എംപിമാരും എംഎല്‍മാരും ഇല്ല; കെപിസിസിയെ നയിക്കാന്‍ പുതുമുഖങ്ങളും യുവാക്കളും എത്തും
തിരുവനന്തപുരം; ഡിസിസി അധ്യക്ഷ പട്ടികയ്ക്കെതിരെ പ്രതിഷേധിച്ച മുതിർന്ന നേതാക്കളെ അനുനയിപ്പിച്ചതോടെ കോൺഗ്രസ് രണ്ടാം ഘട്ട പുന;സംഘടന നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഒരു മാസത്തിനുള്ളിൽ തന്നെ കെപിസിസി,ഡിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കണമെന്നും മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ടാകണം നടപടിയെന്നും ഹൈക്കമാന്റും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡിസിസി അധ്യക്ഷ പ്രഖ്യാപനം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചതിനാൽ കെപിസിസി പുന;സംഘടനയിൽ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് നീങ്ങാനാണ് നേതൃത്വത്തിന്റെ തിരുമാനം. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വിശദമായ കൂടിയാലോചനകൾ കെപിസിസി നേതാക്കൾ നടത്തും. കഴിഞ്ഞ ദിവസം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി സെന്ററിൽ ആരംഭിച്ച ഡിസിസി പ്രസിഡന്റുമാരുടെ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ മുതിർന്ന നേതാക്കളും അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രാരംഭ ചർച്ചകളിലേക്ക് കടന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

ഇത്തവണ ജംബോ കമ്മിറ്റികൾ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി നിർവ്വാഹക സമിതി അംഗങ്ങൾ അടക്കം 51 പേരായിരിക്കും അംഗങ്ങൾ. 15 പേരെ ജനറൽ സെക്രട്ടറിമാരായും തിരഞ്ഞെടുക്കും. ഗ്രൂപ്പ് വീതം വെയ്പ്പുകൾ യാതൊരു കാരണവശാലും ഉണ്ടാകില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തിയ മാതൃക തന്നെയായിരിക്കും ഇക്കാര്യത്തിൽ നടപ്പാക്കുക. ഗ്രൂപ്പുകൾ സ്വന്തം നിലയ്ക്ക് പട്ടിക സമർപ്പിച്ച് വിലപേശൽ വേണ്ട, മറിച്ച് എല്ലാവരിൽ നിന്നും നിർദ്ദേശം തേടും. ഇത് ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തിരുമാനം.

പ്രവർത്തന മികവും പൊതുജന സ്വീകാര്യതയുമാകും പ്രധാന മാനദണ്ഡം. നിലവിൽ കെപിസിസി നേതൃത്വവും തിരഞ്ഞെടുക്കപ്പെട്ട ഡിസിസി അധ്യക്ഷൻമാരും ഗ്രൂപ്പ് അതീതരാണെന്നതാണ് ഹൈക്കമാന്റ് വിശ്വാസം. ഇത്തരത്തിൽ ഉള്ള പുതിയൊരു ടീം തന്നെ വേണം സംസ്ഥാന കോൺഗ്രസിനെ നയിക്കേണ്ടതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. അതിനാൽ ശക്തരായ നേതാക്കൾ എന്നത് മാത്രമായിരിക്കണം പ്രധാന മാനദണ്ഡമെന്നും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് സമാനമായി തന്നെ പ്രായപരിധി മാനദണ്ഡമാക്കിയിലേക്കില്ലെന്നാണ് സൂചന. നേരത്തേ 70 കഴിഞ്ഞവരെ ഭാരവഹികളാക്കേണ്ടതില്ലെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ പ്രായമല്ല പ്രവർത്തന മികവിനാണ് മുൻതൂക്കമെന്നാണ് നേതൃത്വം പറയുന്നു. ഇത്തവണ ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൽ 70 വയസുള്ള നേതാക്കൾ ഇടംപിടിച്ചിരുന്നു.

നേരത്തേ ഭാരവാഹികൾ ആയിരുന്നവർക്ക് അവസരം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്നും നേതൃത്വം പറയുന്നു. എന്നാൽ കൂടുതൽ കാലം ഭാരവാഹികളായവർ വീണ്ടും ആവശ്യം ഉയർത്തിയാൽ അംഗീകരിക്കില്ല. ഇത്തരക്കാർ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലേക്ക് മാറണമെന്നതാണ് നേതൃത്വം വ്യക്തമാക്കുന്ന. എംഎൽഎമാർക്കും എംപിമാർക്കും അവസരം നൽകേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ മാറ്റി നിർത്തേണ്ടതില്ലെന്നും തിരുമാനമുണ്ട്.

