ബിജെപി- യുഡിഎഫ് കൂട്ടുകെട്ട് പരാജയപ്പെടും, എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ബിജെപി- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എൽഡിഎഫിന് ജനങ്ങൾ തുടർ ഭരണം സമ്മാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്ന് കോടിയേരി ആരോപിച്ചു. കഴിഞ്ഞ ലോകസഭാ സമ്മേളനത്തിലും ഈ മാറ്റം പ്രകടമാണ്. സംസ്‌ഥാന സർക്കാരിനെ അസ്‌ഥിരപ്പെടുത്താനും അട്ടിമറിക്കാനുമാണ് ഇവിടെ സമരമെന്നപേരിൽ അക്രമങ്ങൾ നടത്തുന്നത്. ജനങ്ങളെ സംശയനിഴലിലാക്കാനാണ് അവർ ശ്രമിക്കുന്നത്.
സമരങ്ങൾക്ക് ജനശ്രദ്ധ ലഭിക്കാതായപ്പോൾ അവർ അക്രമവുമായി മുന്നോട്ടുപോയി. അതൊന്നും ജനങ്ങൾക്കിടയിൽ വിലപോകില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. ഓരോ വീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സർക്കാരാണ് ഭരണത്തിലുള്ളത്. ഇത്തരത്തിലുള്ള മറ്റേത് സർക്കാർ ഇന്ത്യയിലുണ്ട് . കോവിഡ് കാലത്തും ജനം പട്ടിണിയില്ലാതെ കഴിയുന്നത് അതുകൊണ്ടുകൂടിയാണ്. ഇനിയും നാലുമാസം ഈ ഭക്ഷ്യകിറ്റുകൾ വീടുകളിൽ എത്തുമെന്നും കോടിയേരി പറഞ്ഞു.

പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഒരു എംഎൽഎ ആവശ്യപ്പെട്ടതുകൊണ്ടുമാത്രം വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരെ സിബിഐ കേസ് എടുക്കുമോ എന്ന് ചോദിച്ച കോടിയേരി എന്തുകൊണ്ട് സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായം ചോദിച്ചില്ലെന്നും ആരാഞ്ഞു. ടൈറ്റാനിയം കേസ് പോലെ കേരളത്തിലെ ഗവർമെൻറ് ആവശ്യപ്പെട്ട കേസുകൾ പോലും സിബിഐ ഏറ്റെടുത്തിട്ടില്ല.
ഇവിടെ എംഎൽഎ ആവശ്യപ്പെട്ട ഉടനെ കേസ് ഏറ്റെടുത്തത് സദുദ്ദേശപരമല്ല. ഇതിന് പിന്നിലെല്ലാം രാഷ്‌ട്രീയ തീരുമാനമുണ്ട്. സർക്കാരിനെ അസ്‌ഥിരപെടുത്തണമെന്നുള്ള ബിജെപി-യുഡിഎഫ് നീക്കമാണ് ഇതിന് പിന്നിൽ എന്നും കോടിയേരി ആരോപിച്ചു. യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കെതിരെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയും എല്‍ഡിഎഫ് നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ബഹുജനകൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.












Click it and Unblock the Notifications