'കെഎസ്ആര്‍ടിസി തന്റെകൂടി കുഞ്ഞാണ്'; മന്ത്രി ഗണേഷ് കുമാറിനെതിരെ ആന്റണി രാജു, അതൃപ്‌തി പരസ്യമാക്കി
തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടന ദിവസം മന്ത്രി കെബി ഗണേഷ് കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ ഗതാഗതമന്ത്രി കൂടിയായ ആന്റണി രാജു രംഗത്ത്. ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാതെ നടത്താനുള്ള ശ്രമത്തിൽ ആന്റണി രാജു പരോക്ഷമായി അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു. ജനുവരിയില്‍ ഫ്ലാഗ് ചെയ്യേണ്ട ബസ് എന്തിനാണ് ഇത്രയും വൈകിപ്പിച്ചതെന്ന് അറിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താൻ മന്ത്രിയായിരുന്ന കാലത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചതെന്ന് ആന്റണി രാജു തുറന്നടിച്ചു. സ്‌മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി, 100 കോടി അനുവദിച്ച് കിട്ടിയതോടെയാണ് 103 ഇലക്ട്രിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളും വാങ്ങാന്‍ തീരുമാനിച്ചത്. ജനുവരി ആദ്യആഴ്‌ച തന്നെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ എത്തി. രണ്ടാമത്തെ ആഴ്‌ചയോടെ അടുത്ത ബസും എത്തി. ഇത് ജനുവരിയില്‍ തന്നെ ഓടിത്തുടങ്ങേണ്ടതായിരുന്നു. വണ്ടികള്‍ ഒരുമാസമായി വെറുതെ കിടക്കുകയായിരുന്നു; ആന്റണി രാജു ചൂണ്ടിക്കാട്ടി.

അത് വഴിയേ പോയപ്പോഴാണ് രണ്ട് ബസുകളും ഉദ്ഘാടന കര്‍മത്തിനായി ഒരുക്കിനിര്‍ത്തിയിരിക്കുന്നത് കണ്ടത്. ബന്ധപ്പെട്ടവര്‍ പറഞ്ഞത് പുത്തരിക്കണ്ടത്ത് നായനാര്‍ പാര്‍ക്കിലാണ് ഇത്രയും ബസുകള്‍ ഒരുമിച്ച് ഫ്ലാഗ് ഓഫ് ചെയ്യുക എന്നായിരുന്നു. എന്നാല്‍, ഇവിടെവെച്ചാണ് ചടങ്ങ് നടക്കുന്നതെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും ആന്റണി രാജു വ്യക്തമാക്കി.
കിഴക്കേകോട്ട-തമ്പാനൂര്‍ തുടങ്ങിയവയാണ് തിരുവനന്തപുരത്തിന്റെ ഹൃദയഭാഗങ്ങൾ. കഴിഞ്ഞ തവണ 50 ബസുകള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌ത കിഴക്കേകോട്ടയ്ക്ക് സമീപമുള്ള വലിയശാലയില്‍വെച്ചാണ്. അവിടെവെച്ചൊക്കെ ചെയ്യുന്നതിന് പകരം ഒഴിഞ്ഞ മൂലയില്‍ വെച്ച് ഫ്ലാഗ് ഓഫ് നടത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
കെഎസ്ആർടിസി തന്റെകൂടി കുഞ്ഞാണ്. അതുകൊണ്ട് കാണാനുള്ള കൗതുകം കൊണ്ട് ഇറങ്ങിയെന്നേയുള്ളൂ. ഫ്ലാഗ് ഓഫ് തന്റെ മണ്ഡലത്തിന്റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ആന്റണി രാജു, പുറത്തുവെച്ചാണെങ്കിലും തന്റെ മണ്ഡലത്തില്‍ തന്നെയാണ് ബസുകള്‍ ഓടിക്കേണ്ടിവരികയെന്നും കൂട്ടിച്ചേർത്തു.
പുത്തരിക്കണ്ടത്തിന് പകരം വികാസ് ഭവന്‍ ഡിപ്പോയില്‍വെച്ചാണ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങുകൾ നടന്നത്. ആന്റണി രാജുവിന്റെ മണ്ഡല പരിധിക്ക് പുറത്താണ് പരിപാടി നടന്നത്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തതിന് പിന്നാലെ പല വിഷയങ്ങളും ആന്റണി രാജുവുമായി അഭിപ്രായഭിന്നത പരസ്യമാക്കിയിരുന്നു. അതിന്റെ തുടർച്ചയാണ് ഏറ്റവും പുതിയ സംഭവം.
നേരത്തെ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ നഷ്‌ടമാണെന്ന് മന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഗണേഷിന്റെ ആരോപണത്തെ ഇല്ലാതാക്കുന്ന തരത്തിൽ വരുമാനവുമായി ബന്ധപ്പെട്ട കണക്കുകളുടെ റിപ്പോർട്ട് വന്നതോടെ മന്ത്രിക്ക് നിലപാടിൽ നിന്ന് പിന്നോട്ട് പോകേണ്ടി വന്നിരുന്നു. ഈ വിഷയത്തിൽ ഉൾപ്പെടെ ആന്റണി രാജു ഗണേഷിന്റെ നിലപാടുകളെ വിമർശിച്ചിരുന്നു.












Click it and Unblock the Notifications