കെഎസ്ആർടിസി ടാർജറ്റ്: 'മോദിയുടെ നയമാണ് ആന്റണി രാജുവിന്'; രൂക്ഷവിമർശനവുമായി എഐടിയുസി
മാനേജ്മെന്റിന്റെ ഇത്തരം വികല നയങ്ങൾ ഏറ്റുപിടിക്കുന്നതിലൂടെ മോദിയുടെ നയമാണ് ആന്റണി രാജുവിനെന്ന് മനസ്സിലാക്കുന്നു.

തിരുവനന്തപുരം: കെ എസ് ആർ ടി സി യുടെ ടാര്‍ജറ്റ് സമ്പ്രദായത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ രൂക്ഷമായി വിമർശിച്ച് എ ഐ ടി യു സി. ടാര്‍ജറ്റ് സമ്പ്രദായം നിയമ വിരുദ്ധമാണെന്നും തൊഴിലന്തരീക്ഷം തകര്‍ക്കാന്‍ മാനേജ്‌മെന്റ് ഗൂഢാലോചന നടത്തുകയാണെന്നുമാണ് കെ എസ് ടി ഇ യു - എ ഐ ടി യു സി യുടെ ജനറല്‍ സെക്രട്ടറി എംജി രാഹുല്‍ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. മാനേജ്മെന്റിന്റെ ഇത്തരം വികല നയങ്ങൾ ഏറ്റുപിടിക്കുന്നതിലൂടെ മോദിയുടെ നയമാണ് ആന്റണി രാജുവിനെന്ന് മനസ്സിലാക്കുന്നുവെന്നും വാർത്താക്കുറിപ്പില്‍ വിമർശിക്കുന്നു. സംഘടന പുറത്തിറിക്കിയ വാർത്താ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കെ എസ് ആർ ടി സിയിൽ ശമ്പളത്തിന് ടാർജറ്റ് നിശ്ചയിച്ച സമ്പ്രദായം നിയമ വിരുദ്ധവും അശാസ്ത്രീയവുമാണ്. രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നൽന്നില്ല. നടപ്പാക്കാൻ പറ്റാത്തതെങ്കിലും, ഒരു എല്‍ ഡി എഫ് സർക്കാരിന്റെ കാലത്ത് തന്നെ ഇങ്ങനെ ഒക്കെ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നത് അപകട സൂചനയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതികൾക്കെതിരെ ബദലുയർത്തേണ്ട മുന്നണി ഭരണത്തിൽ നിന്നാണ് അപരിഷ്കൃതവും വികലവുമായ ഇത്തരം ശബ്ദമുയർന്ന് വരുന്നത്.

കെ എസ് ആർ ടി സിയിലെ തൊഴിലന്തരീക്ഷം തകർക്കാൻ മാനേജ്മെന്റും മന്ത്രിയും കുറെ നാളായി ഗൂഡാലോചന നടത്തിവരുകയാണ്. മാനസികമായി തൊഴിലാളിയെ എങ്ങനെ തകർത്ത്, തൊഴിൽ മടുപ്പിച്ച് മതിയാക്കിക്കാമെന്നതാണ് മാനേജ്മെന്റ് ലക്ഷ്യം. സിംഗിൾ ഡ്യൂട്ടിക്കു പിന്നിൽ മാനേജ്മെന്റിന്റെ ഈഗോയാണ്.പാറശ്ശാലയിൽ നടപ്പിലാക്കി പൂർണ്ണ പരാജയമായി മാറി. അതിന്റെ നഷ്ടം ചൂണ്ടിക്കാണിക്കുമ്പോൾ പൊതു ഗതാഗതം ജന സേവനമെന്ന് മാനേജ്മെന്റ് മറുപടി പറയുന്നു. ലാഭമില്ലെങ്കിൽ ശമ്പളമില്ലെന്ന് മറുവശത്ത് പറയുകയും ചെയ്യുന്നു.
മാനേജ്മെന്റിന്റെ ഇത്തരം വികല നയങ്ങൾ ഏറ്റുപിടിക്കുന്നതിലൂടെ മോദിയുടെ നയമാണ് ആന്റണി രാജുവിനെന്ന് മനസ്സിലാക്കുന്നു. ഈ അന്തരീക്ഷത്തിൽ തൊഴിലാളികളെയും സംഘടനകളെയും പ്രകോപിതരാക്കി പണിമുടക്കാനും സമരം ചെയ്യാനും പ്രേരിപ്പിക്കാനുള്ള അടവാണ് പിന്നിലുള്ളത്. അതോടെ ഒരു പരിഷ്കരണത്തിനും തൊഴിലാളികളും യൂണിയനുകളും അനുവദിക്കുന്നില്ലെന്ന് വിളിച്ചു പറഞ്ഞ് കഴിവുകേടിൽ നിന്നും ഒളിച്ചോടുകയാണ് ഇവരുടെ ലക്ഷ്യം. ആ കെണിയിൽ തൊഴിലാളികൾ വീഴരുതെന്നും ട്രാൻ. എംപ്ലോയീസ് യൂണിയൻ അഭ്യർത്ഥിക്കുന്നു.












Click it and Unblock the Notifications