ബുധനാഴ്ച വാഹനം പുറത്തിറക്കിയാല്‍ 500 രൂപ പിഴ; നടക്കാം അല്ലെങ്കില്‍ സൈക്കിള്‍, വിചിത്ര പരിഷ്‌കാരം
കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ വിചിത്ര പരിഷ്‌കാരം. ആഴ്ചയില്‍ ഒരിക്കല്‍ വാഹനം നിരത്തില്‍ ഇറക്കരുത്. നടക്കുകയോ സൈക്കിളില്‍ യാത്ര ചെയ്യുകയോ ആകാം. ദ്വീപ് നിവാസികളുടെ ആരോഗ്യ സംരക്ഷണം കൂടി കണക്കിലെടുത്താണ് പരിഷ്‌കാരം എന്ന് കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
എല്ലാ ബുധനാഴ്ചയും നോ വെഹിക്കിള്‍ ഡെ ആയി ആചരിക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. വാഹനം നിരത്തില്‍ ഇറക്കുന്നവര്‍ക്ക് 500 രൂപ പിഴ ലഭിക്കുമെന്നും ഉത്തരവിലുണ്ട്. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടെ ഇത്തരം വിചിത്ര ഉത്തരവ് ഇറക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ലെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.

സമീപകാലത്ത് ലക്ഷദ്വീപില്‍ ഭരണകൂടം നടപ്പാക്കിയ പല പരിഷ്‌കാരങ്ങളും വിവാദമായിരുന്നു. തേങ്ങയിടലിന് മുന്‍കൂട്ടി അനുമതി വാങ്ങണം എന്ന നിര്‍ദേശം നേരത്തെ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് എന്ന് ചൂണ്ടിക്കാട്ടി തീരദേശത്തെ കുടിലുകളും മറ്റും പൊളിച്ചുനീക്കിയതും വിവാദമായി. അതിനിടെയാണ് പുതിയ ഉത്തരവ്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാം...
36 ദ്വീപുകള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപ്. ഇതില്‍ 10 ദ്വീപുകളിലാണ് ജനവാസമുള്ളത്. ചില ദ്വീപുകളില്‍ ഇപ്പോള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണ് ഭരണകൂടം. ചില ദ്വീപുകളില്‍ വിഐപി ടൂറിസ്റ്റുകള്‍ക്ക് മാത്രമായുള്ള കേന്ദ്രങ്ങളും നിര്‍മിക്കുന്നുണ്ട്. എന്നാല്‍ ലക്ഷദ്വീപില്‍ ഉടനീളം എല്ലാ ബുധനാഴ്ചയും വാഹന നിരോധന ദിവസമായിരിക്കും എന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
സൈക്കിള്‍ ഉപയോഗിക്കാം, അല്ലെങ്കില്‍ നടക്കാം
ഉത്തരവ് ലംഘിച്ച് വാഹനം നിരത്തില്‍ ഇറക്കിയാല്‍ 500 രൂപ പിഴയിടുമെന്നും ഉത്തരവില്‍ പറയുന്നു. അതേമയം, അംഗപരിമിതര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അടിയന്തര വൈദ്യ സഹായം ആവശ്യമുള്ളവര്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് ഇളവ് നല്‍കുമെന്നും ഉത്തരവിലുണ്ട്. ദ്വീപ് നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് പുതിയ നിയന്ത്രണം എന്ന് ഉത്തരവില്‍ വിശദമാക്കുന്നു.
മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നതിന് പകരമായി സൈക്കിള്‍ എല്ലാ ബുധനാഴ്ചയും ഉപയോഗിക്കാം. അല്ലെങ്കില്‍ നടക്കാം. അതുവഴി ആരോഗ്യ സംരക്ഷിക്കാം എന്നാണ് നിര്‍ദേശം. വാഹനങ്ങളില്‍ നിന്നുള്ള പുക മലിനീകരണം കുറയ്ക്കുകയും ലക്ഷ്യമാണ്. എല്ലാവരും പുതിയ ഉത്തരവിനോട് സഹകരിക്കണം എന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ മാസം 25 മുതലാണ് പുതിയ ഉത്തരവ് നിലവില്‍ വരിക.
ലക്ഷദ്വീപ് പോലെയുള്ള സവിശേഷമായ പ്രദേശത്ത് ദ്വീപ് നിവാസികളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും പരിഗണിക്കാതെ ബുധനാഴ്ചകളിൽ 'നോ വെഹിക്കിൾ ഡേ' ആയി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications