'എംബാപ്പെ നീണാൽ വാഴട്ടെ, എംബാപ്പെയുടെ നിറവും', എമിലിയാനോയെ ഓർത്ത് ലോകം ലജ്ജിക്കുന്നെന്ന് ജലീൽ
കോഴിക്കോട്: മൂന്ന് ദശാബ്ദക്കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന്റെ നിറം കെടുത്തിയിരിക്കുകയാണ് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഫ്രാന്‍സിന്റെ യുവ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് നേരെ നടത്തിയ അധിക്ഷേപം. കിരീടവുമായി അര്‍ജന്റീനയില്‍ എത്തിയ ടീമിന്റെ വിക്ടറി പരേഡിനിടെ മാര്‍ട്ടിനസ് എത്തിയത് എംബാപ്പെയുടെ മുഖം പതിപ്പിച്ച കുഞ്ഞിന്റെ പാവയുമായിട്ടാണ്. മെസി അടക്കമുളളവരുടെ സാന്നിധ്യത്തിലായിരുന്നു ഈ പരിഹാസം.
നേരത്തെ ഫൈനലിന് ശേഷം ഡ്രസ്സിംഗ് റൂമിലെ ആഘോഷത്തിനിടെയും എംബാപ്പെയെ മാര്‍ട്ടിനസ് പരിഹസിച്ചിരുന്നു. എല്ലാവരും പാട്ട് പാടി നൃത്തം ചെയ്യുന്നതിനിടെ ഒരു മിനുട്ട് എംബാപ്പെയ്ക്ക് വേണ്ടി മൗനം ആചരിക്കാം എന്നായിരുന്നു മാര്‍ട്ടിനസിന്റെ പരിഹാസം. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലേത് അടക്കം നാല് ഗോളുകള്‍ നേടി എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. എമിലിയാനോ മാര്‍ട്ടിനസിന്റെ പെരുമാറ്റത്തിന് എതിരെ ശക്തമായ വിമര്‍ശനം ആണ് ഉയര്‍ന്ന് വരുന്നത്.

കെടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' മിസ്റ്റർ എമിലിയാനോ മാർട്ടിനസ്, താങ്കൾക്ക് എംബാപ്പയെ കളിയാക്കാൻ എന്തവകാശം? താങ്കളുടെ പോസ്റ്റിലേക്ക് 4 ഗോളുകൾ അടിച്ചുകയറ്റിയ പ്രതിഭാധനനായ കളിക്കാരനാണ് എംബാപ്പെ. തൻ്റെ പത്തൊൻപതാം വയസ്സിൽ ഫ്രാൻസ് ലോകകപ്പ് സ്വന്തമാക്കിയപ്പോൾ നെപ്പോളിയൻ്റെ പട നയിച്ച സൈന്യാധിപനാണ് എംബാപ്പെ. ആയുസ്സുണ്ടെങ്കിൽ ഇനിയും മൂന്ന് ലോക കപ്പുകൾക്ക് ബാല്യമുള്ള കാൽപ്പന്തു കളിയിലെ കൊടുങ്കാറ്റിൻ്റെ രൗദ്രത കാൽപാദത്തിൽ ഒളിപ്പിച്ചുവെച്ച ഷൂട്ടറാണ് എംബാപ്പെ.
ഹേ എമിലിയാനോസ്, എംബാപ്പെയുടെ നിറമാണ് താങ്കളിലെ വർണ്ണവെറിയനെ അലോസരപ്പെടുത്തുന്നതെങ്കിൽ ഓർക്കുക. വരാനിരിക്കുന്ന ലോകകപ്പുകൾ തൊലി കറുത്തവരുടേത് കൂടിയാകും. പെലെയും ഹിഗ്വിറ്റയും സാമുവൽ ഏറ്റുവും സാദിയോ മാനെയും യൂനുസ് മൂസയും വിൻസൻ്റ് അബൂബക്കറും ലിലിയൻ തുറാമും ബുക്കായോ സാക്കയും വിനീഷ്യസ് ജൂനിയറും അൽഭുതങ്ങൾ സൃഷ്ടിച്ച മൈതാനങ്ങളിൽ കാൽപ്പന്തു കൊണ്ട് ചാട്ടുളി തീർക്കാൻ എംബാപ്പെ ഇനിയും ഒരുപാട് കാലം അങ്കച്ചേകവരായി കളിത്തട്ടിലുണ്ടാകും.
ഒളിമ്പിക്സ് മെഡലുമായി സന്തോഷാരാവത്തിൽ ഒരു ഹോട്ടലിൽ കയറിയ എക്കാലത്തെയും വലിയ ബോക്സിംഗ് ചാമ്പ്യൻ മുഹമ്മദലിയോട് "ഇവിടെ കറുത്തവർക്ക്" ഭക്ഷണം വിളമ്പാറില്ലെന്ന് നിഷ്കരുണം പറഞ്ഞു തൊലി വെളുത്ത വെയ്റ്റർ. ആ വെള്ളപ്പിശാചിൻ്റെ മുഖത്തേക്ക് മെഡൽ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന കറുത്ത വർഗ്ഗക്കാരനെ, അല്ലയോ എമിലിയാനോ, താങ്കൾ ഓർക്കുന്നത് നല്ലതാണ്. മിസ്റ്റർ മാർട്ടിനസ്, മെസ്സിയെന്ന ഇതിഹാസ താരത്തെയോർത്ത് മാലോകർ അഭിമാനിക്കുന്ന അതേ അളവിൽ അങ്ങയെ ഓർത്ത് ഫുട്ബോൾ ലോകം ലജ്ജിക്കുന്നു. എംബാപ്പെ നീണാൽ വാഴട്ടെ. എംബാപ്പെയുടെ നിറവും.












Click it and Unblock the Notifications