നേമത്ത് സിപിഎമ്മിൻ്റെയും യുഡിഎഫിൻ്റെയും മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി: വി മുരളീധരൻ
പൂജപ്പുര: നേമത്ത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് സിപിഎമ്മിൻ്റെയും യുഡിഎഫിൻ്റെയും മത്സരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലൗ ജിഹാദ് ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. പ്രണയം നടിച്ച് പെൺകുട്ടികളെ മതം മാറ്റുന്നത് ഗൗരവത്തോടെ കാണണമെന്ന് KCBC ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘടനകളും ആവശ്യപ്പെടുന്നു. കേരളത്തിലെ ക്രൈസ്തവ സമുദായത്തിൻ്റെ ആശങ്കയാണ് ജോസ് കെ മാണി പറഞ്ഞത്.
ആദ്യം സ്വതന്ത്ര അഭിപ്രായം പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ വിരട്ടലിൽ ജോസ് കെ മാണി അഭിപ്രായം മാറ്റി. എന്നാൽ ബി.ജെ.പിക്ക് ഇക്കാര്യത്തിൽ ഒരു നിലപാട് മാത്രമേ ഉള്ളൂവെന്നും ഭീകരവാദികളെ പേടിച്ച് സാമൂഹ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യരുത് എന്നല്ല ബി.ജെ.പിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വികസനം എന്നതാണ് നരേന്ദ്ര മോദിയുടെ നയം. എൻ.ഡി. എ സർക്കാരിന് എല്ലാ മേഖലകളിലും മാറ്റം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. കേന്ദ്ര സർക്കാരിലൂടെ ഉണ്ടായ വികസന പുരോഗതി കേരളത്തിനും ലഭിക്കാൻ നേമത്ത് കുമ്മനത്തിന് വോട്ട് രേഖപ്പെടുത്തുന്നതിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലൗ ജിഹാദ് വിഷയം സമൂഹത്തില്‍ ചര്‍ച്ചയാകുന്നുവെന്നും അതുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണം എന്നുമാണ് നിലവില്‍ ഇടത് മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പ്രതികരിച്ചത്. എല്‍ഡിഎഫില്‍ നിന്നും ലൗ ജിഹാദ് വിഷയത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിലപാട് എന്നത് തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ വിവാദമായിരിക്കുകയാണ്. ജോസ് കെ മാണിക്കെതിരെ സിപിഐ രംഗത്ത് വന്നിട്ടുണ്ട്. വിവാദമായതോടെ ജോസ് കെ മാണി പ്രസ്താവന തിരുത്തി. താനും പാര്‍ട്ടിയും ഇടത് മുന്നണി നിലപാടിനൊപ്പമാണ് എന്നാണ് പിന്നീട് ജോസ് കെ മാണി പ്രതികരിച്ചത്.