കെപിസിസിയില്‍ ശുദ്ധീകരണം; 5 വര്‍ഷം ഇരുന്നവര്‍ ഇനിയില്ല, ഒരാള്‍ക്ക് ഒരു പദവി, പുതുമുഖങ്ങള്‍ വരും
തിരുവനന്തപുരം: പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ തുടരുമ്പോഴും കെപിസിസി- ഡിസിസി ഭാരവാഹി ചര്‍ച്ചകള്‍ക്ക് തുടക്കം കുറച്ച് കോണ്‍ഗ്രസ്. ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ സംസ്ഥാന തലത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന ആരോപണം മുതിര്‍ന്ന നേതാക്കള്‍ തന്നെ ഉന്നയിച്ചിരുന്നതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഇനി ആവര്‍ത്തിക്കുന്നത് പരമാവധി ഒഴിവാക്കി മുന്നോട്ട് പോവാനാണ് നേതൃത്വത്തിന്റെ ശ്രമം.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ഇന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തത്. കെപിസിസി ഭാരവാഹി നിയമനത്തിന് മാനദണ്ഡം രൂപീകരിക്കലായിരുന്നു പ്രധാന അജണ്ട.

മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ നേതാക്കള്‍ ധാരണയിലെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഭാരവാഹികളായിരുന്നവരേയും ജനപ്രതിനിധികളേയും ഒഴിവാക്കും. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 250 ലേറെ അംഗങ്ങളുടെ കെപിസിസി കമ്മറ്റി 51 ലേക്ക് ചുരുക്കുമെന്ന് കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് നേതാക്കളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്.

രാഷ്ട്രീയ കാര്യ സമിതി പുനഃസംഘടിപ്പിക്കാന്‍ പോകുന്നു എന്നുള്ളതാണ് മാനദണ്ഡങ്ങള്‍ക്ക് അപ്പുറത്തുള്ള ഏറ്റവും പ്രധാന കാര്യം. പാര്‍ട്ടി ഭരണഘടന പ്രകാര്യം രാഷ്ട്രീയ കാര്യസമിതിക്ക് നിലനില്‍പ്പില്ല എന്ന തരത്തിലുള്ള പ്രസ്താവനകള്‍ പല നേതാക്കളും ഉയര്‍ത്തിയ സാഹചര്യത്തില്‍ കൂടിയാണ് സമിതി പുനസഘടിപ്പിക്കാനുള്ള തീരുമാനം വരുന്നത്. വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായിരിക്കെ ഹൈക്കമാന്‍ഡായിരുന്നു രാഷ്ട്രീയകാര്യ സമിതിക്ക് രൂപം നല്‍കിയത്.

താല്‍ക്കാലിക സമിതിയായിട്ടായിരുന്നു നിയമനമെങ്കിലും പിന്നീട് അതൊരു സ്ഥിരം സമിതിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കാര്യസമിതി പുനഃസഘടിപ്പിക്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കൂടി താല്‍പര്യമുള്ളവര്‍ സമിതിയില്‍ വരുന്നതിന് ഇത് കളമൊരുക്കും. സമിതി പൊളിച്ചെഴുതാനുള്ള തീരുമാനത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അംഗീകാരം നല്‍കിയിരിക്കുന്നു എന്നുള്ളതും നേതൃത്വത്തിന് കരുത്ത് പകരുന്ന കാര്യമാണ്.

കഴിഞ്ഞ ദിവസം നെയ്യാര്‍ ഡാമില്‍ നടന്ന ക്യാംമ്പില്‍ തന്നെ ജനപ്രതിനിധികളെ കെപിസിസി ഭാരവാഹി ചുമതലയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്നാതാണ് സുധാകരനറെ നയം. അപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്ന് വരുന്ന ചോദ്യം കെ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരും ജനപ്രതിനിധികള്‍ അല്ലേയെന്നുള്ളതാണ്.

എന്നാല്‍ ആ നിയമനങ്ങള്‍ ഹൈക്കമാന്‍ഡിന്‍റേതാണെന്ന മറുപടിയാണ് കെപിസിസി നേതൃത്വം നല്‍കുന്നത്. അതിനെ ചോദ്യം ചെയ്യുന്നില്ല. ഹൈക്കമാന്ഡിന്റെ നിയമനങ്ങള്‍ക്ക് പുറത്തുള്ള നിയമനങ്ങള്‍ക്ക് മാത്രം മാനദണ്ഡം നടപ്പിലാക്കാനാണ് തീരുമാനം. പുതിയ ആളുകള്‍ക്ക് അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് അഞ്ച് വര്‍ഷം പദവിയില്‍ ഇരുന്നവരെ ഒഴിവാക്കുന്നത്. ഇതിലൂടെ കൂടുതല്‍ പുതുമുഖങ്ങളേയും നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുനസംഘടനയില്‍ വലിയ പരിഗണന ലഭിക്കും. വിടി ബല്‍റാം, ശബരീനാഥന്‍, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കള്‍ കെപിസിസി ഭാരവാഹികളായി വരമെന്നാണ് പ്രതീക്ഷ. ഡിസിസി ഭാരവാഹികളുടെ പുനഃസഘടനയിലും ഇതേ മാനദണ്ഡം തുടരാനാണ് നിര്‍ദേശം. ഇതിന് രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം കൂടി നേടിയെടുക്കേണ്ടതുണ്ട്.

പിഎസ് പ്രശാന്തും കെ.പി.അനിൽ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തിൽ വളരെ കരുതലോടെയാണ് നേതൃത്വം പുതിയ ഭാരവാഹി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. നേതാക്കളെ പരമാവധി അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമെന്ന നിര്‍ദേശം എഐസിസിയും സംസ്ഥാന നേതൃത്വത്തിന് നല്‍കിയെന്നാണ് വിവരം
ഇതെന്താണ് പുലിത്തോലോ..: നവ്യ നായരുടെ പുത്തന്‍ ചിത്രം വൈറല്‍


Click it and Unblock the Notifications