ഭാരവാഹികൾ ഇഷ്ടം പോലെ എന്നാൽ ആർക്കും ഉത്തരവാദിത്തമില്ല; നേതൃത്വത്തിലെ പ്രശ്നങ്ങൾക്കെതിരെ ആഞ്ഞടിച്ച് അഭിജിത്ത്
ഭാരവാഹികൾ ഇഷ്ടം പോലെ എന്നാൽ ആർക്കും ഉത്തരവാദിത്തമില്ല; നേതൃത്വത്തിലെ പ്രശ്നങ്ങൾക്കെതിരെ ആഞ്ഞടിച്ച് അഭിജിത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏൽപ്പിച്ച ആഘാത്തതിൽ നിന്നും അതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെയുണ്ടായ പ്രശ്നങ്ങളിൽ നിന്നും കോൺഗ്രസ് ഇനിയും മുക്തമായിട്ടില്ല. പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ മാറ്റം മുതൽ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണ്. നേതൃമാറ്റം എന്നതിലേക്ക് മാത്രം കോൺഗ്രസിലെ പ്രശ്നങ്ങൾ ഒതുങ്ങി പോകുന്നൊയെന്ന സംശയം പൊതുജനങ്ങൾക്ക് ഉണ്ടായി. അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള കാരണങ്ങളും നേതൃത്വത്തിലെ പ്രശ്നങ്ങളും കൃത്യമായി വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നേതാക്കളുടെ പ്രവർത്തനങ്ങളെയടക്കം വിമർശിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

തോൽവിയുടെ ഉത്തരവാദി
തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിത്വം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും മാത്രമല്ലെന്ന് അഭിജിത്ത് പറയുന്നു. ബൂത്ത് പ്രസിഡന്റ് മുതൽ മുകളിലേക്കുള്ള എല്ലാവർക്കും അതിൽ പങ്കുണ്ടെന്നും അഭിജിത്ത് നിരീക്ഷിക്കുന്നു. കോൺഗ്രസിലെ ഓരോ ഭാരവാഹികൾക്കും പരാജയത്തിന്റെ ഉത്തരവാദിത്വം ഉണ്ടെന്നും അഭിജിത് വ്യക്തമാക്കി.

ജംബോ കമ്മിറ്റികൾ ശാപം
ജംബോ കമ്മിറ്റികളാണ് കോൺഗ്രസിന്റെ ശാപമെന്നും അഭിജിത്ത്. ഇഷ്ടം പോലെ ഭാരവാഹികളുണ്ട്. പക്ഷേ ആർക്കും കാര്യമായ ഉത്തരവാദിത്തമല്ല. കോൺഗ്രസിൽ മാത്രമല്ല, പോഷകസംഘനകളിലും ജംബോ കമ്മിറ്റികളുടെ പ്രശ്നമുണ്ട്. കെഎസ്‌യു പ്രസിഡന്റായി ചുമതലയേറ്റിട്ടു നാലു വർഷമായി. ഇതുവരെ മുഴുവൻ അംഗങ്ങളെയും ചേർത്ത് ഒരു യോഗം ചേരാൻ പറ്റിയിട്ടില്ല. കെപിസിസിയിലും ഡിസിസികളിലുമെല്ലാം ഇതു തന്നെയല്ലേ അവസ്ഥയെന്നും അഭിജിത്ത് ചോദിക്കുന്നു.

15 പേർ മതി
കെപിസിസിക്ക് 15 ഭാരവാഹികളുടെ ആവശ്യമേയുള്ളു. എങ്കിലേ ഭാരവാഹിത്വത്തിന് വിലയും ഉത്തരവാദിത്തവും ഉണ്ടാകൂ. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണം. ബൂത്ത് കമ്മിറ്റിയെന്നാൽ തിരഞ്ഞെടുപ്പിനു വീടുകയറാനും സ്ലിപ് കൊടുക്കാനും വേണ്ടി മാത്രമുള്ള സംവിധാനമാണെന്ന ചിന്താഗതി നേതാക്കളും മാറ്റണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

പ്രഫഷണലാകാം
ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപ്പെടുന്നതാകണം രാഷ്ട്രീയ പ്രവർത്തനമെന്നും അഭിജിത്ത് വ്യക്തമാക്കി. "ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാന ഘടകം ബൂത്ത് കമ്മിറ്റികളാണ്. പാർട്ടി ക്ലാസുകളും പഠന ക്യാംപുകളും സംഘടിപ്പിക്കണം. തിരഞ്ഞെടുപ്പുകളെ പ്രഫഷണലായി സമീപിക്കണം. ചാരിറ്റി, പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടണം."

പാഠങ്ങൾ പഠിച്ചില്ല
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിളക്കമാർന്ന വിജയം നേടിയെങ്കിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും പാർട്ടി വലിയ തിരിച്ചടി നേരിട്ടിരുന്നു. ഈ തോൽവികളുടെ കാരണം വിലയിരുത്താതിരുന്നതാണ് നിയമസഭയിലും പരാജയം ആവർത്തിക്കാൻ കാരണമെന്നാണ് അഭിജിത്തിന്റെ പക്ഷം. "നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ പാലാ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ യുഡിഎഫ് തോറ്റു. അതു കഴിഞ്ഞു തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റു. ഈ തോൽവികൾക്കു ശേഷം അതിന്റെ കാരണം വിലയിരുത്താൻ നേതൃത്വം തയാറായിരുന്നെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പരാജയം സംഭവിക്കില്ലായിരുന്നു."

ഒന്നും തിരുത്തില്ല
കെപിസിസിക്ക് ഒരു രാഷ്ട്രീയ കാര്യസമിതിയില്ലേ? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പാർട്ടിയുടെ സംഘടനാസംവിധാനം ശക്തിപ്പെടുത്താനായി ആ സമിതി ഒരു യോഗം ചേർന്നിട്ടുണ്ടോ? ഓരോ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷവും, തോൽവിയുടെ കാരണം പഠിക്കും, തിരുത്തും എന്നെല്ലാം നേതാക്കൾ പറയും. പക്ഷേ ഒന്നും പഠിക്കില്ല, ഒന്നും തിരുത്തില്ല, ഈ പഠനവും തിരുത്തലും പറഞ്ഞു പറഞ്ഞു ക്ലീഷേ ആയി. സ്ഥാനാർഥികളെ തീരുമാനിക്കാൻ ഒരുമിച്ചിരിക്കുന്ന നേതാക്കൾ പാർട്ടി ശക്തിപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കാനും ഒരുമിച്ചിരിക്കണം.

ഒരുക്കങ്ങളിൽ നേതൃത്വം പരാജയം
അതേസമയം സ്ഥാനാർഥി നിർണയത്തിലുണ്ടായ അപകതകളെയും അഭിജിത്ത് ചൂണ്ടികാട്ടി. കേരളത്തിൽ ഏറ്റവും അവസാനം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതു കോൺഗ്രസാണ്. അൻപതിലേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിയെങ്കിലും അതിന്റെ ഗുണം കിട്ടാത്തതിന്റെ ഒരു കാരണം ഈ സമയക്കുറവാണെന്ന് അഭിജിത്ത് പറഞ്ഞു. 16 ദിവസമാണ് സ്ഥാനാർഥി എന്ന നിലയിൽ പ്രവർത്തിക്കാൻ സമയം കിട്ടിയത്. ഇത്രയും ദിവസത്തിനുള്ളിൽ ചെയ്യുന്നതിന് പരിധിയുണ്ടെന്നും തിരഞ്ഞെടുപ്പ് വരുമെന്ന് മുൻകൂട്ടി കണ്ടുള്ള ഒരുക്കങ്ങൾ നടത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യുവിലും പ്രശ്നം
കെപിസിസിയിലേതെന്ന പോലെ സമാനമായ പ്രശ്നങ്ങൾ കെഎസ്‌യുവിലും ഉണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കെഎസ്‌യു പുനഃസംഘടന നടത്താൻ ഞാൻ രണ്ടു വർഷമായി ആവശ്യപ്പെടുന്നു. നടക്കുന്നില്ല. ഒരു പണിയുമെടുക്കാത്ത ഭാരവാഹികളെപ്പോലും മാറ്റാൻ പറ്റില്ല. അവരെ സംരക്ഷിക്കാൻ നേതാക്കളുണ്ടാകും. യൂത്ത് കോൺഗ്രസിലും കോൺഗ്രസിലുമൊക്കെ ഇതു തന്നെയാണു സ്ഥിതി. എല്ലാവർക്കും ഭാരവാഹിത്വം വേണം. ചുമതലകൾ നിറവേറ്റാൻ ആർക്കും പറ്റില്ല എന്ന സ്ഥിതി മാറണമെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.

മടങ്ങിവരവ് ഇനിയും സാധ്യം
കോൺഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് തന്നെയാണ് അഭിജിത്തും വിശ്വസിക്കുന്നത്. വോട്ട് വിഹിതം പരിശോധിച്ചാൽ ഈ തോൽവിയിലും നങ്ങൾ കോൺഗ്രസിനെ കയ്യൊഴിഞ്ഞിട്ടില്ലെന്നു മനസിലാക്കാം. പാളിച്ചകൾ കണ്ടെത്തി തിരുത്തിയാൽ കോൺഗ്രസ് തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം












Click it and Unblock the Notifications