പദ്മജ,ബിന്ദു കൃഷ്ണ കൂടാതെ ബൽറാമും അനിൽ അക്കരെയും; നേതൃത്വത്തിലേക്ക് ഇവർ? ദില്ലിയിലെ ചർച്ചകൾ
തിരുവനന്തപുരം; കെ പി സി സി പുനഃസംഘടന സംബന്ധിച്ച അന്തിമ സാധ്യതാ പട്ടികയുമായി ദില്ലിയിലെത്തിയ പാർട്ടി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈക്കമാന്റുമായി ഉടൻ കൂടിക്കാഴ്ച നടത്തും.ചർച്ചകൾ പൂർത്തിയാക്കി അടുത്ത ആഴ്ചയോടെ പട്ടിക പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം. നേരത്തേ ഒക്ടോബർ ആദ്യവാരത്തോടെ പ്രഖ്യാപനം നടത്താനായിരുന്നു നേതൃത്വത്തിന്റെ തിരുമാനം. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് മാനേജർമാരായ മുതിർന്ന നേതാക്കളുമായി കെപിസിസി നേതൃത്വം ചർച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനിടയിലായിരുന്നു നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുൻ കെ പി സി സി അധ്യക്ഷൻമാരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരസ്യമായി രംഗത്തെത്തിയത്. നേതൃത്വം ഏകപക്ഷീയമായിട്ടാണ് പെരുമാറുന്നതെന്ന് ആരോപിച്ച് വി എം സുധീരൻ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവെച്ചിരുന്നു. അദ്ദേഹം എ ഐ സി സി അംഗത്വവും രാജിവെച്ചിരുന്നു. എന്നാൽ പുനഃസംഘടന നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹൈക്കമാന്റ് നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും നടപടികൾക്ക് വേഗം പകർന്നത്.

ഡി സി സി അധ്യക്ഷൻമാരുടെ പട്ടികയെ ചൊല്ലി പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായ സാഹചര്യത്തിൽ ഹൈക്കമാന്റിന്റെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന നേതാക്കളുമായി കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ പുനഃസംഘടന സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങളും തയ്യാറാക്കിയിരുന്നു. ഇതുപ്രകാരം 5 വർഷം ഭാരവാഹികളായിരുന്നവരേയും ജനപ്രതിനിധികളേയും കെ പി സി സി ഭാരവാഹികളായി നിയമിക്കേണ്ടതില്ലെന്നായിരുന്നു തിരുമാനം. ഡി സി സി അധ്യക്ഷൻമാർ ആയിരുന്നവരേയും പരിഗണിക്കേണ്ടെന്ന് നേതൃത്വം തിരുമാനിച്ചിരുന്നു.

എന്നാൽ മാനദണ്ഡങ്ങൾ നടപ്പാക്കിയാൽ മുതിർന്ന നേതാക്കളിൽ പലരും പുറത്താകുമെന്നതിനാൽ ഇവർ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. 250 ഓളം പേർ ഉള്ള ഭാരവാഹികളുടെ എണ്ണം 51 ലേക്ക് ചുരുക്കുമ്പോൾ തന്നെ പല നേതാക്കൾക്കും അവസരം നഷ്ടമാകും. ഇത് കൂടാതെ മാനദണ്ഡങ്ങൾ കൂടി നടപ്പാക്കുന്നത് ഗ്രൂപ്പ് നേതാക്കളെ മാറ്റി നിർത്താനാണെന്നായിരുന്നു നേതാക്കൾ ഉയർത്തിയ വിമർശനം.അതിനാൽ മാദണ്ഡങ്ങൾ പുനഃപരിശോധിച്ച് ഭാരാവഹികളുടെ എണ്ണം 51 ൽ നിന്ന് ഉയർത്തണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തന്നെയാണ് ഹൈക്കമാന്റിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും നിലപാട്. ജംബോ പട്ടിക പൊളിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു.

നിലവിൽ ജനറല്‍ സെക്രട്ടറിമാരേയും വൈസ് പ്രസിഡന്റ് മാരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയുമാണ് പ്രഖ്യാപിക്കേണ്ടത്. ഇതിനോടകം തന്നെ ഉമ്മൻചാണ്ടിയിൽ നിന്നും രമേശ് ചെന്നിത്തലയിൽ നിന്നും പ്രത്യേക പട്ടിക കെ പി സി സി നേതൃത്വം സ്വീകരിച്ചിരുന്നു. എന്നിരുന്നാലും ഗ്രൂപ്പുകൾ നിർദ്ദേശിച്ച മുഴുവൻ പേരുകളും പരിഗണിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് റിപ്പോർട്ട്. ഡി സി സി അധ്യക്ഷൻമാരുടെ പട്ടിക തയ്യാറാക്കിയപ്പോൾ വനിതകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ആക്ഷേപം ഉണ്ടായിരുന്നു. ഹൈക്കമാന്റും ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ യുവാക്കളും വനിതകൾക്കും അർഹമായ പ്രാതിനിധ്യം ലഭിച്ചേക്കും.

