വൈദ്യുതി ബിൽ ഓരോ മാസവും തന്നെ നൽകാൻ കെഎസ്ഇബി; സെൽഫ് മീറ്റർ റീഡിംഗ് വരുമോ?
തിരുവനന്തപുരം: ഉപയോക്താക്കൾക്ക് മാസം തോറം വൈദ്യുതി ബിൽ നൽകുന്നതിന് കെ എസ് ഇ ബി സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശം അനുസരിച്ചാണ് ഈ നീക്കം. ആവശ്യപ്പെടുന്നവർക്ക് അവർ സ്വയം നടത്തുന്ന മീറ്റർ പരിശോധനയുടെ അടിസ്ഥാനത്തിൽ ( സെൽഫ് മീറ്റർ റീഡിംഗ് ) മാസം തോറും ബിൽ നൽകുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്.
ഇപ്പോൾ രണ്ട് മാസത്തിൽ ഒരിക്കൽ മീറ്റർ റീഡർ വീടുകളിൽ വന്നാണ് വൈദ്യുതി ബിൽ നൽകുന്നത്. രണ്ട് മസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിർണയിക്കുന്നത്. ഇങ്ങനെ രണ്ട് മാസത്തിൽ ഒരിക്കൽ ബിൽ നൽകുന്നത് കൊണ്ട് ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അത് കൊണ്ട് കൂടുതൽ പണം നൽകേണ്ടി വരുമെന്നും ചിലർ ഉയർത്തുന്ന വിമർശനം.
വൈദ്യുത നിരക്ക് കൂട്ടുന്നതിനെ പറ്റി അടുത്തിടെ കെ എസ് ഇ ബി നടത്തിയ തെളിവെടുപ്പുകളിൽ മാസം തോറും ബിൽ നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ബിൽ രണ്ട് മാസത്തിൽ ഒരിക്കൽ നൽകുന്നത് കൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മീഷൻ വിശദീകരിച്ചിരുന്നു.

എന്നാൽ തെളിവെടുപ്പുകളിൽ പങ്കെടുത്ത ഭൂരിഭാഗവും ഈ വിശദീകരണത്തിൽ തൃപ്തരല്ലെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ആവശ്യപ്പെടുന്നവർക്ക് മാസം തോറും ബിൽ നൽകാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ കമ്മീഷൻ ബോർഡിന് നിർദേശം നൽകിയത്. ബിൽ നൽകുന്നതിൽ അപാകമില്ലെന്നാണ് കമ്മീഷൻ നിരീക്ഷിച്ചത്.
നേരത്തെ കോവിഡ് വ്യാപന സമയത്ത് വീടുകളിൽ മീറ്റർ റീഡിംഗ് തടസ്സപ്പെട്ടപ്പോൾ ഉപയോക്താക്കൾ സെൽഫ് മീറ്റർ റീഡിംഗ് നടത്തി അറിയിക്കാൻ കെ എസ് ഇ ബി ആപ്പ് വികസിപ്പിച്ചിരുന്നു. ഇതേ മാതൃക സ്വീകരിക്കാനാകുമോ എന്നാണ് കമ്മീഷൻ ചോദിച്ചത്. പതിവ് പോലെ കെ എസ് ഇ ബി രണ്ട് മാസത്തിലാരിക്കൽ വീടുകളിൽ മീറ്റർ റീഡിംഗ് നടത്തും.
ഇടയ്ക്കുള്ള മാസത്തെ റീഡിംഗ് ഉപയോക്താവ് സ്വയം മീറ്റർ പരിശോധിച്ച് കെ എസ് ഇ ബിയെ അറിയിക്കണം. അതിനുള്ളിൽ ബിൽ കെ എസ് ഇ ബി അയയ്ക്കും അടുത്തമാസം മീറ്റർ റീഡർ പരിശോധിക്കുമ്പോൾ മുൻ മാസത്തെ ഉപയോഗത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടെഹ്കിൽ അത് ക്രമീകരിക്കും. എല്ലാ മാസവും വീടുകളിലെത്തി മീറ്റർ റീഡിംഗ് പ്രായോഗികമല്ലെന്ന് കെ എസ് ഇ ബി അറിയിച്ചതിനാലാണ് സെൽഫ് റീഡിംഗ് സാധ്യമാണോ എന്ന് പരിശോധിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചത്.












Click it and Unblock the Notifications