'കൊടിപിടിച്ചിട്ടില്ല, പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല'; അനില്‍ ആന്റണി കോണ്‍ഗ്രസില്‍ ആരുമല്ലെന്ന് കെ സുധാകരന്‍
തൃശൂര്‍: മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം തന്നെ അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്ന ചതിയുടെ ദിവസമാണിന്നെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അനില്‍ ആന്റണി സ്വന്തം പിതാവിനേയും കോണ്‍ഗ്രസിനേയും ഒറ്റിക്കൊടുത്തു. എകെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസില്‍ ആരുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. കൊടിപിടിച്ചിട്ടില്ല, പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല, മുദ്രാവാക്യം വിളിച്ചില്ല. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവരാരും പാര്‍ട്ടി വിട്ട് പോയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്തയാളാണ് അനില്‍. ആന്റണിയുടെ മകനായതിനായതിനാലാണ് അയാള്‍ കോണ്‍ഗ്രസുകാരനെന്ന് നമ്മള്‍പോലും പറയുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയം വ്യക്തിഗതമാണ്. ഒരു കുടുംബത്തില്‍ തന്നെ വ്യത്യസ്ത രാഷ്ട്രീയമുള്ളവര്‍ മുമ്പുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടവരുടെ ദയനീയാവസ്ഥ പരിശോധിക്കാവുന്നതാണ്. പാര്‍ട്ടിക്ക് വിയര്‍പ്പൊഴുക്കുന്ന ആരും കോണ്‍ഗ്രസ് വിട്ടുപോകില്ല. അനില്‍ ബി ജെ പിയില്‍ ചേര്‍ന്ന വിവരമറിഞ്ഞ് ആന്റണിയുമായി സംസാരിച്ചിരുന്നുവെന്നും മക്കളുടെ രാഷ്ട്രീയത്തിലിടപെടാറില്ലെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, അനില്‍ ആന്റണിയുടെ ബി ജെ പി പ്രവേശനത്തില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബി ജെ പിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം അപക്വമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബി ജെ പിയെ അറിയാവുന്ന ഒരാളും ബി ജെ പിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കുകയും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന ബിജെപിക്ക് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമാണിത്. അനില്‍ ബി ജെ പിയില്‍ ചേരുന്നത് കൊണ്ട് കേരളത്തില്‍ ആ പാര്‍ട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല. കേരളത്തില്‍ ബി ജെ പിക്ക് വേരോട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് മോദി കരുതുന്നത്. ത്രിപുര കഴിഞ്ഞാല്‍ ഇനി കേരളമെന്ന് പറയുന്ന അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്.
കേരളത്തെക്കുറിച്ച് അറിയാത്തത് കൊണ്ടാണ് മോദി ഇക്കാര്യം ഉച്ചത്തില്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. അനിലിന്റെ തീരുമാനം അബദ്ധമായിരുന്നുവെന്ന് കാലം തെളിയിക്കും. ഇതുകൊണ്ടൊന്നും കോണ്‍?ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. വര്‍ധിച്ച ആവേശത്തോടെ കോണ്‍ഗ്രസ് മുന്നോട്ടുപോകും. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നത് രാഹുല്‍ ഗാന്ധിയാണ്.
അനില്‍ ആന്റണി വീണിരിക്കുന്നത് രാഹുലിനെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ കെണിയിലാണ്. അത് അദ്ദേഹത്തിന് പിന്നീട് ബോധ്യപ്പെടും. വ്യക്തിയെന്ന നിലയില്‍ അനില്‍ എടുത്ത തീരുമാനം ഒരിക്കലും ആന്റണിയെ ബാധിക്കില്ല. പതിറ്റാണ്ടുകളായി എ.കെ ആന്റണിയെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം.
ആദര്‍ശ ധീരതയോടെ കേരളത്തിലെ കോണ്‍ഗ്രസിന് നേതൃത്വം കൊടുത്തയാളാണ് എ കെ ആന്റണി . അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് ഇതിലൂടെ ഒരു മങ്ങലും ഏല്‍പ്പിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും ജനാധിപത്യവാദികളായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതെല്ലാം ബോധ്യപ്പെടുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിനോ പോക്ഷക സംഘടനകള്‍ക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങള്‍ അനില്‍ ആന്റണി ചെയ്തിട്ടില്ല. ഏല്‍പ്പിച്ച ചുമതല പോലും അനില്‍ കൃത്യമായി നിര്‍വഹിച്ചിരുന്നില്ല.
അനില്‍ ആന്റണി ബി.ജെ.പിയുടെ കെണിയില്‍ വീഴുകയായിരുന്നെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ബി ജെ പി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് അനില്‍ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീര്‍ത്തും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും.
എ കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ ആന്റണി കാണിച്ച നിന്ദയാണിത്. മരണം വരെ കോണ്‍ഗ്രസുകാരനും സംഘപരിവാര്‍ വിരുദ്ധമായിരിക്കുമെന്ന് എ കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതുകൊണ്ട് എ കെ ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദര്‍ശ ധീരതയ്‌ക്കോ ഒരു കോട്ടവും ഉണ്ടാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications