കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി വിധിയും 80:20 അനുപാതവും പിന്നെ കുറേ ഗീർവാണങ്ങളും, പ്രതികരിച്ച് കെടി ജലീൽ

Google Oneindia Malayalam News

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ നിലനിന്നിരുന്ന 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ഈ അനുപാതം പുനര്‍നിശ്ചയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കവേ മുന്‍മന്ത്രി കെടി ജലീല്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഹൈക്കോടതി വിധിയും 80:20 അനുപാതവും പിന്നെ കുറേ ഗീർവാണങ്ങളും എന്ന തലക്കെട്ടിലാണ് കുറിപ്പ്: പാലൊളി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുപാതം പിന്നാക്കക്കാരായ മുസ്ലിങ്ങൾക്ക് 80%വും ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരായ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിതർക്കും 20% വും എന്ന തോതിൽ നിശ്ചയിച്ച് വിഎസ് സർക്കാരിൻ്റെ അവസാന കാലത്ത് 22.2.2011 ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തതായി മനസ്സിലാകുന്നത്.

മേൽ ഉത്തരവ് പ്രകാരം തന്നെയാണ് തുടർന്ന് വന്ന UDF സർക്കാരും മുസ്ലിം ക്രൈസ്തവ വിഭാഗങ്ങൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ അനുകൂല്യങ്ങൾ നൽകിയതും പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചതും. 100% മുസ്ലിങ്ങൾക്ക് അർഹതപ്പെട്ടതിൽ നിന്ന് 20% ക്രൈസ്തവരിലെ പിന്നോക്കക്കാർക്ക് നൽകിയതാണ് ഇപ്പോഴത്തെ കോടതി വിധിക്ക് കാരണമെന്ന് പറയുന്ന മുസ്ലിംലീഗ് ശുദ്ധ വങ്കത്തമാണ് വിളമ്പുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അവരുടെ മറ്റൊരു വാദം ന്യൂനപക്ഷ വകുപ്പല്ല മുസ്ലിം പിന്നോക്ക വകുപ്പാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് രൂപീകരിക്കേണ്ടത് എന്നാണ്. ഇത്തരമൊരു വാദം ലീഗിനുണ്ടെങ്കിൽ 2011 - 2016 കാലത്ത് അഞ്ചാം മന്ത്രിപദമടക്കം കോൺഗ്രസ്സിൻ്റെ കഴുത്തിൽ കത്തിവെച്ച് വാങ്ങിയിട്ടും ഒരു മുസ്ലിം പിന്നോക്ക വകുപ്പ് ഉണ്ടാക്കാൻ ലീഗ് എന്തേ മുതിർന്നില്ല?

ലീഗെപ്പോഴും അങ്ങിനെയാണ്. വണ്ടി പോയേ ടിക്കറ്റ് എടുക്കൂ. പ്ലാറ്റ് ഫോമിൽ നിൽക്കാൻ അത് കൊണ്ട് കഴിഞ്ഞേക്കും. ലക്ഷ്യസ്ഥാനത്ത് എത്താനാവില്ലെന്ന് ആർക്കാണ് അറിയാത്തത്? ലീഗിൻ്റെ ഈ കാപട്യം സമുദായം തിരിച്ചറിയാൻ ഒട്ടും അമാന്തിക്കരുത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 'കോച്ചിംഗ് സെൻ്റർ ഫോർ മുസ്ലിം യൂത്ത്' എന്ന PSC കോച്ചിംഗ് സെൻ്ററിൻ്റെ പേര് 'കോച്ചിംഗ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത്' എന്നാക്കി മാറ്റിയതാണ് പുതിയ കോടതി വിധിക്ക് കാരണമെന്ന് പറയുന്ന ലീഗ് - വെൽഫെയർ - സുഡാപ്പികളുടെ വാദം കുരുടൻമാർ ആനയെ തൊട്ട് അഭിപ്രായം പറഞ്ഞത് പോലെയാണ്. ഞാൻ ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരിക്കെയാണ് അത്തരമൊരു പേരുമാറ്റം ഉണ്ടായത്.