ഡിസിസി അധ്യക്ഷ പട്ടികയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് അവസരം നൽകേണ്ടതില്ലെന്ന മാനദണ്ഡം വലിയ അതൃപ്തിക്ക് വഴിവെച്ചിരുന്നു. ഹൈക്കമാന്റായിരുന്നു ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇതോടെ പല മികച്ച നേതാക്കൾക്കും അവസരം നഷ്ടമായിരുന്നുവെന്നതായിരുന്നു ആക്ഷേപം. അതേസമയം ഇത്തവണ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാതിനിധ്യം നൽകണമെന്നാണ് തിരുമാനം.

ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തേ ആദ്യ ഘട്ട ചർച്ചയിൽ യുവാക്കളുടേയും സ്ത്രീകളുടേയും പേരുകളായിരുന്നു പ്രധാനമായും ഉയർന്നത്. യുവ നേതാക്കളായ വിടി ബൽറാം, കെഎസ് ശബരീനാഥ്, വനിതാ നേതാക്കളായ പദ്മജ വേണുഗോപാൽ, സുമ ബാലകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെയെല്ലാം പേരുകൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ അന്തിമ ഘട്ട ചർച്ചയിൽ ഇവരെല്ലാം തഴയപ്പെട്ടു. ഇതിൽ ഹൈക്കമാന്റ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. വനിതാ, ദളിത് പ്രാതിനിധ്യം ഇല്ലാത്തതിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ചോദ്യം ചെയ്തിരുന്നു.

അതേസമയം കെപിസിസി പുന;സംഘടനയിൽ പോരായ്മകൾ മറികടക്കുമെന്നാണ് നേതൃത്വം മറുപടി നൽകിയത്. കൂടുതൽ വനിതകൾക്കും അവസരം നൽകുമെന്നും നേതൃത്വം അറിയിച്ചിരുന്നു. ഇതോടെ തഴയപ്പെട്ട പല നേതാക്കളും ഇത്തവണ പട്ടികയിൽ കടന്ന് കൂടുമെന്നാണ് സൂചന. സംസ്ഥാനത്തെ ഏക കോൺഗ്രസ് ഡിസിസി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണ ഉൾപ്പെടയുള്ളവർക്ക് അവസരം നൽകിയേക്കും.

മികച്ച പ്രവർത്തനം കാഴ്ച വെച്ച ബിന്ദുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതിൽ തന്നെ പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. 14 ജില്ലാ അധ്യക്ഷൻമാരേയും മാറ്റിയ സാഹചര്യത്തിലായിരുന്നു ബിന്ദുവിനേയും മാറ്റിയത്. കെപിസിസി പുന;സംഘടനയിൽ അവപ്ഡക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം ശക്തമാണ്. ബിന്ദുവിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയേക്കുമെന്നാണ് സൂചന.അതേസമയം
മറ്റ് ചില അപ്രതീക്ഷിത പേരുകളും ഇടംപിടിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്.

അതിനിടെ ഡിസിസി ഭാരവാഹികളെ കണ്ടെത്താൽ ജില്ലാ തലത്തിൽ പ്രത്യേക സമിതി രൂപീകരിക്കാനാണ് നിലവിൽ തിരുമാനമായിരിക്കുന്നത്. മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ അടക്കമുളളവര്‍ സമിതിയില്‍ അംഗങ്ങളാകും. ഇവരിൽ നിന്നും ആദ്യം പട്ടിക തേടും. ഇത് പ്രകാരം ചർച്ച നടത്തിയ ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുക.
Recommended Video


ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ കലാപം ആവർത്തിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുമാനം. നേരത്തേ സംസ്ഥാനത്തെ 9 ജില്ലകളിൽ എ ഗ്രൂപ്പും 5 ജില്ലകളിൽ ൈ ഗ്രൂപ്പുമായിരുന്നു അധ്യക്ഷ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ ഗ്രൂപ്പ് നേതാക്കളെ സമിതിയിൽ ഉൾപ്പെടപത്തുന്നതോടെ ഒരു പരിധി വരെ തർക്കങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

അതേസമയം പ്രതിഷേധങ്ങൾ ഇല്ലാതെ പുന;സംഘടന പൂർത്തിയാക്കുകയെന്നത് കെപിസിസി നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാകും. നേരത്തേ തിരിച്ചടി നേരിട്ട ഗ്രൂപ്പ് നേതാക്കളെ സംബന്ധിച്ച് കെപിസിസി,ഡിസിസി പുന;സംഘടനയാണ് അവസാന പിടിവള്ളി. ഇതിൽ നിന്നും തഴയപ്പെട്ടാൽ സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് അപ്രമാധിത്വം പൂർണമായും നഷ്ടമാകും. മുതിർന്ന നേതാക്കളായ ചെന്നിത്തലയും ഉമ്മൻചാണ്ടിയുടേയും ഇപ്പോഴത്തെ മൗനം വെറും താത്കാലികം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications