നേരത്തെ പൊങ്കാലയ്ക്ക് പണപ്പിരിപ്പ് നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചിരുന്നു. ഇപ്പോള്‍ മാസത്തില്‍ പിരിവ് നടത്താനുള്ള തീരുമാനവും പിന്‍വലിച്ചു. എല്ലാ മലയാള മാസത്തിലെയും ആദ്യദിനത്തില്‍ ക്ഷേത്രത്തില്‍ അന്നദാനം നടത്താറുണ്ട്. ഇതിനുള്ള ചെലവും ഇത്തരത്തിലുള്ള പിരിവിലൂടെയാണ് കണ്ടെത്തുന്നത്. ക്ഷേത്രം ദേവസ്വംബോര്‍ഡിന് കൈമാറണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.
500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം മുതലിയാര്‍ സമുദായമാണ് നിര്‍മിച്ചതെന്ന് കരുതുന്നു. ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നത്. 2011ല്‍ പോലീസുകാര്‍ സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ ക്ഷേത്രം നവീകരിച്ചു. ജ്യോല്‍സ്യന്മാരുടെ നിര്‍ദേശ പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്ഷേത്രത്തിന്റെ പേര് ഭദ്രകാളി ക്ഷേത്രം എന്നാക്കിയത്.












Click it and Unblock the Notifications