'ഗ്രൂപ്പ് യോഗം ചേര്‍ന്നില്ല'; 'വിള്ളലുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും വിലപ്പോകില്ല'; - കെ.സുധാകരൻ
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്നും അത് പരിശോധിക്കാന്‍ കെ പി സി സി പ്രസിഡന്റ് ആളെ വിട്ടെന്നുമുള്ള റിപ്പോർട്ടുകൾ തളളി കെ സുധാകരൻ. അത്തരത്തിൽ ഒരു ഗ്രൂപ്പ് യോഗവും നടന്നിട്ടില്ല. പരിശോധിക്കാന്‍ താന്‍ ആളെ വിട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിനെ കാണാന്‍ പോയവര്‍ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പ് യോഗം ആകുമെന്നും കെ പി സി സി പ്രസിഡന്‍റ് ചോദിച്ചു. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു തരത്തിലുമുള്ള പ്രവര്‍ത്തനവും ഭൂഷണമല്ലെന്നും ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അതിന് മുതിരുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തികഞ്ഞ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. അതില്‍ വിള്ളലുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അത് വിലപ്പോകില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നൽകി.

കെ. സുധാകരന്റെ വാക്കുകൾ ഇങ്ങനെ ; -
"പ്രതിപക്ഷനേതാവ് വിഡി സതീശന്‍റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്നും അത് പരിശോധിക്കാന്‍ താന്‍ ആളെ വിട്ടെന്നുമുള്ള പ്രചാരണം തെറ്റാണ്. പരിശോധന നടത്താന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. പുനഃസംഘടന നടക്കുന്നതിനാല്‍ പലനേതാക്കളും വന്ന് കാണാറുണ്ട്.
പ്രതിപക്ഷ നേതാവിനെ കാണാന്‍ പോയവര്‍ തന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പുയോഗമാകും. ഇത്തരം ഒരു വിവാദം ഉണ്ടായപ്പോള്‍ വിഡി സതീശന്‍ തന്നെ വിളിക്കുകയും ഞങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തതിട്ടുണ്ട്. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു തരത്തിലുമുള്ള പ്രവര്‍ത്തനവും ഭൂഷണമല്ല.
ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അതിന് മുതിരുമെന്ന് ഒരിക്കലും കരുതുന്നില്ല. ആഭ്യന്തരജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പുനല്‍കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആക്ഷേപം ഉണ്ടെങ്കില്‍ അത് നേതൃത്വത്തെ ധരിപ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. തികഞ്ഞ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. അതില്‍ വിള്ളലുണ്ടാക്കാന്‍ ആരുശ്രമിച്ചാലും അത് വിലപ്പോകില്ല ' - സുധാകരന്‍ പറഞ്ഞു.
അതേസമയം, ഗ്രൂപ്പ് യോഗം നടത്തിയെന്ന ആരോപണം വി ഡി സതീശന്‍ തള്ളിയിരുന്നു. തനിക്ക് എതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ കുല്‍സിത പ്രവര്‍ത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചിലര്‍ പിന്നില്‍ നിന്ന് വലിക്കുകയാണ്. ടി യു രാധാകൃഷ്ണന്‍ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വന്നതാണ്. ഒരു പണിയുമില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. തനിക്ക് വേറെ ഒരുപാട് പണിയുണ്ട്. നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ഒരു തെറ്റും പറയാനില്ല. ടീം വര്‍ക്കാണ് നടക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേർത്തിരുന്നു.












Click it and Unblock the Notifications