'റിഫയുടെ മുഖം ഇപ്പോഴും വ്യക്തം, മൃതദേഹം ജീര്‍ണിച്ചിട്ടില്ല'; പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് തന്നെ സംസ്‌കാരം
കോഴിക്കോട്: ദുബായില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഇന്ന് തന്നെ മറവ് ചെയ്യും. റിഫ മെഹ്നുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതോടെ ആണ് സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെയാണ് റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
റിഫ മെഹ്നുവിന്റെ മൃതദേഹം ജീര്‍ണിച്ചിട്ടുണ്ടായിരുന്നില്ല എന്ന് മൃതദേഹം പുറത്തെടുത്ത അബ്ദുള്‍ അസീസ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജലാംശമല്ലൊം പോയി മൃതദേഹം ചുക്കി ചുളിഞ്ഞ നിലയിലായിരുന്നെങ്കിലും നല്ല രീതിയില്‍ എംബാം ചെയ്തിരുന്നതിനാല്‍ കാര്യമായി അഴുകിയിരുന്നില്ല എന്നാണ് അസീസ് പറയുന്നത്. റിഫയുടെ മുഖമെല്ലാം മനസിലാക്കാന്‍ കഴിയുന്ന നിലയില്‍ തന്നെയായിരുന്നു. ഒറ്റനോട്ടത്തില്‍ മൃതദേഹത്തില്‍ വലിയ പരിക്കുകളൊന്നും കാണാനില്ലെന്നാണ് അസീസ് പറയുന്നത്.

ഒളവണ്ണയിലെ മുന്‍ പഞ്ചായത്ത് അംഗം കൂടിയായ അബ്ദുള്‍ അസീസ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്യാറുണ്ട്. പൊലീസ് ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും അസീസിനെയാണ് വിളിക്കാറുള്ളത്. ശനിയാഴ്ച പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നിന്നാണ് റിഫയുടെ മൃതദേഹം പുറത്തെടുത്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നാം തീയതിയാണ് വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസിനൊപ്പമായിരുന്നു റിഫ ദുബായില്‍ താമസിച്ചിരുന്നത്.

മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. ദുബായില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നത് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും എന്നതിനാലായിരുന്നു. മെഹ്നാസ് തന്നെയാണ് ഇക്കാര്യം പറഞ്ഞ് വിലക്കിയത് എന്നാണ് റിഫയുടെ ബന്ധുക്കള്‍ പറയുന്നത്. റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കാസര്‍കോട് സ്വദേശിയാണ് മെഹ്നാസ്. റിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ മെഹ്നാസിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മെഹ്നാസിനെതിരെ കേസ് എടുത്തിരിക്കുന്നത്. ജനുവരി മാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരില്‍ നിന്നും ദുബായില്‍ എത്തിയത്. ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലി ചെയ്തിരുന്നത്. അറിയപ്പെടുന്ന വ്‌ളോഗറായ മെഹ്നാസിന് ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം രാത്രി ഒമ്പത് മണിയോടെ ദുബായിലെ ജോലി സ്ഥലത്ത് നിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ട് വയസുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.

ഇതിന് ശേഷം പിറ്റേന്ന് രാവിലെയാണ് റിഫ മരിച്ച വിവരം നാട്ടിലറിയുന്നത്. മൂന്നു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവില്‍ നാട്ടിലാണുള്ളത്. മരണത്തില്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂര്‍ പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് റൂറല്‍ എസ് പി എ ശ്രീനിവാസന് പരാതി നല്‍കുകയായിരുന്നു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ താന്‍ നിരപരാധിയാണെന്നും റിഫയുടെ മരണത്തില്‍ പങ്കില്ലെന്നും പറഞ്ഞ് മെഹ്നാസ് യു ട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരുന്നു.
ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