'ശമ്പളരഹിത സേവനം 41ാം ദിവസം', ബാഡ്ജ് കുത്തി ജോലിക്ക്, കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: ഒരു മാസത്തിലേറെയായി ശമ്പളം ലഭിക്കാത്തതിന് എതിരെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം. ശമ്പളരഹിത സേവനം 41ാം ദിവസം എന്ന ബാഡ്ജ് കുത്തിയായിരുന്നു അഖില എസ് നായര്‍ എന്ന കണ്ടക്ടര്‍ പ്രതിഷേധിച്ചത്. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ ആയിരുന്നു അഖില. പാലായിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയിരിക്കുന്നത്.
പ്രതിഷേധ ബാഡ്ജ് ധരിച്ച് അഖില ജോലി ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ അഖില പാലിച്ചില്ലെന്ന് സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. പ്രതിഷേധ ബാഡ്ജ് ധരിച്ച് ജോലി ചെയ്യുന്നത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടത് സര്‍ക്കാരിനെയും കോര്‍പറേഷനേയും അപകീര്‍ത്തിപ്പെടുത്തിയെന്നും ഉത്തരവില്‍ പറയുന്നു.

അഖിലയ്ക്ക് എതിരെ നടപടിയെടുത്തതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. മുൻ എംഎൽഎ വിടി ബൽറാം കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' 41 ദിവസം ശമ്പളമില്ലാതെ പണിയെടുപ്പിക്കുന്നതല്ല പ്രശ്നം, അതൊരു ചെറിയ കടലാസിൽ എഴുതി സ്വന്തം വസ്ത്രത്തിൽ പിൻ ചെയ്തതാണ് മാപ്പർഹിക്കാത്ത ഗുരുതരമായ കുറ്റകൃത്യം. മാന്യമായ, ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ പേരിൽ ശിക്ഷാ നടപടികൾക്ക് വിധേയയായ വനിതാ ജീവനക്കാരി ശ്രീമതി. അഖില എസ്. നായർക്ക് പിന്തുണ.
കെഎസ്ആർടിസി എന്നത് പോലീസിനേയോ പട്ടാളത്തേയോ പോലെ കർശനമായ അച്ചടക്ക വ്യവസ്ഥകളുള്ള ഒരു യൂണിഫോംഡ് ഫോഴ്സൊന്നുമല്ല, സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ നിയമപരമായിത്തന്നെ അനുവദിച്ചു നൽകപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ്. അവിടെ ചെയ്ത ജോലിക്ക് ഒന്നര മാസമായിട്ടും ശമ്പളം കിട്ടാതിരിക്കുമ്പോൾ പ്രതികരിക്കുന്നത് ഇത്ര വലിയ പാതകമൊന്നുമല്ല. ഏതെങ്കിലും ഒരു യൂണിയൻ നേതാവായിരുന്നുവെങ്കിൽ ഇങ്ങനെയൊരു നടപടിയെടുക്കാൻ കെഎസ്ആർടിസി മാനേജ്മെന്റിന് ധൈര്യമുണ്ടാകുമായിരുന്നോ?
കെഎസ്ആർടിസി എംഡിയുടെ അന്തരിച്ച പിതാവിനേക്കുറിച്ച് പോലും അസഭ്യം പറയുന്ന പോസ്റ്ററുകൾ സിഐടിയുക്കാർ വ്യാപകമായി ബസ്സുകളിൽ പതിച്ചപ്പോൾ പോലും അവർക്കെതിരെ എന്തെങ്കിലും നടപടി എടുത്തതായി നമുക്കറിയില്ല. ഇതൊരു ഒറ്റപ്പെട്ട വനിതാ ജീവനക്കാരിയുടെ ആർജ്ജവപൂർണ്ണമായ പ്രതികരണമായതു കൊണ്ടാണോ അധികാരികൾ ഇങ്ങനെ വിറളി പിടിക്കുന്നത്? നിസ്സാരമായ പ്രതിഷേധ സ്വരങ്ങളോടുപോലും ഇത്രയും അസഹിഷ്ണുത കാണിക്കുന്ന ഒരു സംസ്ഥാന സർക്കാരിനെ പിന്തുണക്കുന്നവരാണോ രാജ്യത്തെ ജനാധിപത്യ നിഷേധങ്ങൾക്കെതിരെ ഒച്ചവയ്ക്കുന്നത്?!!












Click it and Unblock the Notifications