'ശമ്പളം വൈകുന്തോറും പലരോടും മറുപടി പറയണം, പ്രതിഷേധിക്കാന്‍ ഭയമില്ല'; വനിത കണ്ടക്ടര്‍ അഖില
കൊല്ലം: ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ അഖില എസ് നായര്‍. തനിക്ക് പ്രതിഷേധിക്കാന്‍ ഭയമില്ലെന്ന് അഖില എസ് നായര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. ശമ്പളം വൈകുംതോറും പലരോടും മറുപടി പറയേണ്ടിവരുന്നത് അപമാനമാണ്. വളരെ മാന്യവും ശാന്തവുമായാണ് താന്‍ പ്രതിഷേധിച്ചതെന്നും അഖില പറഞ്ഞു.
തന്റെ ഈ വരുമാനത്തില്‍ മാത്രം ജീവിക്കുന്നത കുടുംബമാണ്. ശമ്പളം വൈകുംതോറും ഏതൊക്കെ ആളുകളോടാണ് മറുപടി പറയേണ്ടിവരും എന്നത് താന്‍ നേരിട്ട അപമാനമാണ്. മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പറ്റുന്നില്ല. കടയിലെ പറ്റ് തീര്‍ക്കാന്‍ സാധിക്കുന്നില്ല. ബാങ്കില്‍ ലോണടവ് തിരിച്ചടക്കാന്‍ സാധിക്കുന്നില്ല. ഒരുപാട് കാര്യങ്ങള്‍ ബുദ്ധിമുട്ടായി.

ഏതെങ്കിലും നമ്മുടെ മാനസിക സംഘര്‍ഷം പ്രതിഷേധമായി രേഖപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇതോടൊപ്പം ജോലി ചെയ്യുന്ന സ്ഥാപനത്തിന് അത് ബുദ്ധിമുട്ടാകരുതെന്ന കണക്കുകൂട്ടലും ഉണ്ടായിരുന്നു. ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നിട്ടില്ല. ഡ്യൂട്ട് ചെയ്യാതിരുന്നിട്ടില്ല, യാത്രക്കാരെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും അഖില പറഞ്ഞു.
തന്റെ പ്രതിഷേധം ഒരിക്കലും വൈറലാകുമെന്ന് ചിന്തിച്ചിട്ടില്ല. ബാഡ്ജ് ധരിച്ചതിന്റ പേരില്‍ ഫോട്ടോ എടുക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഫേസ്ബുക്കില്‍ അക്കൗണ്ട് പോലും ഇല്ലാത്ത ആളാണ് ഞാന്‍. എം എസ് എസി ബി എഡ് കഴിഞ്ഞ ആളാണ്. നിരവധി ടെസ്റ്റുകള്‍ എഴുതിയാണ് ജോലിക്ക് കയറിയത്. ആസ്വദിച്ചാണ് ജോലി ചെയ്യുന്നതെന്നും അഖില വ്യക്തമാക്കി.
അതേസമയം, ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധച്ച അഖിലയെ പാല ഡിപ്പോയിലേക്കാണ് അധികൃതര്‍ സ്ഥലം മാറ്റിയത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി 11-ാം തിയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്. പ്രതിഷേധ ബാഡ്ജ് ധരിച്ച അഖിലയുടെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനും കെ എസ് ആര്‍ ടി സിക്കും അപകീപര്‍ത്തിപ്പെടുത്തിയെന്നാണ് സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നത്.
അതേസമയം, അഖിലയെ സ്ഥലം മാറ്റിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുന്നുണ്ട്. സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. 41 ദിവസം ജോലി ചെയ്തു. മാസ ശമ്പളം കിട്ടിയില്ല. ജോലി ചെയ്താല്‍ കൂലി കിട്ടണം. കിട്ടിയില്ലെങ്കില്‍ തൊഴിലാളികള്‍ അത് ചോദിച്ച് വാങ്ങുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശമ്പള രഹിത സേവനം നാല്‍പ്പത്തി ഒന്നാം ദിവസമെന്ന് ഒരു തുണ്ടുകടലാസില്‍ യൂണിഫോമില്‍ പിന്‍ ചെയ്ത് വച്ചതാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില . എസ്.നായര്‍ ചെയ്ത വലിയ തെറ്റ് . വൈക്കത്ത് നിന്ന് പാലയിലേക്ക് സ്ഥലം മാറ്റി നടപടിയും എടുത്തു. ചെയ്ത ജോലിക്ക് ശമ്പളം നല്‍കുന്നതിനേക്കാള്‍ ആര്‍ജ്ജവത്തോടെ ശമ്പളം ചോദിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന പൊതുമേഖല സ്ഥാപനമാണ് കെ എസ് ആര്‍ ടി സി.
സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത ? ആവശ്യത്തിനും അനാവശ്യത്തിനും സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സി പി എം നേതാക്കള്‍ക്ക് എന്ത് പറയാനുണ്ട് ? തൊഴിലാളി വര്‍ഗത്തിന്റെ കരുത്തില്‍ നിന്ന് ഉയര്‍ന്നു വന്നവരാണെങ്കില്‍ , നിങ്ങള്‍ ഇപ്പോള്‍ തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്. സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിച്ച് കോടികള്‍ പൊടിക്കുന്നതിന് പകരം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications