'ഇരുട്ടി വെളുക്കുമ്പോള്‍ പണക്കാരനാകാന്‍ 2 വഴി'; തമിഴ് വിടാതെ പികെ ഫിറോസിനെതിരെ കെടി ജലീല്‍
മലപ്പുറം: കെടി ജലീല്‍ എംഎല്‍എയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും തമ്മിലുള്ള പോര് മുറുകുന്നു. ജോലി ഇല്ലാത്ത പികെ ഫിറോസ് എങ്ങനെ സ്ഥലം വാങ്ങി വീടു വച്ചു എന്ന സംശയം പ്രകടിപ്പിച്ച് കെടി ജലീല്‍ ആദ്യം പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ വിജിലന്‍സിന് നല്‍കിയ പരാതി അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിന് ഫിറോസ് നല്‍കിയ മറുപടിയോട് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ജലീല്‍.
ജലീല്‍ പിച്ചും പേയും പറയുന്നു, തനിക്കെതിരെ കൊടുത്ത പഴയ പരാതികള്‍ എന്തായി, 2011ല്‍ 13 സെന്റ് സ്ഥലം വാങ്ങി-2013ല്‍ വീടുപണി തുടങ്ങി-2020ല്‍ പണി തീര്‍ത്തു, സിപിഎമ്മിലെ പ്രശ്‌നങ്ങള്‍, കേസ് തുടങ്ങിയ കാര്യങ്ങളെല്ലാം ആക്ഷേപത്തിലൂടെ സൂചിപ്പിച്ചാണ് പികെ ഫിറോസ് മറുപടി കുറിപ്പ് എഴുതിയത്. പുതിയ കേസ് തള്ളുമ്പോള്‍ പോലീസിനെയും ജഡ്ജിയെയും തെറി വിളിക്കരുത് എന്ന ഓര്‍മപ്പെടുത്തലും പികെ ഫിറോസിന്റെ വകയുണ്ട്.

നീ നെനച്ചാല്‍ എതുമേ മുടിയാത് അണ്ണാ എന്ന് പറഞ്ഞാണ് പികെ ഫിറോസ് തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്. ഇതിന് മറുപടിയായി ജലീല്‍ എഴുതിയ പുതിയ കുറിപ്പ് തുടങ്ങുന്നതും തമിഴിലാണ്. തമ്പീ നീ യാറുപ്പാ, അദാനിയോട അണ്ണനാ എന്ന് ചോദിച്ചാണ് ജലീലിന്റെ കുറിപ്പ്. എഴുത്ത് അവസാനിപ്പിച്ചതും തമിഴ് സിനിമാ സംഭാഷണം സൂചിപ്പിച്ചാണ്.
വീട്ടില്‍ പണം കായ്ക്കുന്ന മരമുണ്ടോ, കഞ്ചാവ് വിളയുന്ന തോട്ടമാണോ ഉള്ളത്, പണം തന്ന വ്യക്തിക്ക് എന്നാണ് തിരിച്ചുകൊടുത്തത്, ഇരുട്ടി വെളുക്കുമ്പോള്‍ എങ്ങനെ പണക്കാരനായി, എന്തുകൊണ്ട് പത്രക്കാരെ കാണുന്നില്ല, ഫിറോസിന്റെ നാട്ടിലെയും വിദേശത്തെയും അനധികൃത നിക്ഷേപങ്ങളുടെ തെളിവ് ശേഖരിക്കുന്നുണ്ട്... തുടങ്ങിയ കാര്യങ്ങളാണ് കെടി ജലീല്‍ പുതിയ കുറിപ്പില്‍ പറയുന്നത്.
കെടി ജലീലിന്റെ കുറിപ്പ് വായിക്കാം: തമ്പീ...നീ യാറുപ്പാ, അദാനിയോട അണ്ണനാ?
ഫിറോസിച്ചയുടെ വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ? അതോ കഞ്ചാവ് വിളയുന്ന തോട്ടമാണോ ഉള്ളത്? ഹരീഷ് വാസുദേവൻ്റെ അച്ഛനാണത്രെ സ്ഥലം വാങ്ങാൻ ഫിറോസിച്ചക്ക് പണം കൊടുത്തത്. എന്നാണ് ആ പണം അദ്ദേഹം തിരിച്ചു കൊടുത്തത്? കത്വ ഫണ്ട് സമാഹരണത്തിന് ശേഷമാണോ അതല്ല ദോതി ചാലഞ്ചിന് ശേഷമാണോ?
കൂലിയും വേലയും ഇല്ലാത്ത ആളുകൾ ഇരുട്ടി വെളുക്കുമ്പോഴേക്ക് പണക്കാരനാകണമെങ്കിൽ രണ്ടു വഴികളേ ഉള്ളൂ. ഒന്നുകിൽ മയക്കുമരുന്ന് കച്ചവടം അല്ലെങ്കിൽ വട്ടിപ്പലിശക്ക് കൊടുക്കൽ. ഇതിൽ ഏതാണ് പണമുണ്ടാക്കാൻ ഫിറോസിച്ച സ്വീകരിച്ചത്?| പത്രക്കാരെ അഭിമുഖീകരിക്കാൻ എന്താ ഫിറോസിച്ചക്ക് ഇത്ര മടി. ദിവസം നാലു പ്രാവശ്യം പത്രസമ്മേളനം നടത്താറുളള പതിവ് തെറ്റുകയാണല്ലോ?
സ്വന്തം വീട്ടിൽ മയക്കുമരുന്ന് കച്ചവടക്കാരൻ ഉണ്ടായിട്ട് അത് പോലീസിനെ അറിയിക്കാതെ മറച്ചുവെച്ച് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിപ്പുറപ്പെട്ട കപടൻമാരെ ലീഗുകാർ തിരിച്ചറിഞ്ഞു.
ഫിറോസിച്ചയുടെ നാട്ടിലെയും മറുനാട്ടിലെയും അനധികൃത നിക്ഷേപങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണ്. നല്ല ലീഗുകാർ തന്നെ അതെത്തിച്ചു തരുന്നുണ്ട്. ഫണ്ട് മുക്കിയും നാട്ടുകാരെ പറ്റിച്ചും സമ്പന്നനായവനെക്കൊണ്ട് അത് കക്കിച്ചേ അടങ്ങൂ.
NB: സ്ഥലം വാങ്ങാൻ പണം ആവശ്യമുള്ളവർ ഹരീഷ് വാസുദേവൻ്റെ അച്ഛനെ കണ്ടാൽ പലിശയില്ലാതെ പണം കിട്ടും.
"ഡേയ്, നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി"












Click it and Unblock the Notifications