ക്യാഷ് കൗണ്ടറുകൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കെ എസ് ഇ ബി; നീക്കം ചില്ലറ പ്രതിഷേധത്തിന് പിന്നാലെ?
തിരുവനന്തപുരം: ക്യാഷ് കൗണ്ടറുകൾ വെട്ടിക്കുറയ്ക്കാൻ കെ എസ് ഇ ബി. ആധുനികവത്ക്കരണത്തിന്റെ ഭാഗമായാണ് ക്യാഷ് കൗണ്ടറുകൾ കുറയ്ക്കാനുള്ള നീക്കം എന്നാണ് വിശദീകരണം. കെ എസ് ഇ ബിക്ക് സംസ്ഥാനത്ത് 776 സെക്ഷൻ ഓഫീസുകളാണ് ഉള്ളത്.
ഇതിൽ 400 ഓഫീസുകളിൽ രണ്ട് ക്യാഷ് കൗണ്ടർ വീതം പ്രവർത്തിക്കുന്നുണ്ട്. 6000 ഉപഭോക്താക്കളിൽ കൂടുതലുള്ള സെക്ഷനുകളിലാണ് കൂടുതൽ കൗണ്ടറുകൾ,കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം ബിൽ കലക്ഷൻ തുകയുടെ 29 ശതമാനം മാത്രമാണ് കൗണ്ടറുകളിലൂടെ കെ എസ് ഇ ബിക്ക് ലഭിച്ചത്.

ഓൺലൈനായും മറ്റ് സംവിധാനങ്ങളിലൂടെയുമാണ് ബാക്കി തുക എത്തിയത്. 1500 രൂപയ്ക്ക് മുകളിൽ ഉള്ള ബില്ല് ഓൺലൈനായി മാത്രമാണ് ഇപ്പോൾ സ്വീകരിക്കുന്നത് ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാനായാണ് കൗണ്ടറുകൾ കുറയ്ക്കുന്നത്. കൗണ്ടറിലെ ജീവനക്കാരെ മാറ്റി നിയമിക്കും.
കെ എസ് ഇ ബിയുടെ പട്ടാഴി സെക്ഷനിൽ ബില്ലടയ്ക്കാൻ വാർഡ് മെമ്പർ പതിനായിരം രൂപ നാണയമായി കൊണ്ടുവന്നതിന് പിന്നാലെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഈ നാണയങ്ങൾ മുഴുവൻ ഉദ്യോഗസ്ഥർ എണ്ണുകയായിരുന്നു.
കൊല്ലം തലവൂർ പഞ്ചായത്ത് രണ്ടാലുംമൂട് വാർഡ് ബി ജെ പി അംഗം സി രഞ്ജിത്താണ് വാർഡിലെ 9 വീട്ടുകാരുടെ ബില്ലടയ്ക്കാൻ ചില്ലറയുമായി പട്ടാഴി സെക്ഷനിൽ എത്തിയത്.
ദിവസവും 20 തവണയെങ്കിലും കറന്റ് പോകുന്നുവെന്ന് ആരോപിച്ചായിരുന്നു വാർഡ് മെമ്പറുടെ പ്രതിഷേധം. നാണയം എണ്ണത്തിട്ടപ്പെടുത്താൻ ക്യാഷ് കൗണ്ടറിലെ ജീവനക്കാർ ബുദ്ധിമുട്ടി. അതേസമയം 20 ത് തവണ കറന്റ് പോകുമെന്ന ആരോപണം കെ എസ് ഇ ബി നിഷേധിച്ചു.












Click it and Unblock the Notifications