പോസ്റ്റിട്ട് കെപിഎസി ലളിതയെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരും; ചികിത്സ വിവാദത്തില്‍ പിടി തോമസ്
കൊച്ചി: നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന മന്ത്രിസഭ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ര്‍ഷങ്ങളോളം സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന കെപിഎസി ലളിതയെ പോലൊരു നടിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടോ എന്നാണ് പൊതുവെ ഉയര്‍ന്ന വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അഭിപ്രായങ്ങള്‍ പങ്കുവച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ് ലളിത.

ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മന്ത്രി അബ്ദുള്‍റഹഹ്മാന്‍ രംഗത്തെത്തിയിരുന്നു. കെപിഎസി ലളിതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അവരുടെ അപേക്ഷ പ്രകാരമാണ് ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നായിരുന്നു മന്ത്രി നല്‍കിയ വിശദീകരണം. കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വിവാദമാക്കേണ്ടെന്നും കലാകാരന്മാരെ സര്‍ക്കാര്‍ കയ്യൊഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് തൃക്കാക്കര എംഎല്‍എ പിടി തോമസ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പിടി തോമസ് ലളിതയെ പിന്തുണച്ചത്. കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ പറഞ്ഞു.

കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്ന് പിടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

കെ പി എ സി ലളിതയ്ക്ക് ചികിത്സ സഹായം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി എം പിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് മുന്നില്‍ അപേക്ഷ വന്നതുകൊണ്ടായിരിക്കാം ചികിത്സ ചെലവ് ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സര്‍ക്കാരിന് മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാകും ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

കേന്ദ്ര ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സ സഹായം നല്‍കാറുണ്ട്. 36ഓളം പേരെ താന്‍ സഹായിച്ചിട്ടുണ്ട്. 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ലളിത ചേച്ചി ആ വിഭാഗത്തില്‍പെടുന്നുണ്ടോ എന്നത് സര്‍ക്കാര്‍ നിശ്ചയിട്ടുണ്ട്. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, കെ പി എ സി ലളിതയുടെ ജീവന്‍ രക്ഷിക്കുന്നതിന് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിനായി ദാതാവിനെ തേടി മകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. താരത്തിന് കരള്‍ നല്‍കാമെന്ന് അറിയിച്ച് കലാഭവന്‍ സോബിയും രംഗത്തെത്തിയിരുന്നു. നടി ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ സോബി ഞായറാഴ്ച സന്നദ്ധത അറിയിച്ചു. ഒ പോസിറ്റീവ് ഗ്രൂപ്പുകാരനാ. സോബിക്ക് 54 വയസുണ്ട്.












Click it and Unblock the Notifications