'നബിയെ കെടി ജലീല്‍ എകെജിയോട് തുലനം ചെയ്തു'; രണ്ടത്താണിയുടെ വിമർശനത്തിന് മറുപടിയുമായി ജലീല്‍
തിരുവനന്തപുരം: മുഹമ്മദ് നബിയും കമ്മ്യൂണിസ്റ്റ് നേതാവായ എകെജിയും ഒരു പോലെയെന്ന് പറഞ്ഞെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ ടി ജലീല്‍ എം എല്‍ എ. മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടാത്താണി ഉള്‍പ്പടേയുള്ളവരുടെ വിമർശനത്തിനായിരുന്നു ജലീലിന്റെ മറുപടി. ചില കുബുദ്ധികളുടെ ദുർവ്യാഖ്യാനത്തിൽ താങ്കളും പെട്ടു പോയതാണെന്ന് തോന്നുന്നു. നമ്മുടെ പലരും, എഴുതിയതല്ല എഴുതാപ്പുറമാണ് വായിക്കാൻ മിടുക്കർ എന്ന് അങ്ങയോട് പ്രത്യേകം പറയേണ്ടതില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഇരുവരും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണ്. ഇതാണ് ഞാൻ പറഞ്ഞത്. അല്ലാതെ ദൈവദൂതനായ മുഹമ്മദ് നബിയും ഇന്ത്യയിലെ പാവങ്ങളുടെ പടത്തലവനായ എ കെ ജി യും ഒരു പോലെയാണ് എന്നല്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രിയപ്പെട്ട എന്റെ ഇപ്പോഴത്തെയും സുഹൃത്ത് അബ്ദുറഹിമാൻ രണ്ടത്താണി അറിയാൻ,
അങ്ങ് എനിക്കായി അയച്ച മുഖപുസ്തകക്കത്ത് വായിച്ചു. വസ്തുത താഴെ പറയും പ്രകാരമാണ്. ബി ജെ പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത്: "പ്രായമായ മുഹമ്മദ് നബി കുട്ടിയായ ആയിശയെ വിവാഹം ചെയ്ത് ബാല പീഢനം നടത്തി"
കോൺഗ്രസ് നേതാവ് ബൽറാം എ കെ ജി യെ കുറിച്ച് പറഞ്ഞത്: "പ്രായമായ എ കെ ജി ബാലികയായ സുശീലയെ വിവാഹം ചെയ്ത ബാലപീഢകനാണ്". ഇരുവരും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണ്. ഇതാണ് ഞാൻ പറഞ്ഞത്. അല്ലാതെ ദൈവദൂതനായ മുഹമ്മദ് നബിയും ഇന്ത്യയിലെ പാവങ്ങളുടെ പടത്തലവനായ എ കെ ജിയും ഒരു പോലെയാണ് എന്നല്ല.
രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ

ചില കുബുദ്ധികളുടെ ദുർവ്യാഖ്യാനത്തിൽ താങ്കളും പെട്ടു പോയതാണെന്ന് തോന്നുന്നു. നമ്മുടെ പലരും, എഴുതിയതല്ല എഴുതാപ്പുറമാണ് വായിക്കാൻ മിടുക്കർ എന്ന് അങ്ങയോട് പ്രത്യേകം പറയേണ്ടതില്ലല്ലോ? സ്നേഹത്തിൻ്റെയും പരമത സഹിഷ്ണുതയുടെയും നിറകുടമായ മുഹമ്മദ് നബിയെ ഇകഴ്ത്തുന്നവരുടെ പട്ടികയിൽ ഭൂതക്കണ്ണാടി വെച്ച് നോക്കിയാലും എൻ്റെ പേര് കാണില്ല. താങ്കളുടെ മുന്നണിയിലുള്ളവരുടെയും മുന്നണിക്ക് പുറത്തുള്ള ഒക്കച്ചങ്ങാതിമാരുടെയും പേരുകൾ അക്കൂട്ടത്തിൽ വരാതെ നോക്കാൻ ജാഗ്രത കാണിച്ചാൽ നന്നാകും.

ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മോശമല്ലാതെ കൊണ്ടു പോകുന്ന തിരക്കിലും ഞാൻ "വഴി തെറ്റി പോകുമോ" എന്ന ആശങ്ക താങ്കളെ 'വേദനിപ്പിച്ചതി'ൽ സന്തോഷമുണ്ട്. എൻ്റെ എഴുത്തുകളുമായും പ്രസംഗങ്ങളുമായും ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇത്തരം കുറിപ്പുകളിലൂടെ യഥാസമയം മേലിലും തീർക്കുമെന്ന പ്രതീക്ഷയോടെ-കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.

സി പി എം എന്ന രാഷ്ട്രീയ പാർട്ടിയുടെ കാലം ചെയ്ത നേതാവും അള്ളാഹുവിന്റെ പ്രവാചകനും സമാനമായി അങ്ങേക്ക് തോന്നുന്നുവെങ്കിൽ അങ്ങയെകുറിച്ച് ദുഖിക്കാൻ മാത്രമേ കഴിയൂ എന്നായിരുന്നു രണ്ടത്താണിയുടെ വിമർശനം. രണ്ടത്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വിമർശനക്കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ശ്രീ കെ ടി ജലീൽ എം എൽ എ അറിയുന്നതിനു
അങ്ങയുടെ മുൻ കാല സഹ പ്രവർത്തകനായ അബ്ദുറഹിമാൻ രണ്ടത്താണി എഴുതുന്നത്. അങ്ങയുടെ പ്രസംഗ പാടവവും ചരിത്രാവബോധവും അവതരണ ശൈലിയുമൊക്കെ അസൂയയുളവാക്കിയിരുന്നു.
സർവ്വാനുഗ്രഹിയായ പ്രാവചകൻ മുഹമ്മദ് നബി (സ) യെ അങ്ങ് പുതിയ തലമുറക്ക് പരിചയപ്പെടുത്തിയിരുന്നത് വിശ്വ വിമോചകൻ എന്ന സന്ദേശം പകർന്നു നൽകി കൊണ്ടായിരുന്നു. പക്ഷെ ഇന്ന് വി ടി ബലറാമിനു ഫേസ് ബുക്ക് പേജിൽ നൽകിയ ഒരു മറുപടിയിൽ മുഹമ്മദ് നബി(സ) യെ അങ്ങ് സഖാവ് എ കെ ജി യോട് തുലനം ചെയ്തത് കാണാനിടയായി. സി പി എം എന്ന രാഷ്ട്രീയ പാർട്ടിയുടെ കാലം ചെയ്ത നേതാവും അള്ളാഹുവിന്റെ പ്രവാചകനും സമാനമായി അങ്ങേക്ക് തോന്നുന്നുവെങ്കിൽ അങ്ങയെകുറിച്ച് ദുഖിക്കാൻ മാത്രമേ കഴിയൂ..

അരുതായിരുന്നു ഈ പരാമർശം. നമ്മെ പോലുള്ളവർ ഈ ശൈലി സ്വീകരിച്ചാൽ സൽമാൻ റുഷ്ദിമാരുടേയും നുപുർ ശർമ്മമാരുടേയും എണ്ണം പെരുകാനേ ഉപകാരപ്പെടുകയുള്ളു. പ്രവാചക നാമം നിസ്സാരവൽക്കരിക്കുന്നവരുടെ പട്ടികയിൽ കെ ടി ജലീൽ എന്ന അങ്ങയുടെ പേരു രേഖപ്പെട്ടു പോകരുതെന്ന് എന്റെ മനസ്സ് ആഗ്രഹിക്കുന്നു. തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചാണകം ചാരി നിൽക്കുന്നത് കൊണ്ട് ചന്ദനത്തിന്റെ ഗന്ധം നഷ്ടപ്പെടാതിരിക്കാൻ നോക്കണം.












Click it and Unblock the Notifications