മുസ്ലീം സമുദായത്തിലെ വലിയൊരു വിഭാഗവും ഏകീകൃത സിവില്‍ കോഡിന് അനുകൂലം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിനും സിപിമ്മിനുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ നിന്നും ഇരുപാർട്ടികളും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ അപരിഷ്‌കൃതമായ നിയമങ്ങളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവില്‍ നിയമം എന്ന ആശയം മുന്നോട്ട് വച്ചത്. മുസ്ലീം സമുദായത്തില്‍ വലിയ വിഭാഗം ഏകീകൃത സിവില്‍ നിയമത്തിന് അനുകൂലമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
ഏകീകൃത സിവില്‍ നിയമത്തിന് വേണ്ടി നേരത്തെ ശക്തമായി വാദിച്ച പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസിലെ പലരും ദേശീയതലത്തില്‍ പോലും ഏകീകൃത സിവില്‍ നിയമത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വോട്ട് ബാങ്കില്‍ കണ്ണുനട്ടാണ് സിപിഎമ്മും കോണ്‍ഗ്രസും ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കുന്നത്. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും കേരളത്തില്‍ മത ധ്രുവീകരണമുണ്ടാക്കാനുമാണ് ഇരുവരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ബി ജെ പി സംസ്ഥാനത്ത് പ്രചാരണ പരിപാടികള്‍ നടത്തും. ഇതിന്റെ ഭാഗമായി സെമിനാറുകളും സംവാദങ്ങളും സമ്പര്‍ക്ക പരിപാടികളും നടത്തും. സ്വന്തം പെണ്‍മക്കള്‍ക്ക് തങ്ങളുടെ പൈതൃക സ്വത്തവകാശത്തില്‍ തുല്യത ഉറപ്പുവരുത്താന്‍ വലിയ വിഭാഗം കിട്ടാന്‍ നിരവധി രക്ഷിതാക്കള്‍ താല്പര്യപ്പെടുന്നുണ്ട്.
മുത്തലാഖിനെ ശക്തമായി എതിര്‍ക്കാന്‍ നല്ലൊരു വിഭാഗം മുസ്ലിം വനിതകളും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇവര്‍ പിന്മാറണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഏകീകൃത സിവില്‍ കോഡ് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ഒരു വിഷയം അല്ലെന്ന് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വണ്‍ഇന്ത്യ മലയാളത്തോടായി വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളിലുമുള്ള അപരിഷ്കൃതമായ നിയമങ്ങള്‍ പരിഷ്കരിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ എല്ലാ പൗരന്മാർക്കും തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ നിയമങ്ങളില്‍ 95 ശതമാനവും അങ്ങനെ തന്നെയാണ്. ശേഷിക്കുന്ന ഒരു അഞ്ച് ശതമാനത്തില്‍ മാത്രമാണ് സിവില്‍ നിയമങ്ങള്‍ വ്യത്യാസപ്പെട്ട് കിടക്കുന്നത്. ഇതില്‍ ഗ്രോത്ര വിഭാഗങ്ങളുടെ നിയമങ്ങള്‍, ക്രിസ്ത്യന്‍ സമുദായത്തിലെ പിന്തുടർച്ചാവകാശം പോലുള്ളവ, മുസ്ലിം സമുദായത്തിലെ വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളും വരുന്നു. ഇത് ഒരു വിവേചനമാണ്. പണ്ട് എല്ലാ പാർട്ടികളും ഏതെങ്കിലും ഒരു കാലത്ത് ഏകീകൃത സിവില്‍ കോഡിന് വേണ്ടി വാദിച്ചവരാണെന്ന കാര്യം നാം മറക്കരുത്.












Click it and Unblock the Notifications