kt j

മുസ്ലിങ്ങളല്ലാത്ത ഇതര ന്യൂനപക്ഷ പിന്നോക്കവിഭാഗക്കാരും അവിടെ പഠിക്കുന്നു എന്നുള്ളത് കൊണ്ടാണ് അങ്ങിനെയൊരു പേരുമാറ്റത്തിന് വ്യക്തിപരമായി ഞാൻ തന്നെ മുൻകയ്യെടുത്ത് തീരുമാനിച്ചത്. പ്രസ്തുത കോച്ചിംഗ് സെൻ്ററുകൾ മുസ്ലിങ്ങൾക്ക് മാത്രമാണെന്ന തെറ്റിദ്ധാരണയിൽ അർഹരായ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നോക്കക്കാർക്ക് അപേക്ഷിക്കാൻ കഴിയാതെ പേകുന്നത് ഒഴിവാക്കാനും അവർക്ക് അവകാശപ്പെട്ട 20% ക്വാട്ടയിൽ ചേരാൻ അത്തരം വിഭാഗങ്ങളിലെ കുട്ടികൾക്ക് അവസരം ഇല്ലാതാകുന്നത് തടയാനുമായിരുന്നു അങ്ങിനെയൊരു തീരുമാനമെടുത്തത്. കോടതി വിധിക്ക് ആധാരം മുസ്ലിമിന് പകരം ന്യൂനപക്ഷ എന്നാക്കി പരിശീലന കേന്ദ്രത്തിൻ്റെ പേരുമാറ്റിയതാണെങ്കിൽ CH മുഹമ്മദ് കോയ കോളർഷിപ്പിനും, മദർതരേസ സ്കോളർഷിപ്പിനും പ്രൊഫ: മുണ്ടശ്ശേരി സ്കോളർഷിപ്പിനും ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിക്കും സേട്ടു സാഹിബ് ഉർദു സ്കോളർഷിപ്പിനും എപിജെ അബ്ദുൽകലാം സ്കോളർഷിപ്പിനും ഹൈക്കോടതി വിടുതൽ നൽകുമായിരുന്നില്ലേ? ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ് ഇത്തരം അടിസ്ഥാന രഹിതമായ വാദങ്ങൾ.

UDF കാലത്ത് 80:20 അനുപാതത്തിൽ മിണ്ടാതിരിക്കുകയും LDF ഭരണത്തിൻ്റെ അവസാന സമയത്ത് സർക്കാരിനെതിരെ മുസ്ലീം ക്രൈസ്തവ വിഭാഗങ്ങളെ തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസ്സിൻ്റെയും ലീഗിൻ്റെയും ചില ഇടതുപക്ഷ വിരുദ്ധ ക്രൈസ്തവ സംഘടകളുടെയും അധികാരക്കൊതി മൂത്ത കൗശലം ആരും കാണാതെ പോകരുത്. ഹൈന്ദവ സമുദായത്തിലെ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ഈഴവർക്കും എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങൾ തങ്ങൾക്കും പങ്കുവെച്ച് കിട്ടണമെന്ന് പറഞ്ഞ് ഹൈന്ദവരിലെ മുന്നോക്ക ജാതിക്കാർ കോടതിയെ സമീപിച്ചാൽ ജനസംഖ്യാനുപാതികമായി അവയെല്ലാം പകുത്തു നൽകണമെന്ന് ഏതെങ്കിലും കോടതി വിധിക്കുമോ?

Recommended Video

cmsvideo
Pinarayi Vijayan supports Prithviraj | Oneindia Malayalam

ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ നൽകപ്പെടുന്ന ആനുകൂല്യങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് അനുവദിക്കുന്നതിൽ അപേക്ഷകരിലെ യോഗ്യത മാത്രമാണ് മാനദണ്ഡമാക്കിയിട്ടുള്ളത്. എന്നാൽ ന്യൂനപക്ഷങ്ങളും അതേസമയം പിന്നോക്കക്കാരുമായവർക്ക് അവകാശപ്പെട്ടത് അതിനർഹരല്ലാത്ത ന്യൂനപക്ഷങ്ങളിലെ മുന്നോക്കക്കാർക്ക് വീതിച്ചു നൽകണമെന്ന അഭിപ്രായം ഒരു നിലക്കും ന്യായീകരിക്കാവതല്ല. പറ്റിയ പിശകുകൾ ബന്ധപ്പെട്ടവർ തിരുത്തുമെന്നാണ് എൻ്റെ വിശ്വാസം. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദം തകർക്കാൻ ഒരു തീപ്പൊരിക്ക് കഴിഞ്ഞേക്കും. എന്നാൽ അത് സൃഷ്ടിക്കുന്ന തീ കുണ്ഡത്തിൽ എരിഞ്ഞമരുന്നവരെ രക്ഷിക്കാൻ സമുദ്രങ്ങളിലെ മുഴുവൻ വെള്ളം കോരിയൊഴിച്ചാലും ഒരുപക്ഷേ സാധിച്ചുകൊള്ളണമെന്നില്ല'.

English summary
KT Jaleel reacts to High Court order on scholarship proportion to minorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X