'പ്രശ്‌നങ്ങള്‍ പരിഹരിക്കും'; എന്‍സിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് ചുമതലയേറ്റു
കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ചുമതലയേറ്റു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുന്‍ അധ്യക്ഷന്‍ പിസി ചാക്കോയുടെ അസാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുത്തത്. എന്‍സിപിയിലുള്ള വിഷയങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പാര്‍ട്ടിയില്‍ പുനഃസംഘടന ഉണ്ടാകുമെന്നും ചുമതല ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹം മാധ്യമപ്രവത്തകരോട് പ്രതികരിച്ചു.
എന്‍സിപിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കുമെന്നും പാര്‍ട്ടിയില്‍ നിന്ന് ഒന്നും എടുക്കാന്‍ അല്ല കൊടുക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും തോമസ് കെ തോമസ് പറഞ്ഞു.
നീണ്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പാര്‍ട്ടി അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റത്. പിസി ചാക്കോ ചടങ്ങില്‍ പങ്കെടുക്കാതെ പോയത് എന്ത്കൊണ്ടാണെന്ന ചോദ്യത്തിന് അക്കാര്യം അദ്ദേഹത്തോട് ചോദിക്കാനായിരുന്നു തോമസ് കെ തോമസിന്റെ മറുപടി. അദ്ദേഹത്തിന് ഉണ്ടായ ബുദ്ധിമുട്ട് എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പങ്കെടുക്കാതിരുന്നത് ഒരു വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. പാര്‍ട്ടി സംബന്ധമായ കാര്യങ്ങളില്‍ ഇനി ഒറ്റയ്ക്ക് തീരുമാനം എടുക്കില്ല. കമ്മറ്റി കൂടിയായിരിക്കും തീരുമാനങ്ങള്‍ സ്വീകരിക്കുക.

ആന്റണി രാജു തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും അത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തെളിവുണ്ടെങ്കില്‍ കേസ് കൊടുക്കാനും തയ്യാറാണെന്നും തോമസ് കെ തോമസ് പറഞ്ഞു. എന്‍സിപിയില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. ചില വിഷയങ്ങള്‍ ഉള്ളത് പരിഹരിക്കപ്പെടുമെന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണം. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആകുമെന്നാണ് വിശ്വസിക്കുന്നതെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.
പിസി ചാക്കോ തീരുമാനങ്ങള്‍ എടുത്തതിരുന്നത് ഒറ്റയ്ക്കായിരുന്നുവെന്നും കൂടെ നിന്നവര്‍ പറയുന്നത് അതേപടി വിശ്വസിക്കുന്ന സ്വാഭാവമാണ് അദ്ദേഹത്തിനെന്നും നേരത്തെ തോമസ് കെ തോമസ് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, പിസി ചാക്കോ രാജി വച്ചതിനു പിന്നാലെ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് എകെ ശശീന്ദ്രന്‍ ശരത് പവാറിന് ഇമെയില്‍ സന്ദേശം അയച്ചിരുന്നു.












Click it and Unblock the Notifications