ആര്യാടൻ ഷൗക്കത്ത് അനിൽ അക്കര, വി ടി ബൽറാം,എംജെ ജോബ്, ജ്യോതികുമാർ ചാമക്കാല, എം എം നസീർ എന്നിവരുടെ പേരാണ് ഇപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. മലപ്പുറത്ത് നേരത്തേ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്ന നേതാവായിരുന്നു ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിനായി എ,ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി ചരടുവലി നടത്തിയിരുന്നു. എന്നാൽ ഗ്രൂപ്പ് അതീതമായ നേതാവ് എന്ന തിരുമാനം നടപ്പാക്കിയതോടെ വിഎസ് ജോയിക്ക് നറുക്ക് വീഴുകയായിരുന്നു. ബൽറാമിന്റേയും ചാമക്കാലയുടേയും പേരുകളും നേരത്തേ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

എ ഗ്രൂപ്പ് നിർദ്ദേശം അനുസരിച്ച് വർക്കല കഹാർ,തൊടിയൂർ രാമചന്ദ്രൻ, ശിവദാസൻ നായർ,പി എ സലീം എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. വി എസ് ശിവകുമാർ, കരകുളം കൃഷ്ണ പിള്ള, എ എ ഷുക്കൂർ,ഫിലിപ്പ് ജേക്കബ്,ഐ കെ രാജു, പിടി അജയ് മോഹൻ, എം നീലകണ്ഠൻ എന്നിവരുടെ പേരുകളാണ് രമേശ് ചെന്നിത്തല നിർദ്ദേശിച്ചത്. അതേസമയം
എം ലിജു,സതീശൻ പാച്ചേനി, ഇബ്രാഹിം കുട്ടി കല്ലാർ എന്നിവരുടെ പേരുകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവർക്ക് പൊതുമാനദണ്ഡങ്ങൾ തടസം ആകുമെങ്കിലും ഇളവ് നൽകാനാണ് ആലോചന. എന്നാൽ അത്തരം ഇളവുകൾ കൂടുതൽ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും വർക്കിംഗ് പ്രസിഡന്റുമാരുമെല്ലാം ജനപ്രതിനിധികൾ ആയിട്ടും അവർക്ക് സംഘടന ചുമതല നൽകുന്നതിനെ നേരത്തേ ഒരു വിഭാഗം നേതാക്കൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഹൈക്കമാന്റാണ് ഈ നിയമനങ്ങൾ നടത്തിയതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. കെപിസിസി പുനഃസംഘടനയിലും ചില നേതാക്കൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് നൽകിയാൽ അത് അംഗീകരിക്കാനാവില്ലെന്ന് ഇതിനോടകം തന്നെ നേതാക്കൾ വ്യക്താമക്കിയിട്ടുണ്ട്.

അതേസമയം ഇക്കുറിക്ക് വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയേക്കും. നേരത്തേ ഡി സി സി പുനഃസംഘടനയിൽ വനിതകളെ ഉൾപ്പെടുത്താതിരുന്നപ്പോൾ കെ പി സി സി പുനഃസംഘടനയിൽ ഇക്കാര്യം പരിഹരിക്കുമെന്നായിരുന്നു നേതൃത്വം ഹൈക്കമാന്റിനോട് അറിയിച്ചത്. നിലവിൽ സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ, മുൻ കൊല്ലം ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ, പദ്മജ വേണുഗോാൽ എന്നിവർ പ്രധാന ചുമതലകളിൽ എത്തിയേക്കുമെന്നാണ് സൂചന.നേരത്തേ തൃശ്ശൂർ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവ് കൂടിയായിരുന്നു പദ്മജ. അതേസമയം ഹൈക്കമാന്റ് ആകും പട്ടികയിൽ അന്തിമ തിരുമാനം കൈക്കൊള്ളുക. പല പേരുകളും അവസാന നിമിഷം പട്ടികയിൽ നിന്നും ഒഴിവാകാനുള്ള സാധ്യത ഉണ്ട്.












Click it and Unblock the Notifications