യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇടിച്ച് തകർക്കാൻ കരുത്തുണ്ട്, തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ്
കൊച്ചി: 99 സീറ്റ് നേട്ടം 100ലേക്ക് ഉയര്‍ത്താന്‍ ഉറപ്പിച്ചാണ് എല്‍ഡിഎഫ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര എന്നതാണ് എല്‍എഡിഎഫിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ്. യുഡിഎഫ് പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും. സിപിഎം ജില്ലാ കമ്മിറ്റിയംഗം കെഎസ് അരുൺ കുമാറിനാണ് സ്ഥാനാർത്ഥി പട്ടികയിൽ മുൻതൂക്കം. കെ റെയിൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൃക്കാക്കരയിൽ സിപിഎമ്മിന് വിജയം അനിവാര്യമാണ്.
തൃക്കാക്കരയിൽ ഇടതുമുന്നണി വിജയിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. 'മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽഡിഎഫിൻ്റേത്. കേരളം വികസന കുതിപ്പിലാണ്. സംസ്ഥാനത്ത് എൽഡിഎഫ് സീറ്റ് നില മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എൽഡിഎഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല. കെ റെയിൽ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും. സിൽവർ ലൈൻ ജനവികാരം എൽഡിഎഫിന് അനുകൂലമാക്കും'. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ചു തകർക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ടെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

തൃക്കാക്കര മണ്ഡലം ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണ് മന്ത്രി പി രാജീവ് പറഞ്ഞു.' തീർച്ചയായും ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തൃക്കാക്കരയിൽ അവതരിപ്പിക്കും. നിലവിൽ 99 സീറ്റുകളാണ് ഇടതുപക്ഷത്തിന് കേരള നിയമസഭയിലുള്ളത്, അത് 100ലേക്ക് എത്തിക്കുക എന്നതാണ് ഉപതെരഞ്ഞെടുപ്പിലെ പ്രധാനലക്ഷ്യം. വികസനം ആഗ്രഹിക്കുന്ന ഏതൊരാളും തൃക്കാക്കരയിൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്'.
'ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറപ്പാണ് ഇടതുപക്ഷം എന്ന് പറഞ്ഞുവെങ്കിൽ ഇത്തവണ ഉറപ്പാണ് തൃക്കാക്കര എന്ന് പറയുന്നതും ഇതേ ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്. ഈ തെരഞ്ഞെടുപ്പില്‍ വികസനത്തിന്റെ രാഷ്ട്രീയം ഉയർത്തിക്കാട്ടി ഇടതുപക്ഷം ജനങ്ങൾക്കിടയിലേക്കിറങ്ങും. വികസനമായിരിക്കും തൃക്കാക്കരയിലെ ജനങ്ങൾ ചര്‍ച്ച ചെയ്യുന്നത്'. രണ്ടാം ഇടതുപക്ഷ സർക്കാർ കേരളത്തിലുടനീളം നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുമെന്നും വികസനത്തിന് എതിര് നില്‍ക്കുന്നവരെ തള്ളിക്കളയുമെന്നുമുള്ള ജനവിധിയായിരിക്കും തൃക്കാക്കരയിലെ ജനങ്ങൾ വിധിക്കാൻ പോകുന്നത് എന്നും പി രാജീവ് വ്യക്തമാക്കി.












Click it and Unblock the Notifications